യൂറോപ്യൻ ഫുട്‌ബോളിൽ ആവേശത്തിരയിളക്കത്തോടെ മത്സരങ്ങൾ കൊഴുക്കുകയാണ്. ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനൽ ടീമുകൾ വ്യക്തമായികഴിഞ്ഞു. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമാണ് മുഖാമുഖം കാണുന്നത്. ഫൈനൽ മത്സരത്തിൽ വരേണ്ടവരെന്ന് കരുതാവുന്നവരാണ് രണ്ടു ടീമുകളും. അടുത്ത സെമിയിൽ എസി മിലാനും ഇന്റർ മിലാനുമാണ് എതിരാളികൾ. രണ്ട് പതിറ്റാണ്ട് മുമ്പ് ചാമ്പ്യൻസിൽ ഏറ്റുമുട്ടിയതിന് ശേഷം ഇതാദ്യമായാണ് വീണ്ടും കാണുന്നത്. മേയ് മാസം മധ്യത്തിലാണ് സെമിഫൈനൽ.
മാഞ്ചസ്റ്റർ സിറ്റിയും ബയേണും തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. 4–1 എന്ന വ്യക്തമായ മാർജിനിലാണ് സിറ്റി ജയിച്ചു കയറിയത്. റയലും ചെൽസിയും തമ്മിലും തുല്യമായ പോരാട്ടമായി, 4–2നാണ് ചെൽസിയെ റയൽ കീഴടക്കിയത്. ഫൈനലിൽ കടക്കാൻ യോഗ്യതയുള്ളവരാണ് 4 ടീമുകളും. അതിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്നത് റയലിനോ സിറ്റിക്കോ ആണ്. എന്നാൽ ഇതുവരെ നടന്ന കളികൾ മുഴുവനും അട്ടിമറികൾ നിറഞ്ഞതാണ്. വമ്പന്മാരായ മെസിയുടെ പിഎസ്ജിയെ അട്ടിമറിച്ചാണ് ബയേൺ ക്വാർട്ടറിൽ എത്തിയത്. അവർ തന്നെയാണ് എതിരില്ലാത്ത മൂന്നു ഗോളിന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റത്. രണ്ടാം പാദത്തിൽ തോൽപ്പിച്ചുവെങ്കിലും ആദ്യത്തെ തോൽവിയുടെ മാർജിൻ നികത്താനായില്ല. ആത്മവിശ്വാസവും കളിയും ഒന്നിച്ചുചേർന്നാലേ വിജയിക്കാനാകുകയുള്ളു.
നിഗമനങ്ങളിൽനിന്ന് മാറി നഗ്നയാഥാർത്ഥ്യത്തിലേക്ക് കടന്ന് ചെല്ലുമ്പോൾ ടീമുകളുടെ യഥാർത്ഥ രൂപം വ്യക്തമാകും. ലിവർപൂൾ ശക്തരാണ്. മുഹമ്മദ് സലയുടെ ഗോൾനേട്ടം അവരെ വൻവിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ തോൽവിയിൽ മുങ്ങിയ ലിവർ, ലീഡ്‌സ് യുണൈറ്റഡിനെ അരഡസൻ ഗോളിനാണ് തകർത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 47 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ലിവർ നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇപ്പോഴും ആഴ്സണൽ ഒന്നാം സ്ഥാനത്താണ്. അവർക്ക് 32 മത്സരങ്ങളിൽ 75 പോയിന്റുണ്ട്. മറ്റ് ടീമുകളിൽ ആരും 32 കളികൾ പിന്നിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി 30 കളികളിൽ 70 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡ് 59 പോയിന്റുമായി മൂന്നാംസ്ഥാനത്തുണ്ട്. അവരും 30 കളികള്‍ മാത്രമേ കളിച്ചിട്ടുള്ളു. ലിവർപൂൾ 30 കളികളിൽ നിന്നും 47 പോയിന്റാണ് നേടിയത്. ഫുട്‌ബോൾ കളി ലോകം മുഴുവൻ ആസ്വദിക്കുന്ന ജനകീയ കായിക കലയാണ്. സ്പോർട്സ്മെൻ സ്പിരിറ്റ് ഫുട്‌ബോളിൽ കണിശമായി നിലനിൽക്കുന്നു. വിജയ പരാജയങ്ങളുടെ പേരിൽ നടക്കുന്ന വഴക്കുകൾ അപുർവമാണ്. കളിക്കളത്തിൽ നടത്തുന്ന ഫൗളുകൾക്ക് ഗ്രൗണ്ടിൽതന്നെ പരിഹാരം ഉണ്ടാകും. റഫറിമാരുടെ ഇടപെടൽ പലപ്പോഴും കടുത്തതാകും. എന്നാൽ കളിക്കാർ തമ്മിലുള്ള കയ്യാങ്കളിയെ കർശനമായി നേരിടാറുണ്ട്. മഞ്ഞ കാർഡും ചുവപ്പ് കാർഡും മാത്രമല്ല, ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള അധികാരവും റഫറിക്കുണ്ട്. മാത്രമല്ല ഗ്രൗണ്ടിൽ നടന്ന മോശമായ സംഭവങ്ങൾ റിപ്പോർട്ടു ചെയ്താൽ കടുത്ത നടപടികൾ തന്നെ സ്വീകരിക്കാം.
അടുത്ത ദിവസങ്ങളിലായി നടന്ന രണ്ടു സംഭവങ്ങൾ ഫുട്‌ബോൾ പ്രേമികളുടെ മനസിൽ വ്യഥസൃഷ്ടിക്കുന്നതാണ്. കാരണം കളിക്കുന്ന 22 താരങ്ങളും ജനമനസുകളിൽ കുടിയിരുത്തപ്പെടുന്നവരാണ്. ഏഴാം കടലിനക്കരെയും ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുള്ള മനുഷ്യരും കളി ആസ്വാദകരാണ്. അവർ കളിക്കാരെ സ്നേഹിക്കുന്നത് കളിയിൽ കൂടിയാണ്. അങ്ങനെയുള്ള കളിക്കാർ മാന്യത നിലനിർത്തണമെന്ന നിർബന്ധമുള്ളവരാണ്. കളിയിൽ ഫൗൾ ചെയ്യുന്നത് സാധാരണമാണ്. ചിലപ്പോൾ റഫറി ആ ഫൗൾ കണ്ടില്ലെന്ന് വരാം. 1966ൽ ലോകകപ്പിൽ കഠിനമായ ഫൗളിന് വിധേയനായി ഗ്രൗണ്ടിൽ നിന്നും പുറത്ത് പോകേണ്ടിവന്ന ഫുട്‌ബോൾ രാജാവ് പെലെ പിന്നീട് പറഞ്ഞത്, ‘ഞാനതിനെപ്പറ്റി പിന്നീട് ചിന്തിച്ചില്ല’ എന്നാണ്.
കളിയിൽ നടന്നത് അവിടെ തീർന്നു. മറഡോണ ദൈവത്തിന്റെ ഗോളിലാണ് ലീഡ് ചെയ്തത്. പന്ത് കൈകൊണ്ട് തട്ടിയാണ് ഗോളാക്കിയതെന്ന് റഫറി കണ്ടില്ല. അത് ഗോളായി വിധിച്ചു. പക്ഷെ, മറ്റൊരു ഗോളടിച്ചു പ്രായശ്ചിത്തം ചെയ്ത മറഡോണ, ലോകത്തോട് സത്യസന്ധമായി പ്രതികരിച്ചതാണ് ‘ദൈവത്തിന്റെ കൈ പ്രയോഗം’. കളിയിൽ കാണുന്ന തെറ്റുകൾ തടയാൻ നിയമമുണ്ട്. അതിന് പകരം കളിക്കാർ നടത്തുന്ന ബലപ്രയോഗം അനാശാസ്യമാണ്.
ഒരു സംഭവം നടന്നത് ചാമ്പ്യൻസ് ലീഗിലെ മത്സരത്തിന് ശേഷം സഹതാരത്തോട് നടത്തിയ കയ്യാങ്കളിക്കാണ് ഇപ്പോൾ അച്ചടക്ക നടപടികൾ പൂർത്തിയാക്കി അവസാന ഘട്ടത്തിൽ എത്തിയത്. ഒരേ ടീമിലെ കളിക്കാർ തന്നെയാണ്, തമ്മിൽത്തല്ലിയത്. ആഫ്രിക്കൻ താരപ്രതിഭയായ സാദിയോ മാനെയാണ് പ്രധാന പ്രതി. സഹതാരമായ ലിറോയ് റാനെയാണ് മറ്റൊരു പ്രതി. ബയേൺ മ്യൂണിക്ക് സിറ്റിയുമായുളള ചാമ്പ്യൻസ് ലീഗിന്റെ ആദ്യ ക്വാർട്ടറിലായിരുന്നു സംഭവം. ക്ലബ്ബ് ഇതിൽ കർശനമായ നടപടിക്കാണ് തീരുമാനിച്ചത്. മാനെക്ക് കളിയിൽ സസ്‌പെൻഷനും കനത്ത പിഴയുമെന്നാണ് വാർത്തകൾ.
വിവാദങ്ങളെ ഒപ്പം കൂട്ടി റൊണാള്‍ഡോ
യൂറോപ്യൻ ഫുട്‌ബോളിലെ മോശമായ വാർത്തകൾക്ക് പിന്നാലെയാണ് സൗദി അറേബ്യയിലെ മറ്റൊരു വലിയ വാർത്ത പുറത്തെത്തിയത്. അതിൽ പ്രധാനനായകൻ ലോകതാരമായാലോ? ലോകഫുട്ബോളിലെ താരനിരയിലെ പ്രധാനിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് പ്രധാന നായകൻ. അദ്ദേഹം കളിച്ചു കൊണ്ടിരിക്കുന്ന അൽ നസർ ക്ലബ്ബും അൽഹിലാൽ ക്ലബ്ബും തമ്മിലുള്ള മത്സരത്തിൽ നസർ ക്ലബ്ബിന്റെ മുഖ്യ താരമായ റൊണാൾഡോ ഒരു പന്തുമായി മുന്നേറുമ്പോൾ പ്രതിരോധിക്കാൻ ശ്രമിച്ച അൽഹിലാൽ ഡിഫന്ററുടെ കഴുത്തിനു പിടിച്ച് തള്ളി. ആ താരം നിലത്തുവീണു. തുടർന്ന് അൽഹിലാൽ താരങ്ങൾ റഫറിയോട് പ്രതിഷേധമറിയിച്ചു.
റഫറി മഞ്ഞക്കാർഡ് കാണിച്ചു. അതോടെ കളിയിലെ നടപടികൾ അവസാനിച്ചു. കളികാണാനെത്തിയവർ ഇതിൽ റൊണാൾഡോയ്ക്കെതിരെ പ്രതിഷേധവും മെസിക്ക് അനുകൂല ശബ്ദങ്ങളും ഉയര്‍ത്തി. ഈ സമയം റൊണാള്‍ഡോ കുപിതനായി അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നാണ് വാർത്ത. ലോകഫുട്ബോളിലെ ഏറ്റവും സീനിയറായ കളിക്കാരനാണ് റൊണാൾഡോ. കളിയുടെ ശൈലികൊണ്ട് ലോകം ആദരിക്കുന്ന കളിക്കാരന്റെ ഇത്തരം സ്വഭാവദൂഷ്യം ആരാധകരുടെ മനസില്‍ കറുത്ത പാടായി മാറുന്നതും കാണേണ്ടിവരും.
ബ്ലാസ്റ്റേഴ്സിന് പിഴച്ചതെവിടെ?
സൂപ്പര്‍ കപ്പ് ഫൈനൽ ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സിന് സെമികാണാതെ നിരാശരായി പുറത്താകേണ്ടിവന്നു. പേരുകൊണ്ടും പ്രശസ്തികൊണ്ടും കളികൊണ്ടും ജനമനസുകളിൽ സ്ഥാനംപിടിച്ചവർക്ക് കഴിഞ്ഞ തവണത്തെ സംഭവങ്ങളുടെ വിങ്ങൽ മാറാതെ കിടക്കുകയാണ്. ഇറങ്ങിപ്പോക്ക് വരുത്തിയ മാനസിക സംഘർഷം കളിയിലുടനീളം ബാധിച്ചിരുന്നുവെന്നതാണ് സത്യം. നേതൃത്വം കൊടുത്ത വുകോമനോവിച്ച് പത്തു കളിയിൽ നിന്നും പുറത്തായതും ലൂണ ഉൾപ്പെടെയുള്ള താരങ്ങളുടെ അഭാവവും മനോധൈര്യത്തിന്റെ കുറവും മഞ്ഞകുപ്പായക്കാരെ കാര്യമായി ബാധിച്ചിരിക്കാം. എന്തായാലും പ്രശസ്തിയുടെ ഉന്നതിയിൽ നിന്നുള്ള ഇറക്കംപോലെ ഈ പുറത്തു പോകൽ ടീമിനെ ബാധിച്ചുവെന്നതാണ് ശരി.
21, 22 സീസണിൽ ഫൈനലിലും 22, 23 സീസണിൽ പ്ലേ ഓഫും കളിച്ചു ലോകമാകെ ആരാധകവൃന്ദമുള്ള ബ്ലാസ്റ്റേഴ്സിന് എവിടെ പിഴച്ചുവെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. 70ലെ ലോകകപ്പിൽ വിജയക്കൊടി ചൂടിയ ബ്രസീലിന്റെ വിജയകഥ പെലെ പറഞ്ഞിട്ടുണ്ട്. ഫുട്‌ബോൾ കളി ഒരു ജീവഹാനി ഇല്ലാത്ത യുദ്ധമാണ്. തന്ത്രങ്ങൾ വളരെ പ്രധാനവും സൂക്ഷ്മവുമാണ്. വിജയം ഉറപ്പാക്കാൻ കഠിനാദ്ധ്വാനം ചെയ്യണം. ഇത്തവണ ഫിഫകപ്പ് സ്വന്തമാക്കിയ മെസിയുടെ വാക്കുകളും ഇവിടെ പ്രസക്തമാണ്. പത്രങ്ങളുടെ മുന്നിൽ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നിമിഷങ്ങൾ വിജയിച്ചു നിൽക്കാം. ജയിക്കാൻ കണിശതയോടെ കളിക്കണം. ബംഗളൂരു ടീമിനെ മുഖ്യശത്രുവായി കണ്ട് കളിച്ച രീതിയാണ് അപകടം വിതച്ചത്. പുതിയ സീസണിൽ ആരാധകരുടെ മനസിൽ നിറയുന്ന തരത്തിലുള്ള ടീമിനെ ഒരുക്കുവാൻ സംഘാടകർക്ക് കഴിയണം.
English Summary: European football
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.