ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നടത്തുന്ന ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേയ്ക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ.
യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വിശദമായി വാദം കേള്‍ക്കുന്നത് വരെയാണ് ജാതി സര്‍വേ പട്ന ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ബിഹാറിലെ ജാതി സര്‍വേ ജാതി സെന്‍സസിന് സമാനമാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാമ്പത്തിക നിലയെയും ജാതിയെയും കുറിച്ചുള്ള വിവരം ശേഖരിക്കുന്ന സര്‍വേ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറില്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വേ ആരംഭിച്ചത്. സര്‍വേയുടെ രണ്ടാംഘട്ടം മേയ് 15ന് അവസാനിക്കാന്‍ ഇരിക്കയൊണ് കോടതി നടപടി. 500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. പഞ്ചായത്ത് മുതൽ ജില്ലാതലം വരെയുള്ള എട്ടുതല സർവേയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഡിജിറ്റലായി വിവരങ്ങൾ ശേഖരിച്ചത്. സ്ഥലം, ജാതി, ഒരു കുടുംബത്തിലെ ആളുകളുടെ എണ്ണം, അവരുടെ തൊഴിൽ, വാർഷിക വരുമാനം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ആപ്പിൽ ഉണ്ടായിരുന്നത്. അതേസമയം സെന്‍സസ് ജനക്ഷേമത്തിന് വേണ്ടിയെന്നും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു.
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും സർവേ നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. ദരിദ്രരായ വ്യക്തികളുടെ എണ്ണവും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ ഇടപെടലുകളും നടത്തുന്നതിന് സർവേ സഹായിക്കും. ബിഹാർ നിവാസികളുടെ പുരോഗതിക്ക് സർവേ കാരണമാകും. സഹായം ആവശ്യമുള്ളവർക്ക് അത് നൽകുന്നതിന് ഇതിലൂടെ സാധ്യമാകുമെന്നും നിതീഷ് പറഞ്ഞിരുന്നു. ബിഹാറിന് പുറമേ കഴിഞ്ഞ ദിവസം ഒഡിഷയിലും സംസ്ഥാന സര്‍ക്കാര്‍ ജാതി സര്‍വേ തുടങ്ങിയിരുന്നു.
English Summary: Stay for caste survey in Bihar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.