
വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന മലബാറിലെ പയ്യോളി കൊളാവിപ്പാലത്ത് കടലാമകളുടെ വരവ് കുറഞ്ഞു.
ആമകള്‍ മുട്ടയിടാനായി കൂട്ടത്തോടെ എത്തിയിരുന്ന കൊളാവിപ്പാലത്ത് തീരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹാച്ചറി ഒരുക്കിയാണ് മുട്ടകള്‍ സംരക്ഷിച്ചിരുന്നത്. മുട്ട വിരിയുന്നതുവരെ സംരക്ഷിക്കുകയും കുഞ്ഞുങ്ങളെ കടലിലേക്ക് വിടുകയുമായിരുന്നു പതിവ്. വര്‍ഷങ്ങളായി തുടരുന്ന ഈ പതിവിനാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. ഒരു കാലത്ത് അറുപത്തഞ്ചിലധികം ആമകൾ എത്തുകയും 50,000 വരെ മുട്ടകൾ ഇടുകയും ചെയത് തീരത്ത് ഈ വർഷം ഒരു കടലാമ മാത്രമാണ് പ്രജനനത്തിനായി എത്തിയത്. ഈ ആമയുടെ 126 മുട്ടകള്‍ തീരം സംരക്ഷണ സമിതി പ്രവർത്തകർ ഹാച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മഴക്കാലം കഴിഞ്ഞ ഉടനെയാണ് ആമകളുടെ പ്രജനനകാലം. തീരങ്ങളിൽ ഓഗസ്റ്റ് മുതൽ ഏപ്രില്‍ വരെയാണ് മുട്ടയിടാനെത്തുക. ഒരു ആമ 50 മുതൽ 170വരെ മുട്ടയിടാറുണ്ട്. ഇവ കണ്ടെടുത്ത് തീരം സംരക്ഷണ സമിതിയുടെ ഹാച്ചറിയിലേക്ക് മാറ്റി സംരക്ഷിക്കാറാണ് പതിവ്. 45 മുതൽ 70 വരെ ദിവസങ്ങൾക്കുശേഷം മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരുമ്പോൾ പ്രവർത്തകർ അവയെ കടലിലേക്ക് വിടും. എന്നാൽ തീരം തേടിയെത്തുന്ന ആമകളുടെ കുറവ് ആശങ്കയ്ക്ക് കാരണമാകുന്നതായാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് കടലാമകൾ വംശനാശ ഭീഷണി നേരിടുന്ന കാലഘട്ടത്തിൽ കേരളത്തിലെ ഈ തീരത്ത് പ്രജനനത്തിനായി ഒലിവ് റിഡ്ലി കടലാമകൾ ഉൾപ്പെടെ എത്തുന്നുവെന്നത് ഏറെ കൗതുകം സൃഷ്ടിച്ച കാര്യമായിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയാകുകയും ചെയ്തു. 1990 കാലഘട്ടത്തിൽ കൊളാവിപ്പാലത്ത് കടലാമകൾ വന്ന് മുട്ടയിട്ട് മടങ്ങുന്നത് അന്ന് നാട്ടുകാർക്ക് സ്വാഭാവിക കാഴ്ചയായിരുന്നു. ആ മുട്ടകൾ കുഴിച്ചെടുത്ത് ഭക്ഷണമാക്കി ഉപയോഗിക്കാനായിരുന്നു പ്രദേശത്തുകാർ ആദ്യം ശ്രമിച്ചത്. തുടർന്ന് കടലാമകളുടെ സംരക്ഷണത്തെക്കുറിച്ച് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ബോധവാൻമാരാകുകയും അതിനായി രംഗത്ത് എത്തുകയും ചെയ്തു. 1992ൽ കടലാമ സംരക്ഷണത്തിനായി കൊളാവിപ്പാലത്ത് തീരം സംരക്ഷണ സമിതി എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
അനധികൃത മണലെടുപ്പും കടലേറ്റവും കര അപ്രത്യക്ഷമാകാനും കാരണമാകുന്നതോടെയാണ് തീരം തേടിയുള്ള കടലാമകളുടെ വരവ് കുറഞ്ഞതെന്ന് തീരം സംരക്ഷണ സമിതി ഭാരവാഹി സി എം സതീശൻ പറയുന്നു. മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് യോഗ്യമല്ലാത്ത വലകൾ കടലിൽ ഉപേക്ഷിക്കുന്നു. ഇതിനെ ജയന്റ് നെറ്റ് എന്നാണ് പറയുന്നത്. ഇവയാണ് മറ്റൊരു വില്ലൻ. വിരലിലെണ്ണാവുന്ന ആമകൾ മാത്രമേ ഇപ്പോള്‍ മുട്ടയിടാൻ തീരത്തേക്ക് എത്താറൂള്ളൂവെന്നും വരും വർഷങ്ങളിൽ ആമകൾ വരുമോയെന്നുതന്നെ സംശയമാണെന്നും സി എം സതീശൻ പറഞ്ഞു.
english summary; The number of sea turtles reaching Kolavipalam has decreased
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.