19 November 2024, Tuesday
KSFE Galaxy Chits Banner 2

ഇഎസ്ഐ: വിദഗ്ധ ചികിത്സ ഇനി സര്‍ക്കാര്‍ ആശുപത്രികളില്‍; തൊഴിലാളികൾക്ക് കുരുക്കുമായി കേന്ദ്രം

ബേബി ആലുവ
കൊച്ചി
May 3, 2023 10:14 pm

ഇഎസ്ഐ ആശുപത്രികളിൽ എത്തുന്നവരിൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്ന കേന്ദ്ര തൊഴിൽ വകുപ്പിന്റെ ഉത്തരവ് വ്യാപക ആശങ്കയ്ക്കിടയാക്കുന്നു. വിദഗ്ധ ചികിത്സ വേണ്ടി വരുന്ന കേസുകൾ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി, ഇഎസ്ഐ ആശുപത്രികൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത കേസുകൾ ഇനി മുതൽ സര്‍ക്കാര്‍ ആശുപത്രികളിലേക്കോ സര്‍ക്കാര്‍ മെഡിക്കൽ കോളജുകളിലേക്കോ വിട്ടാൽ മതി എന്നാണ് പുതിയ ഉത്തരവ്. അവിടങ്ങളിലും സ്പെഷ്യാലിറ്റി സൗകര്യങ്ങളില്ലെങ്കിൽ എയിംസ് പോലുള്ള സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യണം. അവിടെയും കൈകാര്യം ചെയ്യാൻ കഴിയാത്ത അതിസങ്കീർണമായ കേസുകളിൽ മാത്രമേ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാവൂ. 

തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെ ഒന്നൊന്നായി ഹനിക്കുന്നതിന്റെ ഭാഗമാണ് പുതിയ പരിഷ്കാരമെന്നും പെൻഷൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന തൊഴിൽ വകുപ്പിന്റെ മറ്റൊരു തൊഴിലാളി ദ്രോഹ നടപടിയാണ് ഇതെന്നുമുള്ള ആക്ഷേപം ശക്തമാണ്. മേയ് ദിനത്തിന് രണ്ട് ദിവസം മുമ്പാണ് തൊഴിൽ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത് എന്നതും ശ്രദ്ധേയം. തൊഴിലാളികളും തൊഴിലുടമകളും അടയ്ക്കുന്ന വിഹിതം കൂടി ഇഎസ്ഐ കോർപ്പറേഷനിലെത്തുന്നുണ്ട് എന്ന വസ്തുത മറന്നു കൊണ്ടാണ് ഏകപക്ഷീയമായ തീരുമാനം.
നിലവിലെ സൗകര്യം ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് വകുപ്പിന്റെ അഭിപ്രായം. എന്നാൽ, ആര്, എങ്ങനെ എന്ന് വകുപ്പ് വ്യക്തമാക്കിയിട്ടില്ല. വിദഗ്ധ ചികിത്സ നൽകാൻ കഴിയുംവിധം ഇഎസ്ഐ ആശുപത്രികളെ സജ്ജമാക്കാനുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നില്ല. സ്പെഷ്യാലിറ്റി ചികിത്സയോ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയോ ആവശ്യമായി വരുമ്പോൾ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്നാണ് ചട്ടം എങ്കിലും രാജ്യത്ത് എംപാനൽ ചെയ്യപ്പെട്ട ആശുപത്രികൾ നാമമാത്രമാണ്. സംസ്ഥാനത്ത് 10 ലക്ഷത്തിലേറെ അംഗങ്ങളും ആശ്രിതരെന്ന നിലയിൽ 30 ലക്ഷത്തോളം പേരും ഇഎസ്ഐയുടെ ഭാഗമായുണ്ട്. അതേസമയം 12 ആശുപത്രികളും 137 ഡിസ്പെൻസറികളും മാത്രമാണ് ഇഎസ്ഐയുടേതായിട്ടുള്ളത്. 

തൊഴിൽ വകുപ്പിന്റെ തീരുമാനത്തിനെതിരെ രംഗത്തു വരുന്നവരെ, സ്വകാര്യ ആശുപത്രികൾക്കു വേണ്ടി വാദിക്കുന്നു എന്ന് താറടിക്കാമെന്ന ദുഷ്ടലാക്കും കേന്ദ്രത്തിനുണ്ടായിരുന്നു. എന്നാൽ, എതിർപ്പുമായി ആദ്യമെത്തിയത് സംഘ്പരിവാർ തൊഴിൽ സംഘടനയായ ബിഎംഎസായത് അപ്രതീക്ഷിത തരിച്ചടിയായി.
ഇഎസ്ഐ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളൊന്നും നൽകാതെ സർക്കാർ ആശുപത്രികളിലേക്ക് പോകാൻ നിർദേശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും 29 സ്പെഷ്യാലിറ്റികൾ അംഗങ്ങൾക്ക് ലഭിച്ചു വരുന്നത് നിഷേധിക്കലാണ് ഫലത്തിൽ സംഭവിക്കുന്നതെന്നുമായിരുന്നു ദേശീയ സെക്രട്ടറി വി രാധാകൃഷ്ണന്റെ പ്രതികരണം. 

Eng­lish Sum­ma­ry: ESI: Spe­cial­ist treat­ment now in gov­ern­ment hos­pi­tals; The cen­ter is a trap for workers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.