4 March 2026, Wednesday

ദേശീയപാത നിര്‍മ്മാണം ഇഴയുന്നു: പ്രതിദിന നിർമ്മാണവേഗത 30.11 കിലോമീറ്റര്‍ മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 10:45 pm

രാജ്യത്തെ ദേശീയപാത നിര്‍മ്മാണങ്ങള്‍ ഇഴയുന്നു. പ്രതിദിനം ശരാശരി 30 കിലോമീറ്റർ ഹൈവേനിർമ്മാണം മാത്രമാണ് നടക്കുന്നത്. പ്രതിദിനം 60 കിലോമീറ്റര്‍ വേഗത്തില്‍ നിര്‍മ്മാണം നടപ്പിലാക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. 2022–23 സാമ്പത്തിക വർഷം രാജ്യത്ത് 12,500 കിലോമീറ്റർ ദൂരത്തിൽ ദേശീയപാത നിർമ്മിക്കുമെന്നായിരുന്നു കേന്ദ്ര റോഡ് ഗതാഗത‑ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനം. എന്നാൽ വാക്കുകള്‍ കടലാസിലൊതുങ്ങി. പ്രതീക്ഷിച്ചതിലും കുറവ് ദൂരമേ മന്ത്രാലയത്തിന് 2023 മാർച്ച് 31 വരെ പൂർത്തീകരിക്കാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ സാമ്പത്തികവർഷം 10,993 കിലോമീറ്റർ ദേശീയപാത മാത്രമാണ് മന്ത്രാലയം നിർമ്മിച്ചത്. 

ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിലെ പ്രതിദിന ഹൈവേ നിർമ്മാണ നിരക്ക് 20.99 കിലോമീറ്റർ മാത്രമായിരുന്നു. 2020–21 സാമ്പത്തിക വർഷം രാജ്യത്ത് 37 കിലോമീറ്റർ പ്രതിദിന ഹൈവേ നിർമാണം നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ത്വരിതഗതിയിലാണ് നിര്‍മ്മാണം നടക്കുന്നതെങ്കിലും പ്രതീക്ഷിച്ച വേഗത കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
ഇന്ത്യയുടെ റോഡ് ശൃംഖല ഏകദേശം 63.73 ലക്ഷം കിലോമീറ്ററാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. ചരക്കുകളുടെ സഞ്ചാരം, സാധാരണക്കാരുടെ യാത്ര എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക‑സാമൂഹിക‑സാംസ്‌കാരിക വികസനത്തിലും ജീവിതനിലവാരത്തിലും വലിയ പങ്കാണ് ദേശീയ പാതകള്‍ വഹിക്കുന്നത്. 

2014–15 മുതല്‍ 2021–22 കാലഘട്ടത്തിനിടെ ദേശീയ പാത വികസനം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അവകാശപ്പെടുന്നു. 2014–15ല്‍ ഇന്ത്യയില്‍ ആകെ 97,830 കിലോമീറ്റര്‍ ദേശീയ പാതയാണ് ഉണ്ടായിരുന്നത്. 2023 മാര്‍ച്ച്‌ ആയപ്പോഴേക്കും ഇത് 145,155 കിലോമീറ്ററായി വികസിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. എന്നാല്‍ 2020–21, 2021–22 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 13,327 കിലോമീറ്റർ, 10,457 കിലോമീറ്റർ വീതമാണ് ദേശീയപാതകളുടെ നിർമ്മാണം നടന്നിട്ടുള്ളത്.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചിട്ടും നിർമ്മാണവേഗതയുടെ വാർഷിക റിപ്പോർട്ടുകൾ പുറത്തുവിടാനും കേന്ദ്ര റോഡ് ഹൈവേ മന്ത്രാലയം വൈകുകയാണ്. പദ്ധതികള്‍ വൈകുന്നതായി ആക്ഷേപമുയര്‍ന്നതിനാല്‍ മാര്‍ച്ചില്‍ റെക്കോ‍ഡ് വേഗത്തില്‍ നിര്‍മ്മാണം നടപ്പാക്കിയിരുന്നു. പ്രതിദിനം 78 കിലോ മീറ്റർ വേഗത്തിൽ ദേശീയപാതാ നിർമ്മാണം നടന്നുവെന്നാണ് സൂചന. എങ്കിലും കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തീകരിക്കാൻ വകുപ്പ് പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: High­way con­struc­tion drags on: Dai­ly con­struc­tion speed is only 30.11 km

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.