സിനിമാ നടനെന്നതിലുപരി ഉറച്ചതും ധീരവുമായ നിലപാടുകളായിരുന്നു മാമുക്കോയയെ ശ്രദ്ധേയനാക്കിയത്. ഉറച്ച മതവിശ്വാസിയായിരിക്കുമ്പോൾ തന്നെ മതത്തിലെ അനാചാരങ്ങൾക്കെതിരെ സംസാരിക്കാൻ അദ്ദേഹം ഒരിക്കലും ഭയന്നില്ല. താനൊരു മുസ്ലീമാണെങ്കിലും നിങ്ങൾ വിചാരിക്കുന്നതുപോലുള്ള ഒരു മുസ്ലീമല്ല താനെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. മനുഷ്യൻമാർക്ക് കലയും നാടകവും സിനിമയുമെല്ലാം ഹറാമാണെന്ന് പറയുന്ന ഒരു വിഭാഗം പണ്ഡിതൻമാരുണ്ട്. കലാകാരൻമാര് കാഫറാണ് എന്നാണവരുടെ അഭിപ്രായം. അവരുടെ കൂട്ടത്തിൽ നമ്മളില്ല. നമ്മളെ ദീനിൽ കലാകാരൻമാർക്ക് വലിയ സ്ഥാനമുണ്ട്. ഇവിടുത്തെ ചില ആളുകള് അവരുടെ വിവരമില്ലായ്മകൾ കൊണ്ട് കൂട്ടിയുണ്ടാക്കിയ ഒന്നാണ് ഇപ്പോഴത്തെ മതം എന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
മാമുക്കോയ ചെറുപ്പത്തിലേ ഒത്തു പഠിച്ചിരുന്നു. വീട്ടിൽ മാതാവ് എപ്പോഴും കുത്ത് വിളക്ക് കത്തിച്ചുവെക്കുമായിരുന്നു. ആ വെളിച്ചത്തിലാണ് അവർ ഓത്തും നിസ്ക്കാരവുമൊക്കെ ചെയ്തിരുന്നത്. മുസ്ലീങ്ങൾ നിലവിളക്ക് കത്തിക്കാൻ പാടില്ലെന്ന് ഒരു വിഭാഗം മതപണ്ഡിതൻമാര് ഫത് വ ഇറക്കിയപ്പോൾ താൻ തന്റെ പാവം ഉമ്മയെ ഓർത്തുപോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കുത്ത് വിളക്കിന്റെ വെളിച്ചത്തിലായിരുന്നു താൻ ഖുർ ആൻ ഓതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടിക്കാലത്ത് ചിത്രങ്ങൾ വരയ്ക്കുമ്പോൾ മൗലവിമാർ വഴക്കുപറയുമായിരുന്നു. ചിത്രം വരച്ചാലും ഫോട്ടോ എടുത്താലും നരകത്തിൽ പോവുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇവരെല്ലാം ഫോട്ടോ എടുക്കാൻ തുടങ്ങിയതിനെയും മാമുക്കോയ പരിഹസിച്ചിരുന്നു. ഹജ്ജിന് പോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ ആവശ്യമായി വന്നപ്പോഴാണ് ഹറാം മാറി ഹലാലായതെന്നായിരുന്നു മാമുക്കോയയുടെ പരിഹാസം. ഇപ്പോൾ ഫ്ളക്സ് ബോർഡുകളിൽ വരെ മൗലവിമാരുടെ ഒരാൾ വലിപ്പത്തിലുള്ള ഫോട്ടോകളാണ് കാണാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ കാരണരുതെന്ന മതനേതാക്കളുടെ ശാസനയ്ക്കെതിരെയും മാമുക്കോയ ധീരമായി സംസാരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഖുർ ആനിൽ ഒരു വാക്കുപോലുമില്ല. സിനിമ കാണരുത് എന്ന് നമ്മുടെ പണ്ഡിതൻമാര് പറയുന്നത് ഏത് കിത്താബിനെ അടിസ്ഥാനമാക്കിയാണെന്നും ചോദിച്ച അദ്ദേഹം ഇന്ന് ഏറ്റവുമധികം മൈക്ക് ഉപയോഗിക്കുന്നവർ മുസ്ലീങ്ങളാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കുറച്ചുകാലം സുന്നീ ടൈംസ് എന്നൊരു പത്രത്തിന്റെ സർക്കുലേഷൻ മാനേജറായി മാമുക്കോയ ജോലി ചെയ്തിരുന്നു. സർക്കുലേഷൻ മാനേജർ എന്നു പറഞ്ഞാൽ അഡ്രസെഴുതി ആളുകൾക്ക് പത്രം അയയ്ക്കലായിരുന്നു പണി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ് പത്രം നടത്തിയിരുന്നത്. ജോലി ചെയ്യുമ്പോഴും രഹസ്യമായി മാമുക്കോയ നാടകത്തിൽ അഭിനയിക്കുവാൻ പോകുമായിരുന്നു. പുള്ളിക്കുപ്പായം എന്ന നാടകത്തിൽ അഭിനയിക്കുമ്പോൾ പത്രത്തിന്റെ ഓഫീസിലേക്ക് ഓരോ നാടകത്തിന്റെ നോട്ടീസ് എത്തിച്ചു. ഹറാമായ നാടകത്തിൽ അഭിനയിച്ചതിന് ഒരു മൗലവി വഴക്ക് പറഞ്ഞു. ഒടുവിൽ സുന്നീ ടൈംസിൽ നിന്ന് മാമുക്കോയ പുറത്താവുകയായിരുന്നു. മുഖം മറയ്ക്കുന്ന പർദ്ദയ്ക്കെതിരെയും മാമുക്കോയ ധീരമായി സംസാരിച്ചിട്ടുണ്ട്. ബുർഖ ഇട്ടോളിൻ പക്ഷെ കണ്ണും മൂക്കും കെട്ടണോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മക്കളെ കഴിയുന്നതും കലാകാരൻമാരായി വളർത്തണമെന്നായിരുന്നു അദ്ദേഹത്തിന് എല്ലാവരോടും പറയാനുണ്ടായിരുന്നത്. കലാകാരൻമാർക്ക് വർഗീയവാദം കുറയുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഹിന്ദുവായ ഒരു വയലാർ ഒരു പാട്ടെഴുതുന്നു. ക്രിസ്ത്യാനിയായ ഒരു യേശുദാസ് അത് പാടുന്നു. മുസ്ലീമായ ഒരു മമ്മൂട്ടി അതിൽ അഭിനയിക്കുന്നു. ഈ മൈത്രി മതത്തിൽ കാണാൻ കഴിയില്ല. പള്ളിയിൽ മുസ്ലീങ്ങൾ മാത്രം, ചർച്ചിൽ ക്രിസ്ത്യാനികൾ, അമ്പലത്തിൽ ഹിന്ദുക്കൾ. എന്നാൽ തിയേറ്ററുകളിൽ എല്ലാ ജാതി മതസ്ഥരുമുണ്ട്. അവർ ഒരുമിച്ച് ചിരിക്കുന്നു. കരയുന്നു. കയ്യടിക്കുന്നു. എല്ലാ കലാവേദികളിലും ഈ ഒരുമയുണ്ട്. എന്നാൽ നാല് മത പണ്ഡിതൻമാർക്ക് ഇക്കാലത്ത് ഒരു വേദിയിലിരിക്കാൻ പറ്റില്ല. അവര് തമ്മിൽ അഭിപ്രായ വ്യത്യാസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭക്ഷണക്കാര്യത്തിൽ ഉൾപ്പെടെ വർഗീയത കലർത്തുന്നതിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നു. ബീഫ് വിഷയത്തിൽ ഉൾപ്പെടെ അതിശക്തമായ നിലപാടായിരുന്നു മാമുക്കോയയുടേത്.
English Summary;An artist with different attitudes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.