17 December 2025, Wednesday

Related news

December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 23, 2025
November 18, 2025
November 10, 2025
November 8, 2025
November 8, 2025
October 30, 2025

നാട്യം വേദതുല്യം

രാജേഷ് രാജേന്ദ്രന്‍
May 3, 2023 9:52 am

ഒരു ലോക നൃത്തദിനംകൂടി കടന്നുപോയി. പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജീന്‍ ജോര്‍ജ്ജ് നൊവേറാ എന്ന നര്‍ത്തകന്റെ ജന്മദിനമാണ് ഏപ്രില്‍ 29. 1727ല്‍ ജനിച്ച് 1810ല്‍ അവസാനിച്ച മഹത്തായ ജീവിതമാണ് ലോകനൃത്ത രൂപത്തിനായി മാറ്റിവയ്ക്കപ്പെട്ടത്. തന്റെ ഓരോ ജന്മദിനത്തിലും പുതിയ നൃത്താശയങ്ങളും അതിന്റെ അവതരണത്തിനുമായി മാറ്റിവച്ചു. ആധുനിക ലോക നൃത്തരൂപത്തിന് ജീന്‍ ജോര്‍ജ് നൊവേറായുടെ സവിശേഷമായ സംഭാവനകള്‍ പ്രശംസനീയമായി തുടരുന്നു.
സാംസ്‌കാരിക ഭാരതത്തിന്റെ നാട്യകലയുടെ ഉറവിടം ഭരതമുനിയില്‍ ആരംഭിക്കുന്നതാണ്. നാട്യവേദം പഞ്ചവേദത്തില്‍ ഉള്‍പ്പെട്ടിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഈ പഞ്ചവേദത്തില്‍ നിന്നും അടര്‍ത്തിമാറ്റി ഭരതമുനി നാട്യശാസ്ത്രം അഥവാ നാട്യവേദത്തിന് രൂപം നല്കി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിങ്ങനെയുള്ള വേദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന നാട്യശാസ്ത്രം പണ്ഡിതശ്രേഷ്ഠനായ ഭരതമുനി നിരന്തരമായ കഠിനപ്രയത്‌നത്തിലൂടെ നാല് വേദങ്ങളിലേയും നാട്യ സത്തിനെ അണുവിട വ്യത്യാസം കൂടാതെ മാറ്റി എഴുതുകയായിരുന്നു. എന്നാല്‍ സംസ്‌കൃതത്തില്‍ മാത്രം രചിക്കപ്പെട്ടിരുന്ന വേദങ്ങള്‍ സാധാരണക്കാര്‍ക്ക് സ്വായത്തമാക്കാന്‍ പ്രയാസമുണ്ടായിരുന്ന കാലത്ത് വര്‍ധിച്ചുവന്നിരുന്ന അത്യാഗ്രഹം, അധര്‍മ്മം, അനീതി തുടങ്ങിയ ദുര്‍ഗുണങ്ങള്‍ക്ക് പരിഹാരത്തിനായി ഏവര്‍ക്കും മനസിലാകുന്ന മുദ്രകളുടെ സവിശേഷതയാല്‍ രൂപപ്പെടുത്തിയ ഒന്നാണ് നാട്യശാസ്ത്രമെന്ന വാദവും നിലനില്ക്കുന്നുണ്ട്.
നൃത്തവും നൃത്തകലയും മനുഷ്യശരീരത്തിനും അവയവങ്ങള്‍ക്കും ആയുര്‍വേദം പോലെ ഗുണകരമാണെന്നണ് ആധുനികശാസ്ത്രം വ്യക്തമാക്കുന്നത്. നൃത്താഭ്യാസിയായ ഒരാള്‍ ദീര്‍ഘായുസും ദുര്‍മേദസ് ഇല്ലാതെയും അസുഖരഹിതമായ അനായ സമരണവുമാണ് സംഭവിക്കുന്നത്. നാട്യശാസ്ത്രം പ്രധാനമായും കൈവിരലുകളില്‍ തുടങ്ങി കാലുകളില്‍ അവസാനിക്കുന്നു. കണ്ണുകളിലൂടെ ഭാവങ്ങളും ശരീരത്തിലെ മറ്റ് അവയവങ്ങളെയും സമന്വയിപ്പിച്ച് നാട്യകല അഥവാ നൃത്തമായി കാണികള്‍ക്ക് മുന്നിലെത്തിക്കുന്നു. ഒരു നര്‍ത്തകനെ സംബന്ധിച്ച് തന്റെ ശരീരത്തിലെ ഓരോ നാഢീവ്യൂഹത്തിനും ശരീരകലകള്‍ക്കും എല്ലുകള്‍ക്കും വളരെ പ്രധാന ഉത്തേജനമായി നൃത്തകല മാറുന്നു. മാത്രമല്ല നൃത്തം പഠിച്ചവനും പഠിക്കാത്തവനുമെന്ന വേര്‍തിരിവുമില്ലാതെ നൃത്താവിഷ്‌കാരങ്ങള്‍ കാണാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്ന് മേല്പറഞ്ഞ സവിശേഷതകളാണെന്ന് വ്യക്തം.
പുരാണങ്ങളില്‍ പറയുന്ന അരയന്നം എന്ന പക്ഷി ഒരു കാവ്യസൃഷ്ടി മാത്രമാണെന്ന് പറയുന്നതുപോലെ ഭരതമുനിയുടെ ജനനമോ ജീവിച്ചിരുന്ന കാലഘട്ടമോ കൃത്യമായി രേഖപ്പെടുത്താന്‍ ഉതകുന്ന ചരിത്ര തെളിവുകള്‍ അവശേഷിക്കുന്നില്ലെങ്കിലും

ബി സി 1400–1200 കാലഘട്ടത്തിലാണെന്നത് സൂചനകള്‍ നല്കുന്നു. ഭാവ… രാഗ… താളങ്ങളുടെ ആദ്യാക്ഷരം ചേര്‍ത്ത് സമന്വയിപ്പിക്കുന്നതാണ് ഭരതമുനിയുടെ പേരുപോലും.
ചുരുക്കിപ്പറഞ്ഞാല്‍ നാട്യകല എന്നത് മനുഷ്യായുസിന് വളരെ പ്രധാനപ്പെട്ടതാണെന്ന് വ്യക്തം. നിത്യേനയുള്ള നൃത്താഭ്യാസം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നതിന് സഹായിക്കുന്നു.
എന്നുമാത്രമല്ല മനസിനെയും ശരീരത്തെയും രണ്ടുത്തട്ടില്‍ നിര്‍ത്താതെ മനസ് എത്തുന്നിടത്ത് ശരീരത്തെയും എത്തിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനരീതിയാണ് നൃത്തകല എന്നത് ഈ നൃത്തദിനത്തില്‍ പ്രചരിപ്പിക്കാം. വളരെ അടുത്തകാലത്തായി ഉരുത്തിരിഞ്ഞെത്തിയ മ്യൂസിക് തെറാപ്പി നൃത്തകലയേയും നാട്യശാസ്ത്രത്തേയും എത്രത്തോളം സന്തുലനപ്പെടുത്തുന്നു എന്ന് വ്യക്തം. ആയുസിന്റെ വേദം ആയുര്‍വേദമെങ്കില്‍ നാട്യവേദം എന്തുകൊണ്ട് ശരീരവേദം ആയിക്കൂട. ഏത് വേദത്തിന്റെയും ഏത് ശാസ്ത്രത്തിന്റെ പരമപ്രധാനമായ കര്‍മ്മം മനുഷ്യന് ഗുണകരമാകണമെന്നാണ്. നൃത്തകലയും അങ്ങനെയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.