വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കേരള പബ്ലിക്ക് എന്റർപ്രൈസസ്(സെലക്ഷനും റിക്രൂട്ട്മെന്റും) ബോർഡിനാണ് സർക്കാർ രൂപം നൽകിയത്.
പിഎസ്‌സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത തസ്തികകളിലേക്കുള്ള നിയമനങ്ങളാണ് പുതിയ ബോർഡിന് കീഴിൽ വരിക. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനാണ് പുതിയ ബോർഡ് രൂപീകരിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ബോർഡ് അംഗങ്ങളായി നാല് പേരെ നിയമിച്ചിട്ടുണ്ട്. പുതിയ ചെയർമാനെ നിയമിക്കുന്നതു വരെ ചെയർമാന്റെ ചുമതല റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് മുൻ ചെയർമാൻ കൂടിയായ ബോർഡംഗം വി രാജീവൻ നിർവഹിക്കും. മറ്റ് അംഗങ്ങളായി കെഎസ്ഇബി മുൻ ചീഫ് എന്‍ജിനീയർ രാധാകൃഷ്ണൻ, കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എന്‍ജിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെൽ) ജനറൽ മാനേജർ ലത സി ശേഖർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ ഷറഫുദ്ദീൻ എന്നിവരേയും നിയമിച്ചു.
പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ, പിഎസ്‌സിക്ക് പുറത്തുള്ള തസ്തികകളിലെ നിയമനങ്ങൾ സുതാര്യമായി നടത്തുന്നതിനായി പബ്ലിക്ക് എന്റര്‍പ്രൈസസ് സെലക്ഷൻ ആന്റ് റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുമെന്ന എൽഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇതോടെ പൂർണമായും പ്രാവർത്തികമാകുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കി അതത് മേഖലയിൽ നൈപുണ്യമുള്ള ആളുകളെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ സ്വയംഭരണാധികാരത്തോടെയായിരിക്കും ബോർഡ് പ്രവർത്തിക്കുക. പൊതുമേഖലയുടെ കാര്യക്ഷമത ഉയർത്തുന്നതിൽ പുതിയ റിക്രൂട്ട്മെന്റ് ബോർഡിന് വലിയ പങ്കു വഹിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
English Sammury: Recruitment in Public Sector Undertakings: Special Recruitment Board constituted
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.