29 September 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യയും ജിഇരുപതും

ഡി രാജ
May 13, 2023 4:20 am

ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വിപുലമായി കൈകാര്യം ചെയ്യുന്നതിനായി 1999ലാണ് നിലവില്‍ ഇന്ത്യ അധ്യക്ഷനായ ഗ്രൂപ്പ് ഓഫ് 20 (ജി20) രൂപീകരിച്ചത്. നവലിബറലിസം ലോകമെമ്പാടുംസ്വാധീനം വർധിപ്പിച്ച സാഹചര്യത്തിലായിരുന്നു ഇതിന്റെ രൂപീകരണം. എന്നാൽ സാമ്പത്തിക പ്രവണതകൾ നിരീക്ഷിക്കുന്നതിൽ ഗ്രൂപ്പ് പരാജയപ്പെട്ടു. 2008ലെ സാമ്പത്തിക തകർച്ച ഒഴിവാക്കാനായില്ല. തല്‍ഫലമായി ജി8/ജി7 ഗ്രൂപ്പുകൾ കൂടുതൽ കരുത്താര്‍ജിക്കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ നയങ്ങളെ സ്വാധീനിക്കുകയും ചെയ്തു. എങ്കിലും ഐക്യരാഷ്ട്രസഭയുമായി താരതമ്യപ്പെടുത്തുമ്പോൾ തികച്ചും പരിമിതമാണെങ്കിലും, ഒഴിവാക്കൽ ആരോപണങ്ങൾ ഉയർന്നെങ്കിലും ഏതാനും രാജ്യങ്ങളെ ഉൾക്കൊള്ളുന്ന ഒരു പ്ലാറ്റ്ഫോമായി ജി20 മാറി. ചേരിചേരാ പ്രസ്ഥാനം അഥവാ ജി77 ല്‍ നിലവിൽ 134 വികസ്വര രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ജി20യിലെ ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് ആഭ്യന്തരവും അന്തർദേശീയവുമായ മാനങ്ങളുണ്ട്. അത് സ്വദേശത്തും വിദേശത്തുമുള്ള ആളുകൾക്ക് എത്രത്തോളം പ്രയോജനം ചെയ്യും എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടണം.

തുടക്കം മുതലേ ബിജെപിയും ചില മാധ്യമങ്ങളും പതിവ് കസേരമാറ്റത്തെ ഒരു മെഗാ ഇവന്റാക്കി മാറ്റി. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ തെളിവാണിതെന്ന് ഘോഷിച്ചു. പ്രധാനമന്ത്രി മോഡിയുടെ വ്യക്തിപരമായ പ്രശസ്തിയും സ്വാധീനവും നയതന്ത്ര ശ്രമങ്ങളെ ഇന്ത്യൻ സ്വാധീനതയിലേക്ക് മാറ്റുന്നുവെന്ന മിഥ്യാധാരണയാണ് അവര്‍ ജനങ്ങൾക്ക് നല്കിയത്. സ്വാഭാവിക ഭ്രമണക്രമത്തിലാണ് ഇന്ത്യക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചത്. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടവുമല്ല. ജി20യുടെ സംവിധാനമനുസരിച്ച് മുന്‍വർഷം തന്നെ ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടതായിരുന്നു. ഇവിടെ പ്രധാനമന്ത്രിയുടെ നേട്ടം എന്തെങ്കിലുമുണ്ടെങ്കിൽ, അത് ഒരു വർഷത്തേക്ക് നീട്ടി, 2023ലേക്ക് മാറ്റിവച്ചതിലാണ്. കാരണം ഇക്കൊല്ലം ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും 2024ല്‍ പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. രാജ്യത്തുടനീളം വിദേശ പ്രതിനിധികളെ വിവിധ ജി20 യോഗങ്ങൾക്കായി അണിനിരത്തുകയും പ്രധാനമന്ത്രി അവരെ അഭിവാദ്യം ചെയ്യുന്ന വലിയ ഹോർഡിങ്ങുകൾ സ്ഥാപിക്കുകയും ചെയ്യുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രചരണമാകും. ചെലവുകൾ ഖജനാവിൽ നിന്നായിരിക്കുകയും ചെയ്യും.

 


ഇതുകൂടി വായിക്കു: ജനപക്ഷ സിവിൽ സർവീസ് സാധ്യമാണ്


ജി20 അധ്യക്ഷതയിലെത്തുമ്പോഴുള്ള പ്രഖ്യാപിത അജണ്ട പ്രധാനമന്ത്രി ഒരു ബ്ലോഗ് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. വാചാടോപവും യാഥാർത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ഇതിലും പ്രകടമാണ്. ഭാഷകളുടെയും മതങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും അപാരമായ വൈവിധ്യങ്ങളുള്ള “ലോകത്തിന്റെ ഒരു സൂക്ഷ്മരൂപമാണ് ഇന്ത്യ” എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഈ വൈവിധ്യമാണ് വർഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി. എന്നാൽ മോഡി ഭരണത്തിനുകീഴിൽ അത് അഭൂതപൂർവമായ പ്രതിസന്ധി നേരിടുകയാണ്. ആർഎസ്എസ്-ബിജെപി സംഘം ഏകതാനതയിൽ അഭിനിവേശമുള്ളവരാണ്. അവര്‍ വൈവിധ്യങ്ങളെയും വെെജാത്യങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഹിന്ദി അടിച്ചേല്പിക്കലായാലും മതന്യൂനപക്ഷങ്ങളോടുള്ള വിവേചനമായാലും ജനങ്ങളെ ഭക്ഷണത്തിന്റെ പേരിൽ തല്ലിക്കൊല്ലുന്നതായാലും വസ്ത്രത്തിന്റെ പേരിൽ വേട്ടയാടുന്നതായാലും ആർഎസ്‌എസിന്റെ ഏകാത്മക ആശയത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കുക എന്നത് മോഡി സർക്കാരിന്റെ മുഖമുദ്രയാണ്. “ജനാധിപത്യത്തിന്റെ അടിസ്ഥാന ഡിഎൻഎയിലേക്ക് ഇന്ത്യയുടെ സംഭാവന വലുതാണ്” എന്നും പ്രധാനമന്ത്രി എഴുതി. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവം ആക്രമിക്കപ്പെടുകയാണ്. പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയും ചെയ്യുന്നു. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയും മാധ്യമങ്ങള്‍ക്ക് വിലങ്ങിടുകയും ചെയ്യുന്നു. വിയോജിപ്പുകളെ ക്രിമിനൽനടപടികള്‍ കൊണ്ടും പൗരാവകാശങ്ങളെ ശ്വാസംമുട്ടിച്ചും ഇല്ലായ്മ ചെയ്യുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്യാനും തുറന്നുകാട്ടാനും ധൈര്യപ്പെടുന്നവർക്കെതിരെ കരിനിയമങ്ങൾ പ്രയോഗിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരം ലക്ഷ്യമിട്ട മതേതരവും ജനാധിപത്യപരവും സംവാദപരവുമായ അടിസ്ഥാന തത്വങ്ങള്‍ ഭീഷണിയിലാണ്. അഡാനിയെപോലുള്ള കോർപ്പറേറ്റുകളെക്കുറിച്ചും ധനമൂലധനത്തിന്റെ പങ്കിനെക്കുറിച്ചുമുള്ള വിമർശനാത്മക ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിച്ചില്ല. “ജനാധിപത്യത്തിന്റെ അടിസ്ഥാന ഡിഎൻഎ“യെ സംബന്ധിച്ചിടത്തോളം സാഹചര്യം ആശങ്കാജനകമാണ്. വാചാടോപവും യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരമാണ് ഇത് കാണിക്കുന്നത്.

‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ജി20 ഉച്ചകോടിക്ക് പ്രധാനമന്ത്രി നല്കുന്ന സന്ദേശം. ഈ മുദ്രാവാക്യം മോഡി ഭരണത്തെ അളക്കാനുള്ള നല്ലൊരു മാനദണ്ഡം കൂടിയാണ്. കുടുംബം അതിലെ അംഗങ്ങൾക്കിടയിൽ വിവേചനം കാണിക്കുന്നില്ല. മോഡിയുടെ കീഴിൽ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) ഒരു വിഭാഗത്തോട്, അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ പരസ്യമായ വിവേചനം കാണിക്കുന്നതാണ്. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് മോശം പ്രതിച്ഛായയുണ്ടാക്കുകയും ഡൽഹി കലാപത്തിന് കാരണമാകുകയും ചെയ്തതാണ് ഈ നിയമത്തിന്റെ ബാക്കിപത്രം. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും മുമ്പുതന്നെ ആർഎസ്എസിന്റെ നേതാവായ എം എസ് ഗോൾവാൾക്കർ പറഞ്ഞത്, ‘ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം, ഹിന്ദു രാഷ്ട്രത്തിന് പൂർണമായി വിധേയരായി, ഒന്നും അവകാശപ്പെടാതെ, പ്രത്യേകാവകാശങ്ങളൊന്നും അർഹിക്കാതെ’ എന്നാണ്. അവര്‍ക്ക് പൗരാവകാശങ്ങൾ പോലുമില്ല. ഈ വിഭജനവും വർഗീയവുമായ അടിത്തറയിലാണ് ആർഎസ്എസ്-ബിജെപി രാജ്യത്ത് ‘ഏക കുടുംബം’ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്. ബിജെപി ഭരണത്തിൽ വർഗീയ, ജാതീയ, സ്ത്രീവിരുദ്ധ ഘടകങ്ങൾ ശക്തിപ്രാപിക്കുകയും ഏകീകൃതവും പാരമ്പര്യവാദപരവുമായ ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന അവരുടെ ലക്ഷ്യം വ്യാപകമാവുകയും ചെയ്തു.


ഇതുകൂടി വായിക്കു: ഘടികാരസൂചികൾ മുന്നോട്ടുതന്നെ പോകണം


 

ചേരിചേരാ നയം പിന്തുടർന്നിരുന്ന കാലത്ത് ആഗോളതലത്തിൽ രാജ്യം ഉന്നതിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു വർഷങ്ങളായി, യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ഗ്രൂപ്പുമായുള്ള വർധിച്ചുവരുന്ന അടുപ്പം ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജി20 യുടെ അധ്യക്ഷനായി അധികാരമേറ്റ ഉടൻ പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചു. ആഗോള ദക്ഷിണ, ആഗോള ധനകാര്യ സ്ഥാപനങ്ങളെ പരിഷ്കരിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് യോഗത്തിൽ പരാമർശമുണ്ടായി. എന്നാൽ ജി20യുടെ അധ്യക്ഷനെന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് എങ്ങനെ ഗുണംചെയ്യുമെന്ന് വ്യക്തമാക്കിയില്ല. പക്ഷേ ബഹുമുഖ വികസന ബാങ്കുകളെ (എംഡിബി) സംബന്ധിച്ച ജി20 വിദഗ്ധ സമിതിയിൽ നിന്ന് സൂചനകളുണ്ട്. സ്വകാര്യ മൂലധനം സമാഹരിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ, നിക്ഷേപത്തിനും ചെലവുകൾക്കും മുൻഗണനകൾ എന്നിവയുൾപ്പെടെ നിർണായകമായ മാറ്റങ്ങൾ വരുത്താൻ ശുപാർശ ചെയ്യുമെന്നാണ് സൂചന (എവല്യൂഷന്‍ ഓഫ് വേള്‍ഡ് ബാങ്ക് 2023).

അര്‍ഹരായ ജനതയോട് ഐക്യദാർഢ്യവും പിന്തുണയും നല്കുന്നതിന് നമ്മുടെ സ്വാതന്ത്ര്യസമര നേതാക്കൾ ജാഗ്രത പുലർത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം, അടിച്ചമർത്തപ്പെട്ടവരുടെ ഐക്യത്തിന്റെ ഈ പൈതൃകം ചേരിചേരാ പ്രസ്ഥാനമായി സ്വയം സ്ഥാപിതമായി. കോളനിവല്‍ക്കരണം ഇല്ലാതാക്കാനും ആഫ്രോ-ഏഷ്യൻ ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രധാനപ്പെട്ട ശബ്ദമായി ഇന്ത്യ ഉയർന്നുവരികയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളോട് അടുക്കുകയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക കൂട്ടുകെട്ടുകളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തോടെ ഈ യോഗ്യതകളില്‍ വെള്ളം ചേര്‍ക്കപ്പെട്ടിരിക്കുന്നു. പ്രധാനവിഷയങ്ങളിൽ അർത്ഥവത്തായ നിലപാടുകൾ എടുക്കുന്നതിൽ പരാജയപ്പെടാനും പാശ്ചാത്യ മേധാവിത്വത്തിനെതിരെ ആഗോളദക്ഷിണ രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തെ തടയുന്നതിനും ഈ നയം ഇടയാക്കുന്നു. കാലക്രമേണ, രാജ്യത്തിന്റെ വിദേശനയ മുൻഗണനകൾ ഇടുങ്ങിയതായി. സഹകരണം, ഐക്യദാർഢ്യം, സമാധാനം, പുരോഗതി എന്നീ നയങ്ങള്‍ക്ക് പകരം, നേതാക്കള്‍ക്ക് വലിയ പ്രതിച്ഛായ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനുമാണ് നമ്മുടെ നയതന്ത്ര സേനയുടെ ഊർജം ചെലവഴിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ വിദേശനയം കൃത്യമായ വിമോചന സാധ്യതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, നമ്മുടെ വിദേശനയം അതില്‍ ശ്രദ്ധിക്കുന്നില്ല എന്നത് ഭയാനകമാണ്. പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട വാക്യങ്ങളിലൊന്നായ ‘വസുധൈവ കുടുംബകം’ എന്നതിൽ യോജിപ്പിന്റെ സന്ദേശമുണ്ട്. ലോകത്തെ ഒരു കുടുംബമെന്ന നിലയിൽ കാണുന്നതാണത്. “ഈ വ്യക്തി എന്റേതാണ്, അയാള്‍ അല്ല; എന്നത് ഇടുങ്ങിയ ചിന്താഗതിക്കാരുടേതാണ്”എന്നാണ് ആ പ്രയോഗത്തിന്റെ പൂര്‍ണമായ രൂപം. തങ്ങളുടേത് തികച്ചും മാന്യമായ മാര്‍ഗമാണെന്ന് കാണിക്കാനും ജനങ്ങളെ കുടുംബത്തെപ്പോലെ തുല്യമായി പരിഗണിക്കാനും ഭരണകൂടത്തിനുള്ള ഒരു അവസരമാണ് ജി20 അധ്യക്ഷപദം. ദക്ഷിണ ഗോളാര്‍ധത്തിലെ ഒരു വലിയ ‘കുടുംബം’ നമ്മെ കാത്തിരിക്കുന്നു. അതുകൊണ്ട് സ്വദേശത്തും വിദേശത്തും വസുധൈവകുടുംബകത്തെക്കുറിച്ച് സംസാരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.