19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ 161-ാം സ്ഥാനത്ത്

11 സ്ഥാനം താഴേയ്ക്കിറങ്ങി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പുറകില്‍
web desk
ന്യൂഡല്‍ഹി
May 3, 2023 10:36 pm

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ താഴേക്ക്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 2022ല്‍ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും മാധ്യമ പ്രവർത്തകരുടെ സുരക്ഷയും അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ആര്‍എസ്എഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവർത്തകർക്കെതിരായ അക്രമങ്ങൾ, രാഷ്ട്രീയപരമായി പക്ഷംപിടിക്കുന്ന മാധ്യമങ്ങൾ, മാധ്യമങ്ങളുടെ ഉടമസ്ഥതാ കേന്ദ്രീകരണം തുടങ്ങിയവയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാവാൻ കാരണമായി പഠനം വ്യക്തമാക്കുന്നത്. രാഷ്ട്രീയം, സാമ്പത്തികം, നിയമനിർമ്മാണം, സാമൂഹികം, സുരക്ഷ എന്നിങ്ങനെ അഞ്ച് സൂചകങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ രാജ്യങ്ങൾക്ക് റാങ്ക് നിർണയിക്കുന്നത്. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.

കഴിഞ്ഞ വർഷം 157-ാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ ഇത്തവണ റാങ്ക് മെച്ചപ്പെടുത്തി 150-ാം സ്ഥാനത്തേക്ക് ഉയർന്നു. 152-ാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍, 135-ാം സ്ഥാനത്ത് ശ്രീലങ്കയും ഭൂട്ടാന്‍ 90-ാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 163-ാം സ്ഥാനത്തുള്ള ബംഗ്ലാദേശ് മാത്രമാണ് അയൽരാജ്യങ്ങളിൽ ഇന്ത്യക്കു പിന്നിലുള്ളത്. നോര്‍വേ, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. വിയറ്റ്നാം, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍ എത്തി. മാധ്യമപ്രവർത്തകരുടെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആർഎസ്എഫ് വിലയിരുത്തുന്ന 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുടെ സ്ഥാനം ഞെട്ടിക്കുന്നതാണ്.

സുരക്ഷാ സൂചികയിൽ അതി ദയനീയമാണ് ഇന്ത്യയുടെ സ്ഥാനം. ഇതിൽ 180 രാജ്യങ്ങളിൽ 172-ാം സ്ഥാനത്താണ് ഇന്ത്യ. ചൈന, മെക്സിക്കോ, ഇറാൻ, പാകിസ്ഥാൻ, സിറിയ, യെമൻ, ഉക്രെയ്ൻ, മ്യാൻമർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് പിറകിലുള്ളത്. കുറഞ്ഞത് 80 കോടി ഇന്ത്യക്കാർ പിന്തുടരുന്ന 70ലധികം മാധ്യമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുഹൃത്തായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണെന്നും റിപ്പോർട്ടിലുണ്ട്.

Eng­lish Sam­mury: press free­dom, India ranks 161

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.