23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 29, 2024
June 19, 2024
March 30, 2024
February 12, 2024
December 5, 2023
April 30, 2023
April 30, 2023
February 15, 2023
November 8, 2022
July 28, 2022

കപ്പലുടമകൾ ഒമ്പത് ലക്ഷം രൂപ പിഴയടയ്ക്കണം: ഇന്ത്യൻ നാവികരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

Janayugom Webdesk
കൊച്ചി
April 30, 2023 8:59 am

ക്രൂഡ് ഓയിൽ മോഷണവും അതിർത്തി ലംഘനവും അടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി നൈജീരിയയിൽ ജയിലിൽ അടച്ച മലയാളികൾ അടക്കം 16 ഇന്ത്യൻ നാവികരുടെ മോചനത്തിന് കളമൊരുങ്ങുന്നു. ഇവർ ഒമ്പത് മാസത്തിലേറെയായി തടവിലാണ്. എണ്ണ മോഷണം ആരോപിച്ചാണ് നൈജീരിയൻ നാവിക സേന കപ്പലടക്കം പിടികൂടിയത്. നൈജീരിയന്‍ കോടതി നാവികരെ കുറ്റ വിമുക്തരാക്കിയതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്. വി വിജിത്ത്, സനു ജോസ്, മിൽട്ടൻ എന്നിവരാണ് തടവിലുള്ള മലയാളികൾ. 16 ഇന്ത്യക്കാരുൾപ്പെടെ 26 നാവികരാണ് തടവിലുള്ളത്.
കപ്പലുടമകൾ ഒമ്പത് ലക്ഷം രൂപ പിഴയടയ്ക്കണം. വൻ തുക നഷ്ടപരിഹാരമായി നൽകുകയും വേണമെന്ന് കോടതി നിർദേശിച്ചു. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുറ്റവിമുക്തരായെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാൻ രണ്ടാഴ്ചയിലേറെ സമയം ഇനിയും എടുക്കും. ഇതെല്ലാം തീർന്ന ശേഷമേ നാവികർക്ക് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിക്കൂ. എങ്കിലും ഒമ്പത് മാസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് എണ്ണ മോഷണം ആരോപിച്ച് നൈജീരിയൻ നാവിക സേന കപ്പൽ പിടിച്ചെടുത്തത്. പിന്നാലെ വിചാരണ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. 

ഒഎസ്എം മാരിടൈം നോർവേ എന്ന കമ്പനിക്ക് കീഴിലുള്ള ഹീറോയിക് ഇഡുൻ എന്ന എണ്ണക്കപ്പലാണ് കുരുക്കിൽ പെട്ടത്. ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എകെപിഒ ടെർമിനലിൽ ക്രൂഡ് ഓയിൽ നിറയ്ക്കാൻ വന്നകപ്പൽ ക്രൂഡ് ഓയിൽ മോഷണത്തിന് വന്നതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തത്.
ഗിനിയന്‍ തീരത്ത് പിടിയിലായ കപ്പലും നാവികരെയും നൈജീരിയൻ തീരത്തേക്ക് മാറ്റുകയായിരുന്നു. നൈജീരിയൻ നേവിയുടെ നിർദേശം മറികടന്ന് ഗിനിയിലേക്ക് കടന്നതാണ് കപ്പലിന് വിനയായത്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടിരുന്നു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയായിരുന്നു. ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകിയിരുന്നത്.

നൈജീരിയയുടെ നിഗർ ഡെൽറ്റ് ഓയിൽ മൈനിൽ നിന്നും ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് കപ്പൽ അധികൃതർക്കെതിരായി ആരോപിക്കപ്പെടുന്ന കുറ്റം. ഓഗസ്റ്റ് മാസം അപ്കോ ഓയിൽ ഫീൽഡിലെ സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഹീറോയിക് ഇഡുൻ കപ്പൽ പ്രവേശിച്ചു എന്നതാണ് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. നൈജീരിയയിൽ ഓഗസ്റ്റ് 17ന് എത്താൻ ഹീറോയിക് ഇഡുൻ എന്ന കപ്പലിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് ഏഴിന് ഈ കപ്പൽ അവരുടെ സമുദ്ര മേഖലയിൽ കയറി. ഇതാണ് നൈജീരിയൻ നേവിയുടെ പരിശോധനയ്ക്ക് കാരണം. 

Eng­lish Sum­ma­ry: Shipown­ers to pay Rs 9 lakh fine: Paving the way for release of Indi­an sailors

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.