28 April 2024, Sunday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

ടൂറിസം മേഖലയിൽ കണക്കില്‍ പെടാതെ 25000 ഉല്ലാസ നൗകകൾ

പരിശോധനയ്ക്ക് സ്ഥിരം സംവിധാനമില്ല 
ജെനീഷ് അഞ്ചുമന
കൊല്ലം
May 8, 2023 9:12 pm

ഉൾനാടൻ ജലഗതാഗത ടൂറിസം മേഖലയിൽ സംസ്ഥാനത്ത് 25000 ത്തിലധികം ഉല്ലാസ നൗകകൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ സർവീസ് നടത്തുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ. സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം സ്റ്റേഷനുകളിലൊന്നായ ആലപ്പുഴയിൽ മാത്രം ഏകദേശം 18000 ത്തിലധികം ഹൗസ് ബോട്ടുകൾ ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനായെത്തുന്ന യാത്രികരിൽ പലരും ഇത്തരം കാര്യങ്ങളിൽ ബോധവാന്മാരല്ല. കടത്തുവള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും രൂപമാറ്റം വരുത്തിയും കൃത്യമായ രൂപരേഖയോ സർവേയോ നടത്താതെ നിർമ്മിക്കുന്ന വള്ളങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഹൗസ് ബോട്ട്, സ്പീഡ് ബോട്ട്, ശിക്കാര വള്ളങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുന്നത് അംഗീകൃത യാർഡുകളിൽ ആകണമെന്നും ഓരോ ഘട്ടത്തിലും അതിന്റെ രേഖാചിത്രം തുറമുഖ വകുപ്പിന് നൽകി അനുമതി വാങ്ങണമെന്നുമാണ് ചട്ടം. എന്നാൽ ഇവ പാലിക്കപ്പെടാറില്ലെന്ന് മാത്രമല്ല തോന്നുംപടി നിർമ്മിക്കുകയും യഥേഷ്ടം യാത്രക്കാരുമായി സഞ്ചരിക്കുകയുമാണ്. തുറമുഖം, ഉൾനാടൻ ജലഗതാഗതം, ടൂറിസം വകുപ്പുകൾക്ക് സ്ഥിരമായ പരിശോധന സംവിധാനമില്ലാത്തതും ഈ മേഖലയിലെ വെല്ലുവിവിളിയാണ്.

സംസ്ഥാനത്തുടനീളം യാനങ്ങളുടെ രജിസ്‌ട്രേഷനും ഫിറ്റ്നസ് അടക്കമുള്ള പരിശോധനകൾക്കും ചുരുക്കം ജീവനക്കാർ മാത്രമാണ് വകുപ്പുകൾക്കുള്ളത്. അപകടമുണ്ടാകുമ്പോൾ പരിശോധനകൾ ശക്തമാകുന്ന പതിവ് ശൈലികൾക്ക് പകരം സ്ഥിരം പരിശോധനാ സംവിധാനം ഈ മേഖലയിലും അനിവാര്യമാണെന്നാണ് കഴിഞ ദിവസം താനൂരിൽ നടന്ന അപകടം ഓർമ്മിപ്പിക്കുന്നത്.

രജിസ്‌ട്രേഷൻ ആറിൽ രണ്ടിടത്ത് മാത്രം
യാനങ്ങളുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ചുമതലയുള്ളത് സംസ്ഥാനത്തെ ആറ് തുറമുഖങ്ങൾക്കാണ്. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂർ, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ കൊല്ലവും കൊടുങ്ങല്ലൂരും ഒഴികെയുള്ള ഇടങ്ങളിൽ കഴിഞ്ഞ അഞ്ചോളം വർഷമായി രജിസ്‌ട്രേഷൻ നടപടികൾ സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ യാനങ്ങളുടെ അതിപ്രസരമാണ് വകുപ്പുകൾ ചൂണ്ടിക്കാട്ടുന്നത്. കുമരകം, ആലപ്പുഴ ഭാഗങ്ങളിൽ അടുത്തിടെ നടന്ന അദാലത്തുകളിൽ ചിലതിന് സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഡോക്കിങ്, സർവേ നടപടികളൊന്നും പൂർത്തീകരിച്ചിട്ടില്ല.

ലൈസൻസ് മാത്രമല്ല വേണ്ടത്

ബോട്ട് നിർമ്മാണ ഘട്ടം മുതൽ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് യാനങ്ങൾക്ക് ലൈസൻസ് നൽകുന്നത്. അതിന് ശേഷം ഓരോ വർഷം പൂർത്തിയാകുന്ന മുറയ്ക്ക് അതാത് പോർട്ട് അതോറിട്ടികൾക്ക് മുന്നിൽ യാനങ്ങൾ ഹാജരാക്കി സർവേ നടപടികൾ പൂർത്തിയാക്കുകയും വേണം.

ഓരോ മൂന്ന് വർഷത്തിലൊരിക്കൽ യാനങ്ങൾ യാർഡിൽ കയറ്റി ഡോക്കിങ്ങും നടത്തണം. നനവിലും അല്ലാതെയുമുള്ള പരിശോധനയാണ് ഡോക്കിങ്ങിലൂടെ നടത്തുന്നത്. കൂടാതെ ഇൻഷ്വറൻസ്, യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായ ലൈഫ് ജാക്കറ്റുകൾ, നാലിൽ ഒരാൾക്ക് എന്ന നിലയിൽ ബോയ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയും നിർബന്ധമാണ്. ജീവനക്കാർക്ക് നിർബന്ധമായും ലാസ്കർ, സ്രാങ്ക്, ഡ്രൈവർ, എൻജിൻ ഡ്രൈവർ, മാസ്റ്റർ എന്നീ ലൈസൻസുകൾ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ലാസ്കർ ലൈസൻസ് ലഭിച്ച് മൂന്ന് വർഷത്തിന് ശേഷമേ ഒരാൾക്ക് സ്രാങ്ക് ലൈസൻസ് ലഭിക്കാൻ അർഹതയുള്ളൂ.

Eng­lish Summary;25000 plea­sure boats exclud­ing tourism sector

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.