20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 9, 2024
September 6, 2024
September 2, 2024
June 26, 2024
March 16, 2024
March 15, 2024
March 4, 2024
March 1, 2024
February 16, 2024

വിലക്കയറ്റമില്ലാത്ത കേരളം

ജനങ്ങളോടൊപ്പം നിന്ന് ഭക്ഷ്യ‑പൊതുവിതരണ വകുപ്പ്
പൊതുവിതരണം കാര്യക്ഷമവും സുതാര്യവുമാക്കാന്‍ നടപടി
ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 8, 2023 7:41 pm

 

രാജ്യമെങ്ങും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ദുരിതക്കയത്തിലാകുമ്പോള്‍ ശക്തമായ വിപണി ഇടപെടലുകളിലൂടെയും പൊതുവിതരണ സംവിധാനം കാര്യക്ഷമവും സുതാര്യവുമാക്കിയും ജനങ്ങള്‍ക്ക് താങ്ങായി ഭക്ഷ്യ‑പൊതുവിതരണ വകുപ്പ്. മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ട് വര്‍ഷക്കാലയളവില്‍ ജനങ്ങളോടൊപ്പം നിന്ന് മുന്നേറുകയാണ് ഭക്ഷ്യ‑പൊതുവിതരണ മേഖലകള്‍. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചു നിർത്തുന്നതിനായി സുപ്രധാനമായ ഇടപെടലുകളാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്.

2016ലെ തെരഞ്ഞെടുപ്പിൽ പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനപ്രകാരം 13 ഇനം അവശ്യസാധനങ്ങൾ നിശ്ചിത അളവിൽ സപ്ലൈകോ വഴി ഇപ്പോഴും അന്നത്തെ വിലയ്ക്ക് നൽകിവരുന്നു. ഇതുപ്രകാരം പൊതുമാർക്കറ്റിൽ 1122 രൂപയുള്ള അവശ്യവസ്തുക്കൾ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ 561 രൂപയ്ക്ക് ജനങ്ങള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ പുതിയതും നവീകരിച്ചതുമായ 87 സപ്ലൈകോ വില്പനശാലകൾ കൂടി സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഉത്സവസീസണുകളിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും താലൂക്ക് തലത്തിലും സ്പെഷ്യൽ മാർക്കറ്റുകൾ നടത്തിവരുന്നു. സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി നിരക്കില്‍ നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉത്സവച്ചന്തകളില്‍ അവശ്യസാധനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഈ കാലയളവില്‍ സംസ്ഥാനത്ത് പുതുതായി 27 റേഷൻ കടകൾ ആരംഭിച്ചു.

വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി 20 രൂപാ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കുന്ന 50 സുഭിക്ഷ ഹോട്ടലുകൾ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിച്ച് വരുന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടത്തിയ വലിയ ഇടപെടലിലൂടെ എല്ലാ വിഭാഗത്തിലുള്ള റേഷൻ കാർഡുകളുടെയും ആധാർ സീഡിങ് 100 ശതമാനത്തിലെത്തിക്കാൻ കഴിഞ്ഞു. ഇന്ത്യയിൽതന്നെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള 3.49 കോടി ഗുണഭോക്താക്കളുടെ ആധാർ നമ്പറുകൾ റേഷൻ കാർ‍ഡ് ഡാറ്റായുമായി കൂട്ടിച്ചേർക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യ ധാന്യങ്ങൾ കേടുവരുന്നതിനുള്ള സാധ്യത ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ 83 റേഷനിങ് താലൂക്കിലും ഉചിതമായ സ്ഥലം കണ്ടെത്തി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ശാസ്ത്രീയ ഗോ‍‍ഡൗണുകൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

സഞ്ചരിക്കുന്ന മാവേലി വില്പന ശാലയും അരിവണ്ടികളും

കഴിഞ്ഞ ഓണക്കാലത്ത് വിവിധ താലൂക്കുകളിലായി 700 കേ­ന്ദ്രങ്ങളിൽ ‘സഞ്ചരിക്കുന്ന മാവേലി വില്പന ശാലകളെത്തി’ സബ്­സി­ഡി സാധനങ്ങ­ൾ ഉൾപ്പെടെ അവശ്യസാധന വിതരണം നടത്തി. അടുത്തിടെ അരിവില‍ വർധനവുണ്ടായപ്പോ­ൾ സഞ്ചരിക്കുന്ന സ­പ്ലൈകോ വില്പന ശാലയുടെ ‘അരിവണ്ടി’ സംസ്ഥാനത്തെ മലയോര, തീരദേശമേഖലയ്ക്ക് മുൻഗണന നൽകി 500 കേന്ദ്രങ്ങളിൽ എത്തി ഒരു കാർഡിന് 10 കിലോ അരി സൗജന്യ നിരക്കിൽ (23, 24, 25 രൂപയ്ക്ക്) നൽകിയിരുന്നു.

ഒപ്പമെത്താന്‍ ആകാത്തവര്‍ക്ക് ഒപ്പം പദ്ധതി

റേഷൻകടയിൽ നേരിട്ടെത്തി സാധനം കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് റേഷൻ ലഭ്യമാക്കുന്ന ‘ഒപ്പം’ പദ്ധതി തൃശൂർ, കോഴിക്കോട് ജില്ലകളിൽ ആരംഭിച്ചു. പദ്ധതി ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.

വാതില്‍ പടികളില്‍ റേഷന്‍ വിതരണം

വനമേഖലകൾ, എത്തിച്ചേരാൻ പ്രയാസമുള്ള ദുർഘട പ്രദേശങ്ങൾ, ആദിവാസി ഊരുകൾ, ട്രൈബൽ സെറ്റിൽമെന്റുകൾ, ലേബർ സെറ്റിൽമെന്റുകൾ എന്നിവിടങ്ങളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് വാതിൽപ്പടിയായി റേ­ഷൻ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിനായുള്ള സഞ്ചരിക്കുന്ന റേഷൻകടകളുടെ സേവനം നിലവിൽ സംസ്ഥാനത്തെ 134 ആദിവാസി ഊരുകളിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഗതാഗത സൗകര്യം കുറഞ്ഞ മലയോര മേഖലകളിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും സഞ്ചരിക്കുന്ന റേഷൻകടയുടെ സേവനം ലഭ്യമാക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരുടെ കൈകളിലേക്ക്

കേന്ദ്രത്തിന്റെ ഭക്ഷ്യഭദ്രതാ നിയമത്തിലെ നിബന്ധനകളെത്തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ള നിരവധി പേര്‍ക്ക് അത് ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോഴാണ് സര്‍ക്കാര്‍ പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചത്. നിരവധി പേർ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ച് വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവ സ്വമേധയാ സറണ്ടർ ചെയ്യിപ്പിക്കുന്നതിനായുള്ള പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഈ പദ്ധതി പ്രകാരം 1,72,312 കാർഡുകൾ സറണ്ടർ ചെയ്യപ്പെട്ടു. സറണ്ടർ ചെയ്യപ്പെട്ട കാർഡുകൾ ഉൾപ്പെടെ 3,42,430 മുൻഗണനാ കാർഡുകൾ ഈ സർക്കാരിന്റെ കാലയളവിൽ അർഹരായവർക്ക് തരം മാറ്റി വിതരണം നടത്തി.

പത്ത് മാസത്തോളം സമയം നൽകിയിട്ടും മുൻഗണനാ കാർഡ് സറണ്ടർ പദ്ധതിയുമായി സഹകരിക്കാതെ തുടർന്നും മുൻഗണനാ കാർഡുകൾ കൈവശം വച്ചിരുന്ന അനർഹരെ കണ്ടെത്തുന്നതിനായി നടത്തിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിലൂടെ 17,136 മുൻഗണനാ കാർ‍‍‍ഡുകൾ കണ്ടെത്തുകയും ഇതിനുള്ള പിഴയായി 4,22,43,377 രൂപ അനർഹരിൽ നിന്ന് ഈടാക്കുകയും ചെയ്തിട്ടുണ്ട്. മുൻഗണനാ കാർഡിന് അർഹരായ വലിയ ഒരു ജനവിഭാഗത്തിന്റെ കൈകളിലേക്ക് മുൻഗണനാ കാർഡുകൾ എത്തിക്കുക എന്ന ലക്ഷ്യം സർക്കാർ ശക്തമായ ഇടപെടലുകളിലൂടെ ഏറെക്കുറെ കൈവരിച്ചു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം പേരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായി അനുകൂല സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ് സംസ്ഥാന സര്‍ക്കാരും ഭക്ഷ്യ‑പൊതുവിതരണ വകുപ്പും.

എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്

എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർ‍ഡ് നൽകുക എന്ന നയത്തിന്റെ ഭാഗമായി തെരുവോരത്ത് താമസിക്കുന്നവർക്കും വാടകയ്ക്ക് താമസിക്കുന്നവർക്കും ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ കാർഡുകൾ നൽകാൻ നടപടി സ്വീകരിച്ചു. ഈ സർക്കാർ ചുമതലയേറ്റശേഷം 3,52,180 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. അർഹരായവർക്ക് തരം മാറ്റി നൽകിയ 3,42,430 മുൻഗണനാ കാർഡുകൾക്ക് പുറമെയാണിത്. കൂടാതെ ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ താമസിക്കുന്ന വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷനുകൾക്കായി 6938 പുതിയ കാർഡുകളും വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേർക്ക് റേഷൻ കാർഡുകൾ അനുവദിച്ചിട്ടില്ല എന്ന് ആ വകുപ്പ് അറിയിച്ചതിനെ തുടർന്ന് പൊതുവിതരണ വകുപ്പ് നടത്തിയ തീവ്രനടപടികളിലൂടെ അർഹരായ എല്ലാപേർക്കും സമയബന്ധിതമായി കാർഡ് അനുവദിച്ചുനൽകി.

കെ-സ്റ്റോർ യാഥാര്‍ത്ഥ്യത്തിലേക്ക്

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്തുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി റേഷൻകടകളുടെ പശ്ചാത്തലസൗകര്യം വിപുലപ്പെടുത്തി ഇ‑ഭരണ സേവനങ്ങൾ, സ്മാർട്ട് കാർഡുകളുടെ സഹായത്തോടെ മിനിബാങ്കിങ്, യൂട്ടിലിറ്റി പേമെന്റ്, ചോട്ടു ഗ്യാസ് വിതരണം, മിൽമ, സപ്ലൈകോ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങൾ എന്നിവ റേഷൻകടകളിൽ ലഭ്യമാക്കി ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന നടപടി പുരോഗമിച്ചു വരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഈ മാസം 14ന് ഇതിന്റെ ഉദ്ഘാടനം തൃശൂരിൽ നടക്കും.

Eng­lish Sam­mury: Sec­ond Anniver­sary of LDF Govt: Ker­ala with­out price rise-spl sto­ry by gireesh athilatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.