ദീർഘകാലം മൂന്നാർ മേഖലയിൽ ജനങ്ങളുടെയും യാത്രക്കാരുടെയും അരുമയായിരുന്ന കാട്ടുകൊമ്പൻ പടയപ്പയുടെ ജീവന് തന്നെ ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യം. കല്ലാറിലെ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഒന്നരമാസമായി ആന തമ്പടിച്ചിരിക്കുകയാണ്. പച്ചക്കറി അവശിഷ്ടം ഭക്ഷിക്കാൻ ദിവസേന മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ എത്തുന്നുണ്ട്.
ഇവിടെ കൂട്ടിയിട്ടിരിക്കുന്ന പച്ചക്കറി അവശിഷ്ടങ്ങൾക്കിടയിൽ പ്ലാസ്റ്റിക് കൂടുകളും കവറുകളുമുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തുക്കൾ വരുന്ന കവറുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയ്ക്ക് ഉപ്പുരസം ഉള്ളതിനാൽ ആനകൾ കൂടോടെ അകത്താക്കും. ഈ കേന്ദ്രത്തിൽ പടയപ്പ സ്ഥിരം സന്ദർശകനായതോടെ തൊഴിലാളികൾ ഭീതിയിലായിരുന്നു. അടുത്തിടെയായി ആളുകൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും ആക്രമണ സ്വഭാവം കാട്ടി തുടങ്ങിയതോടെയാണ് പടയപ്പ വില്ലനായി മാറുന്നത്.
കാട്ടാന പ്ലാന്റിൽ വരാതെ ഇരിക്കാൻ പച്ചക്കറി അവശിഷ്ടങ്ങൾ കേന്ദ്രത്തിന് പുറത്ത് ആനക്ക് ഭക്ഷിക്കാൻ കൂട്ടിയിടുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ കാട്ടാന കയറുന്നത് തടയാൻ പുറത്ത് ഇത്തരത്തിൽ പച്ചക്കറികൾ കൂട്ടിയിടുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും രംഗത്ത് വന്നിട്ടുണ്ട്.
മൂന്നാർ കാടുകളിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മുമ്പ് മാട്ടുപ്പെട്ടിയിലുൾപ്പെടെ പ്ലാസ്റ്റിക് ഭക്ഷിച്ച് കാട്ടാനകൾ ചെരിഞ്ഞ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആനയുടെ വയറ്റിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടെടുത്തായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഈ സാഹചര്യത്തിൽ ആന മാലിന്യകേന്ദ്രത്തിൽ കയറാതിരിക്കുന്നതിനും ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
English Summary: Garbage food for months: Threat to papaya health
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.