ലക്ഷദ്വീപിലെ വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതിനെതിരെ പ്രതിഷേധം വ്യാപകം. ഹൈക്കോടതി നിർദേശം മാനിക്കാതെയുള്ള നടപടികളാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നുണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്. മിനിക്കോയ്, ആന്ത്രോത്ത്, കവരത്തി, അഗത്തി, അമിനി, കടവത്ത്, കല്പേനി, ചെത്തലത്ത്, കിൽത്താൻ എന്നീ ഒമ്പത് വില്ലേജ് ദ്വീപ് പഞ്ചായത്ത് (വിഡിപി) സമിതികളുടെയും ജില്ലാ പഞ്ചായത്തിന്റെയും കാലാവധി ഡിസംബറിൽ അവസാനിച്ചിരുന്നു. തുടർന്ന്, സ്പെഷ്യൽ ഓഫിസർമാർക്കായി വിഡിപികളുടെ ചുമതല. ഇതിനിടെ, ഒമ്പത് വിഡിപികൾ 18 ആയി വർധിപ്പിക്കാനുള്ള ഗൂഢ നീക്കം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ദ്വീപിലെ രാഷ്ട്രീയ കക്ഷികളുമായി കൂടിയാലോചന നടത്താതെയായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തു നിന്നുണ്ടായ നീക്കം എന്നാണ് പരാതി.
ദ്വീപിലെ 10 ചെറുദ്വീപുകളിൽ ജനവാസം കുറഞ്ഞ ബിത്ര ചെത്തലത്തിന്റെ ഭാഗമാക്കാനും സദുദ്ദേശ്യത്തോടു കൂടിയല്ലാത്ത നീക്കങ്ങളുണ്ടായി. ഒമ്പത് വിഡിപികൾ 18 ആയി വിഭജിക്കാനുള്ള നടപടികൾ ജനസംഖ്യാനുപാതികമല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു ജനപ്രതിനിധി ഹൈക്കോടതിയിലെത്തുകയും കോടതിയിൽ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നാൽ, അഡ്മിനിസ്റ്ററുടെ ഭാഗത്തു നിന്ന് തുടർ നടപടികളുണ്ടായില്ല. സ്വന്തം താല്പര്യത്തിനെതിരായ കോടതി ഇടപെടലിൽ നീരസത്തിലായ ഭരണകൂടം അക്കാരണത്താൽ തദ്ദേശ തെരഞ്ഞെടുപ്പും അതിന് മുമ്പായി നടക്കേണ്ട മറ്റ് നടപടികളും അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് ദ്വീപ് ജനതയുടെ കുറ്റപ്പെടുത്തൽ.
നിലവിലെ വിഡിപികൾ യാതൊരു മാനദണ്ഡവുമില്ലാതെ വിഭജിക്കാനുള്ള നീക്കം ഏത് വഴിവിട്ട മാർഗത്തിലൂടെയായാലും ദ്വീപിൽ ബിജെപിക്ക് പിടിച്ചു നിൽക്കുന്നതിനുള്ള കളമൊരുക്കലിന്റെ ഭാഗമാണെന്ന് സിപിഐ ലക്ഷദ്വീപ് ഘടകം സെക്രട്ടറി സി ടി നജിമുദീൻ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പഞ്ചായത്ത് ചട്ടങ്ങൾക്കെതിരെയും തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്ത് അംഗങ്ങളുടെ അവകാശങ്ങൾ പുന: സ്ഥാപിക്കുന്നതിനുമായി പാർലമെന്റിൽ തനിക്ക് പോരാടേണ്ടിവരുമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. തന്റെ അയോഗ്യതയ്ക്കു പിന്നാലെ ലക്ഷദ്വീപിലെ ഗ്രാമ പഞ്ചായത്ത് മണ്ഡലങ്ങൾ’ അൾട്രാ വൈറസ്’ ആയി പ്രഖ്യാപിച്ച വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
english summary; The local elections in Lakshadweep are going on indefinitely
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.