15 November 2024, Friday
KSFE Galaxy Chits Banner 2

ഗില്ലാട്ടവും സാഹ ഷോയും; ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സിന്റെ ജയം

Janayugom Webdesk
അഹമ്മദാബാദ്
May 7, 2023 10:30 pm

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ റണ്‍മല കണ്ടെത്തിയ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് 56 റണ്‍സിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടൈറ്റൻസിനായി മോഹിത് ശർമ നാലു വിക്കറ്റ് വീഴ്ത്തി.
വമ്പൻ വിജയലക്ഷ്യം മുന്നിലുള്ളതിനാല്‍ തകര്‍ത്തടിച്ചാണ് ലഖ്നൗ തുടങ്ങിയത്. കൈല്‍ മയേഴ്സിനൊപ്പം ഈ സീസണില്‍ ആദ്യമായി അവസരം കിട്ടിയ ക്വന്റണ്‍ ഡി കോക്ക് മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തു. ലഖ്നൗ രണ്ടു കല്‍പ്പിച്ചാണെന്ന് കരുതിയിരിക്കുമ്പോള്‍ മയേഴ്സിനെ പുറത്താക്കി കൊണ്ട് മോഹിത് ശര്‍മ്മ ഗുജറാത്തിന് ആശ്വാസം നല്‍കി. 32 പന്തില്‍ 48 റണ്‍സാണ് മയേഴ്സ് കുറിച്ചത്. ദീപക് ഹൂഡയെ ഷമിയും വീഴ്ത്തിയതോടെ ഗുജറാത്ത് ആധിപത്യം ഉറപ്പിച്ചു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (4), നിക്കോളാസ് പുരന്‍ (3) തുടങ്ങിയ പേരുകേട്ടവരെല്ലാം വന്നപോലെ മടങ്ങി. ഡിക്കോക്കും പുറത്തായതോടെ പിന്നെ ലഖ്‌നൗ ഇന്നിങ്‌സ് ചടങ്ങ് തീര്‍ക്കല്‍ മാത്രമായി.41 പന്തുകളിൽനിന്ന് 70 റൺസാണ് ഡി കോക്ക് അടിച്ചെടുത്തത്. 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ആയുഷ് ബധോനിക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു ലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. വൃദ്ധിമാൻ സാഹ (42 പന്തിൽ 81), ശുഭ്മൻ ഗില്‍ (51 പന്തില്‍ 94) എന്നിവര്‍ ടൈറ്റൻസിനായി അര്‍ധ സെഞ്ചറി തികച്ചു. ഓപ്പണര്‍മാരായ വൃദ്ധിമാൻ സാഹയും ശുഭ്മൻ ഗില്ലും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ 142 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. പവർപ്ലേയിൽ ആദ്യ 24 പന്തുകളിൽതന്നെ 50 പിന്നിട്ട ഗുജറാത്ത്, 50 ബോളിൽ നൂറിലെത്തി. പവര്‍ പ്ലേ ഓവറുകളിൽ തകർത്തടിച്ച സാഹ 20 പന്തിൽ അർധ സെഞ്ചുറി തികച്ചു. 29 പന്തുകളാണ് ഗില്ലിന് അര്‍ധസെഞ്ചുറി തികയ്ക്കാൻ വേണ്ടിവന്നത്. സാഹ പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഒരോവറില്‍ സാഹയും പാണ്ഡ്യയും ചേര്‍ന്ന് 20 റണ്‍സ് അടിച്ചുകൂട്ടി ഗുജറാത്തിനെ 150 കടത്തി. പതിനഞ്ചാം ഓവറില്‍ 176 റണ്‍സിലെത്തിയ ഗുജറാത്തിന് പതിനാറാം ഓവറില്‍ 15 പന്തില്‍ 25 റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ നഷ്ടമായെങ്കിലും പിന്നീടെത്തിയ മില്ലറും ഗില്ലും ചേര്‍ന്ന് അവരെ 227 റണ്‍സിലെത്തിച്ചു. പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാമതാണ് ഗുജറാത്ത്.

Eng­lish Sum­ma­ry; Gilat­tam and Saha Show; Gujarat Titans won by 56 runs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.