എങ്ങും അലയടിക്കുന്ന താളവും മേളവും. വേദികളിൽ നിറഞ്ഞാടി നടന വൈവിധ്യങ്ങൾ. മോഹിനിയാട്ടവും കഥകളിയുമെല്ലാം ഗസൽ മഴയിൽ അലിഞ്ഞുചേർന്നപ്പോൾ കുഞ്ചൻ നഗറിലെങ്ങും ഉത്സവ പ്രതീതി. കേരള സർവകലാശാല കലോത്സവമായ ‘ഏകത്വ’ക്ക് കലയുടെ കളിത്തട്ടായ അമ്പലപ്പുഴയിൽ പ്രൗഡോജ്ജ്വല തുടക്കമായി.
117 മത്സര ഇനങ്ങളിൽ 250 കലാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം കലാ പ്രതിഭകളാണ് മാറ്റുരക്കുന്നത്. ആൺ, പെൺ വിഭാഗങ്ങൾക്കൊപ്പം ട്രാൻസ് ജെൻഡർ എന്ന വിഭാഗത്തിനായുള്ള മത്സരങ്ങളും കലോത്സവത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നൂറ് കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. വേല കളിയും മുത്തുക്കുടകളും നാടൻ കലാ രൂപങ്ങളും അരങ്ങുണർത്തിയ ഘോഷയാത്ര കാണുവാൻ ആയിരങ്ങൾ റോഡിനിരുവശവും തടിച്ചുകൂടി.
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ എ വിഷ്ണു അധ്യക്ഷനായി. എ എം ആരീഫ് എംപി മുഖ്യാതിഥിയായി. കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ മോഹൻ കുന്നുമ്മൽ മുഖ്യ പ്രഭാഷണം നടത്തി. ചലച്ചിത്രതാരങ്ങളായ ടിനി ടോം, ആൻസൻ പോൾ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗങ്ങളായ എ അജികുമാർ, കെ എച്ച് ബാബുജാൻ, എസ് സന്ദീപ് ലാൽ, സ്വാഗതസംഘം ജനറൽ കൺവീനർ എ എ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എം നസീം നന്ദിപറഞ്ഞു. തിരുവാതിര, മോഹിനിയാട്ടം, ഹിന്ദുസ്ഥാനി ക്ലാസിക്കൽ വോക്കൽ, കഥകളി, ഗസൽ, ലളിതഗാനം എന്നീ മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി.
English Summary;Kerala University Arts Festival begins
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.