ഏതു രാജ്യത്തായാലും സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ ബാങ്കിങ് മേഖല പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദരിദ്ര, വികസിത, വികസ്വര രാജ്യങ്ങളിലെല്ലാം ബാങ്കുകൾ സാമ്പത്തിക രംഗത്ത് നിർണായകമായ പങ്കുവഹിക്കുന്നു. നമ്മുടെ രാജ്യവും അതിനപവാദമല്ല. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യ മേഖലയിലായിരുന്നു. ചിലത് സ്വകാര്യ വ്യക്തികളുടെയും ചിലത് വിദേശികളുടെയും ചിലത് വിദേശ പിന്തുണയുമുള്ള ഉടമസ്ഥതയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. രണ്ടു നൂറ്റാണ്ടോളം കാലം ബ്രിട്ടീഷുകാരുടെ ചൂഷണത്തിന് വിധേയമായതിനെ തുടർന്ന് 1947ൽ ഇന്ത്യ സ്വതന്ത്രയാകുമ്പോൾ നമ്മുടെ സമ്പദ്ഘടന വളരെയധികം പിന്നാക്കാവസ്ഥയിലായിരുന്നു. 1950 കളിൽ സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുമ്പോൾ വലിയ ഉത്തരവാദിത്തങ്ങളാണ് രാജ്യത്തിന് മുന്നിലുണ്ടായിരുന്നത്. അതോടൊപ്പം വിഭവങ്ങളും ആവശ്യമായിരുന്നു. എന്നാൽ അക്കാലത്ത് സ്വകാര്യമേഖലയിലായിരുന്ന ബാങ്കുകൾ സർക്കാരിന്റെ സാമ്പത്തിക നടപടികളെ സഹായിക്കുന്നതിന് മുന്നോട്ടുവന്നില്ല. കാർഷിക, ഗ്രാമീണ സമ്പദ്ഘടന തകർച്ചയിലുമായിരുന്നു. വ്യാവസായ വികസനവും വെല്ലുവിളികൾ നേരിട്ടു.
ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം രൂക്ഷമായിരുന്നുവെന്നാണ് ഗ്രാമീണ സാമ്പത്തിക സർവേയിൽ വ്യക്തമായതെങ്കിലും ആ മേഖലയെ സഹായിക്കുന്നതിനും രക്ഷിക്കുന്നതിനും സ്വകാര്യ ബാങ്കുകൾ രംഗത്തെത്തിയില്ല. അതിനാൽ 1955ൽ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്കി മാറ്റുന്നതിന് സർക്കാർ നിർബന്ധിതമായി. ഗ്രാമീണ മേഖലകളിൽ പുതിയ ശാഖകൾ തുറന്ന് ജനങ്ങളെ സഹായിക്കുക എന്നതായിരുന്നു ഇതുകൊണ്ട് ലക്ഷ്യംവച്ചത്. എന്നാൽ ഈ ഒരു ബാങ്ക് കൊണ്ട് മാത്രം അഭിമുഖീകരിക്കാവുന്നതായിരുന്നില്ല പ്രശ്നങ്ങൾ. അതേ തുടർന്നാണ് എല്ലാ സ്വകാര്യബാങ്കുകളും ദേശസാൽക്കരിക്കണം എന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നു തുടങ്ങിയത്. ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ സംഘടനയായിരുന്ന എഐബിഇഎ ആണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം നൽകിയത്. സംഘടനയ്ക്ക് രാഷ്ട്രീയ പിന്തുണ നേടുന്നതിനും സാധിച്ചു. എഐബിഇഎ ജനറൽ സെക്രട്ടറിയായിരുന്ന പ്രഭാത് കർ അന്ന് പാർലമെന്റ് അംഗമായിരുന്നു. ബാങ്കിങ് ദേശസാൽക്കരണം എന്ന വിഷയം അദ്ദേഹം നിരവധിതവണ പാർലമെന്റിൽ ഉന്നയിച്ചു. ഈ പശ്ചാത്തലത്തിലും പിന്നീട് രൂപപ്പെട്ട അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിലുമാണ് 1969ൽ പ്രധാനപ്പെട്ട ബാങ്കുകൾ ദേശസാൽക്കരിക്കുന്നതിനുള്ള തീരുമാനം ഉണ്ടായത്.
കഴിഞ്ഞ 53 വർഷത്തിനിടയിൽ ദേശസാൽക്കരിക്കപ്പെട്ട ബാങ്കുകൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുന്നതിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് പുതിയ ശാഖകൾ തുറന്നു, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ സാധാരണ ജനങ്ങളുടെ സേവനത്തിനു വേണ്ടി. കൃഷി, ചെറുകിട ‑ഇടത്തരം വ്യവസായങ്ങൾ, ഗ്രാമീണ വികസനം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, വൻകിട വ്യവസായം എന്നിങ്ങനെ വിവിധ മേഖലകൾക്കായി വലിയ തോതിൽ വായ്പകൾ നൽകിത്തുടങ്ങുകയും പൊതുജനങ്ങളുടെ സമ്പാദ്യങ്ങൾ ബാങ്കുകളിൽ നിക്ഷേപങ്ങളായി സ്വീകരിച്ച് സുരക്ഷിതമാക്കുകയും ചെയ്തു. 1969ൽ 8,000 ത്തോളം ഉണ്ടായിരുന്ന ബാങ്ക് ശാഖകളുടെ എണ്ണം ഇന്ന് ഒരു ലക്ഷത്തിലധികമായി ഉയർന്നിട്ടുണ്ട്. നിക്ഷേപങ്ങൾ 5,000 കോടിയിൽ നിന്ന് 180 ലക്ഷം കോടിയും വായ്പകൾ 3500 കോടി എന്നത് 335 ലക്ഷം കോടിയുമായി.
ദേശസാൽക്കരണത്തിനു ശേഷം മാത്രമാണ് നമ്മുടെ ബാങ്കുകൾ ജനങ്ങളെ തേടി പുറപ്പെട്ടിട്ടുള്ളത്. വലിയ എണ്ണം ഗ്രാമീണ ശാഖകൾ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് താങ്ങായിമാറുന്ന സ്ഥിതിയുണ്ടായി. അതുവരെ അവഗണിക്കപ്പെട്ടിരുന്ന മേഖലകൾ മുൻഗണനാ മേഖലകളായി മാറി. കൃഷി, തൊഴിൽ സൃഷ്ടി, ദാരിദ്ര്യ നിർമ്മാർജനം, വനിതാ ശാക്തീകരണം, ഗ്രാമീണ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ചെറുകിട — ഇടത്തരം വ്യവസായങ്ങൾ തുടങ്ങിയവയ്ക്ക് ആവശ്യമായ വായ്പകൾ അർഹരായവർക്ക് നൽകുന്നതിനുള്ള നടപടികൾ ബാങ്കുകൾ ആരംഭിച്ചു. ഇത് നമ്മുടെ സമ്പദ്ഘടനയ്ക്ക് വലിയ കുതിപ്പ് ഉണ്ടാക്കുന്നതിന് ഇടയാക്കി.
ഹരിതവിപ്ലവം, ധവളവിപ്ലവം തുടങ്ങിയവ നടപ്പിലാക്കപ്പെട്ടത് ബാങ്കുകളുടെ ദേശസാൽക്കരണത്തിന്റെ ഫലമായിട്ടായിരുന്നു. സ്വകാര്യ മേഖലയിൽ ആയിരുന്ന കാലത്ത് ബാങ്ക് ജോലികൾ ഉടമകൾക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ ദേശസാൽക്കരണത്തിനു ശേഷം ഈ ജോലികൾ എല്ലാവർക്കുമായി തുറന്നിടപ്പെട്ടു. വിദ്യാസമ്പന്നരായ എല്ലാ യുവജനങ്ങൾക്കും വലിയതോതിൽ ജോലി നൽകുന്ന സംരംഭങ്ങളായി ബാങ്കുകൾ മാറി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കുള്ള സംവരണതത്വങ്ങൾ പാലിക്കുന്നവയായി ബാങ്കുകൾ മാറിയത് ദേശസാൽക്കരണത്തിനു ശേഷമായിരുന്നു. എന്നാൽ 1990കളിൽ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരണം, ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നിവ നടപ്പിലാക്കുന്നതിന് തീരുമാനിച്ചപ്പോൾ നമ്മുടെ ബാങ്കിങ് മേഖലയും അതിൽ ഉൾപ്പെട്ടു. 49ശതമാനം സ്വകാര്യ മൂലധന നിക്ഷേപത്തിന് അനുവാദം നൽകുന്ന നയമായിരുന്നു ആരംഭിച്ചത്. പിന്നീട് പൂർണമായും ബാങ്കുകളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളായി. ജനങ്ങൾക്ക് കൂടുതൽ സേവനം ലഭ്യമാക്കുന്നതിനായി ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് പകരം സ്വകാര്യവൽക്കരിക്കുമെന്നാണ് സർക്കാർ തീരുമാനിച്ചത്. ഈ നയം നമ്മുടെ ഗ്രാമീണ സമ്പദ്ഘടനയെയും ബാങ്കിങ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അന്നുതന്നെ ആശങ്ക ഉയർന്നുവന്നതാണ്. സ്വകാര്യ ബാങ്കുകൾ ഒരിക്കലും ഗ്രാമീണ ബാങ്കിങ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അവർ കൂടുതൽ ലാഭം ഉണ്ടാക്കുക എന്നതിൽ മാത്രമാണ് താല്പര്യം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതിസമ്പന്നരുടെ നിക്ഷേപങ്ങളെയും വായ്പകളെയും മാത്രമാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടാണ് എഐബിഇഎ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തെ എതിർത്തു പോന്നിരുന്നത്. ഇന്നിപ്പോൾ ആശങ്കകൾ എല്ലാം യാഥാർത്ഥ്യമായിരിക്കുന്നു.
ബാങ്കുകളുടെ കിട്ടാക്കടങ്ങളും നിഷ്ക്രിയ ആസ്തികളും തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിനാണ് ഇന്ന് പ്രാധാന്യം വർധിച്ചിരിക്കുന്നത്. അതിനു കാരണം ഏറ്റവും വലിയ തുകയ്ക്കുള്ള വായ്പകൾ എടുത്ത് തിരിച്ചടയ്ക്കാതെ വീഴ്ചവരുത്തിയവരിൽ വലിയ കോർപറേറ്റ് കമ്പനികൾ ആണ് ഉൾപ്പെടുന്നത് എന്നുള്ളതാണ്. അത്തരം വായ്പകൾ തിരിച്ചുപിടിക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ തന്നെ സർക്കാർ അവർക്ക് കൂടുതൽ കൂടുതൽ ആനുകൂല്യം നൽകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.
കഴിഞ്ഞ ആറു വർഷത്തിനിടെ കിട്ടാക്കടങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളല്ല കൈക്കൊള്ളുന്നത്. അവയെല്ലാം ഇൻ സോൾവെൻസി ആന്റ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) അടിസ്ഥാനത്തിലുള്ള ട്രൈബ്യൂണലുകളുടെ പരിഗണനയ്ക്കു വിടുകയാണ് ചെയ്യുന്നത്. ബാങ്കുകളിൽ നിന്നെടുക്കുന്ന വായ്പകൾ മറ്റുള്ള മേഖലകളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കുമ്പോഴും വായ്പാതുക വൻകിട കമ്പനികൾ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കുകൾ നഷ്ടത്തിലാകുന്നു. ഐബിസി എന്നത് പൊതു പണം കൊള്ളയടിക്കുന്നതിനുള്ള ഉപകരണം ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. തങ്ങളുടെ മുന്നിലെത്തുന്ന വിഷയങ്ങൾ പരിഗണിച്ച് ഈ ട്രൈബ്യൂണലുകൾ വൻകിട കമ്പനികൾക്ക് വൻതോതിൽ ഇളവുകൾ നൽകുന്നു. വീണ്ടും മറ്റൊരു കോർപറേറ്റ് കമ്പനിയുടെ പേരിൽ ഇത്തരത്തിൽ വായ്പയെടുക്കുകയും കിട്ടാക്കടമാക്കി മാറ്റുകയും ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.
ഇതിലൂടെയാണ് ബാങ്കുകളുടെ ലാഭം ചോർന്നുപോകുന്നത്. 2022 മാർച്ച് വരെയുള്ള പൊതുമേഖലാ ബാങ്കുകളുടെ മൊത്തം പ്രവർത്തന ലാഭം 2,08,654 കോടി രൂപയായിരുന്നു. അതേസമയം കിട്ടാക്കടത്തിന്റെ കണക്കിൽ 1,41,918 കോടി രൂപ ഉണ്ടായിരുന്നതിനാൽ അത് കുറയ്ക്കുമ്പോൾ ലാഭ കണക്ക് 66,736 കോടിയായി കുറഞ്ഞു. അതിനർത്ഥം മൊത്തം ഉണ്ടാക്കിയ ലാഭത്തിന്റെ 68 ശതമാനവും കിട്ടാക്കടത്തിന്റെയും എഴുതിത്തള്ളിയ വായ്പയുടെയും കണക്കിലേക്ക് മാറ്റേണ്ടിവരുന്നുവെന്നാണ്. പൊതുജനങ്ങളിൽ നിന്നു സമാഹരിക്കുന്ന പണം ഇങ്ങനെ വൻകിടക്കാരുടെ കൊള്ളയടിക്ക് മാറ്റിവയ്ക്കേണ്ടിവരുന്നു.
സാധാരണക്കാർക്ക് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബാങ്ക് ശാഖകളുടെ എണ്ണം വർഷം തോറും കുറച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. പ്രധാനമായും ഗ്രാമീണ മേഖലയിലെ ശാഖകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതുകൊണ്ട് സാധാരണക്കാരാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നത് എന്നത് ഒരു കാര്യം. വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് തൊഴിൽ സാധ്യത ഇല്ലാതാകുന്നു എന്ന് മാത്രമല്ല നിലവിൽ തൊഴിൽ ഉള്ളവർക്ക് അത് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു എന്നതാണ് മറ്റൊരു കാര്യം. അങ്ങനെ ഇരട്ട പ്രത്യാഘാതമാണ് ഇതു മൂലം സംഭവിക്കുന്നത്.
നിതി ആയോഗിന്റെ മുൻ വൈസ് ചെയർമാനായിരുന്ന അരവിന്ദ പനഗരിയ, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ പൂനം ഗുപ്ത എന്നിവർ ചേർന്ന് 2022 ജൂലൈ 13ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ സ്വകാര്യബാങ്കുകളാണ് ഏറ്റവും കാര്യക്ഷമമായി പ്രവർത്തിക്കുന്നതെന്നും അതുകൊണ്ട് പൊതുമേഖലാ ബാങ്കുകൾ മുഴുവൻ സ്വകാര്യവൽക്കരിക്കണമെന്നുമാണ് നിർദേശിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളോട് പ്രതികാര ബുദ്ധിയോടെയുള്ള ഒരു റിപ്പോർട്ട് ആണിത്. കെടുകാര്യസ്ഥതയും കാര്യക്ഷമത ഇല്ലായ്മയും കാരണം നിരവധി സ്വകാര്യബാങ്കുകൾ തകർന്നുപോയി എന്ന വസ്തുതയവർ ബോധപൂർവം മറച്ചു പിടിക്കുകയായിരുന്നു. കിട്ടാക്കടവും നിഷ്ക്രിയ ആസ്തിയുമായി മാറിയിട്ടുള്ളതിൽ 90ശതമാനവും വൻകിട കോർപറേറ്റുകൾക്ക് നൽകിയ വായ്പകളായിരുന്നു എന്ന കാര്യവും അവർ വിസ്മരിച്ചു. കേന്ദ്രസർക്കാരിന്റെ ജൻധൻ യോജന അക്കൗണ്ടുകളിലെ 98 ശതമാനവും ആരംഭിച്ചത് പൊതുമേഖലാ ബാങ്കുകളിൽ ആയിരുന്നുവെന്നും സ്വകാര്യബാങ്കുകളിലായിരുന്നില്ലെന്നതും അവർ ബോധപൂർവം അവഗണിച്ചു.
അതുകൊണ്ടുതന്നെയാണ് പൊതുമേഖലാ ബാങ്കുകളുടെ നിലനിൽപ്പ് രാജ്യത്തിന്റെ അനിവാര്യതയാണെന്ന് ബാങ്ക് ജീവനക്കാരും തൊഴിലാളികളും അതുപോലെ തന്നെ പൊതുസമൂഹവും വിശ്വസിക്കുന്നത്. സമ്പദ്ഘടനയ്ക്ക് മുന്നോട്ട് പോകണമെങ്കിൽ അതിനു താങ്ങു നൽകിക്കൊണ്ട് പൊതുമേഖലാ ബാങ്കുകൾ നിലനിൽക്കുക തന്നെ വേണം. അതുകൊണ്ട് ഇനിയും അവശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടാവണം. ഘടികാരസൂചികൾ തിരികെ പോകില്ലെന്നതുപോലെ തന്നെ നാം നേടിയ നേട്ടങ്ങളും കുതിച്ചുചാട്ടങ്ങളും പിറകോട്ട് പോകരുതെന്ന നിർബന്ധത്തോടെ നമുക്ക് മുന്നോട്ടു പോകണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.