15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 1, 2024
September 25, 2024
September 23, 2024
September 20, 2024
September 17, 2024
September 8, 2024
September 7, 2024
September 5, 2024
August 29, 2024

പ്രളയപയോധിയില്‍

എ ഐ ശംഭുനാഥ്
May 21, 2023 2:39 am

‘ബെസ്ഡ് ഓൺ റിയൽ ലൈഫ് ഇൻസിഡന്റ്സ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന സിനിമകൾ ഇന്ന് പുതുമയ്ക്ക് വക നൽകുന്ന ഒന്നല്ല. വിശ്വസനീയതയുടെ അളവ് കാണികളിൽ വിപുലപ്പെടുത്താൻ പല കഥകളും മേൽപ്പറഞ്ഞ ലേബലിൽ മാർക്കറ്റ് ചെയ്യപ്പെടുന്ന ഈ കാലത്ത് അതിനോട് വളരെയധികം നീതി പുലർത്തുകയാണ് ‘2018: എവരി വൺ ഈസ് എ ഹീറോ’ എന്ന ജൂഡ് ആന്റണി ജോസഫ് ചിത്രം. മികച്ചത് എന്ന വാക്കിൽ കുറഞ്ഞതൊന്നും സിനിമയുടെ സാങ്കേതിക വശങ്ങളിലെ ഒന്നിനേയും വിശേഷിപ്പിക്കാൻ സാധിക്കില്ല. തിയേറ്ററുകളിൽ നിന്ന് സിനിമാപ്രേക്ഷകർ അകന്നു പൊയ്ക്കൊണ്ടിരിക്കുന്നു എന്ന പറയപ്പെടുന്ന സമയത്താണ് ചിത്രം കൊട്ടകകളിൽ ജനാവലയം സൃഷ്ടിക്കുന്നത്. വെള്ളിത്തിരയിൽ കാണേണ്ടത് അവിടെ തന്നെ കാണണം എന്ന ഉത്തമ ബോധ്യം ജനങ്ങൾക്കുണ്ടെന്ന് നിസംശയം പറയാം.

2018 എന്ന വർഷത്തെ ഭീതിയോടെയല്ലാതെ ഒരു മലയാളിക്കും ഓർക്കാൻ സാധിക്കില്ല. പ്രളയം എന്ന പ്രകൃതിയുടെ ക്രൂരമായ പ്രതിഭാസത്തിന്റെ തീവ്രത കേരളക്കരയിൽ തീർത്ത ദുരിതത്തിന്റെ പാടുകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ജൂഡും അണിയറപ്രവർത്തകരും മികച്ചൊരു ദൃശ്യവിരുന്നിനപ്പുറം കാലത്തിന്റെ കൃത്യമായ ഡോക്യുമെന്റേഷൻ ആയികൂടി ഈ ചിത്രത്തെ രൂപപ്പെടുത്തിയിട്ടുണ്ട്. 2018ൽ തന്നെ അനൗൺസ് ചെയ്ത സിനിമ വെളളിത്തിരയിലെത്താൻ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ തുടങ്ങിയ നീണ്ട താരനിരയുണ്ടായിട്ടും അതിന്റെ യാതൊരുവിധ ആർഭാടവും ഇല്ലാതെ അണിയിച്ചൊരുക്കിയ കാസ്റ്റിങ്ങിലെ കാര്യക്ഷമത എടുത്ത് പറയേണ്ട ഒന്നാണ്. ചെറിയ റോള്‍ ഉള്ളവർക്ക് പോലും അതിന്റേതായ പ്രാധാന്യവും സ്ക്രീൻ പ്രെസൻസും നൽകിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.
പ്രത്യേകിച്ച് മുഖവുരയൊന്നും സിനിമയുടെ മൂലകഥയ്ക്ക് ആവശ്യമില്ല. മലയാളികൾക്ക് ഏറെ സുപരിചിതമായ ഈ കഥാപശ്ചാത്തലത്തെ എങ്ങനെ ചടുലമായി അവതരിപ്പിക്കാം എന്ന ചോദ്യത്തിനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മനോഹരമായി ഉത്തരം നൽകിയിട്ടുള്ളത്. നേർരേഖയിലൂടെ സഞ്ചരിക്കാതെയുള്ള തിരക്കഥയുടെ വികാസ പരിണാമം ഉൾക്കൊള്ളുന്നവിധം വളരെ സവിശേഷമായി അനുഭപ്പെടുന്നു. ഇത്രയും വലിയ ക്യാൻവാസിൽ ചെയ്ത സിനിമ എളിമയോടെ പരുവപ്പെടുത്തിയത് എടുത്ത് പറയേണ്ടതാണ്. അനൂപ് എന്ന ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തെ ആയിരിക്കും കൂടുതലായും പ്രേക്ഷകർ നെഞ്ചോട് ചേർത്തിട്ടുണ്ടാവുക. പതിഞ്ഞ ശൈലിയിലുള്ള അഭിനയമാണ് ചിത്രത്തിൽ ടോവിനോ കാഴ്ചവച്ചിട്ടുള്ളത്. ആസിഫ് അലി, ലാൽ, നരേൻ, കുഞ്ചാക്കോ എന്നിവർ തങ്ങളുടെ റോളുകള്‍ മികച്ചതാക്കി. കഥാപാത്രങ്ങളോട് പ്രേക്ഷകന് പൂർണമായും സംവദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് അഭിനേതാക്കളുടെ പ്രകടനങ്ങൾ. ഇന്ദ്രൻസിന്റെ അഭിനയമികവ് വാക്കുകൾക്കതീതമാണ്. ടോവിനോയും ഇന്ദ്രൻസും ചേര്‍ന്നുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ മികവുറ്റതാണ്.

ജൂഡിന്റെ ക്രാഫ്റ്റ് ലെവൽ സിനിമയിലുടനീളം പ്രത്യക്ഷമാണ്. ഇത്രയും വലിയ ബജറ്റ് സിനിമ ഒരുങ്ങുന്നതിന്റെ യാതൊരു അനാവശ്യ പബ്ലിസിറ്റിയും ഉണ്ടാവാതിരിക്കാൻ സംവിധായകൻ തുടക്കംമുതൽക്കേ ശ്രദ്ധിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ അമിതഭാരം സിനിമാപ്രേമികളിൽ അടിച്ചേൽപ്പിച്ചിട്ടില്ല. ‘ഓം ശാന്തി ഓശാന’യും ‘ഒരു മുത്തശ്ശി കഥ’യും ‘സാറാസും’ സംവിധാനം ചെയ്ത ജൂഡ് മേക്കിങ് സ്റ്റൈല്‍ അടിമുടി അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. കഥയുടെ പുരോഗതിയിൽ ഉണ്ടാകുന്ന ഭീകരമായ മാറ്റങ്ങൾ പോലും ലളിതമായി കൈകാര്യം ചെയ്തിട്ടുണ്ട്. അനേകം തവണ ജൂഡിന്റെ മനസിലൂടെ ചിത്രത്തിന്റെ രൂപഘടന ആഴത്തിൽ പതിഞ്ഞതിന്റെ ഫലമാണിതെന്ന് ഉറപ്പാണ്.
തിരക്കഥാ രചന നിർവഹിച്ചിട്ടുള്ളത് ജൂഡ് ആന്റണി ജോസഫും അഖിൽ പി ധർമജനും ചേർന്നാണ്. വേണ്ടുവോളം സമയവും കഠിനാധ്വാനവും സ്ക്രിപ്റ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സംഭാഷണങ്ങൾ ദീർഘമാണെങ്കിലും മുഷിപ്പില്ലാത്തവിധം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രത്തിന് കാഴ്ച ഇല്ലാതെ ലോകം കാണിച്ചുകൊടുക്കുന്ന ആശയം തിരക്കഥാരചനയിലെ ബ്രില്ലിയൻസായി വീക്ഷിക്കാം. പല പല സ്ഥലങ്ങളിൽ ചിതറി കിടക്കുന്ന ജീവിതങ്ങളെ അവസാനത്തോട് അടുക്കുമ്പോൾ ഒരുമിച്ച് എത്തിക്കുന്ന പ്രക്രിയ വളരെ ജൈവമായി തിരക്കഥാകൃത്തുക്കൾ കൈകാര്യം ചെയ്തിട്ടുണ്ട്.
അഖിൽ ജോർജ്ജിന്റെ ഛായാഗ്രാഹണം ആഗോള നിലവാരത്തിലുള്ളതാണ്. ഫ്രെയിമുകൾക്ക് ്അപാരമായ ആംഗിളുകൾ നൽകാൻ കാമറാമാൻ നല്ലപോലെ അധ്വാനിച്ചിട്ടുണ്ട്. കാമറ വിന്യാസം സ്ക്രീനിൽ നിന്ന് കാണികളുടെ കണ്ണ് വഴുതിപോകാതിരിക്കാനുള്ള വീക്ഷണത്തോടെ ചിട്ടപ്പെടുത്തിയതാണ്. പ്രളയം ചിത്രീകരിക്കുമ്പോഴുള്ള വെല്ലുവിളികൾ ഒന്നും വിഷ്വൽ ക്വാളിറ്റിയെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത അഖിൽ പുലർത്തിയിട്ടുണ്ട്. കാണികൾ പ്രളയത്തിൽപ്പെട്ടപോലുള്ള അനുഭൂതി ഉണർത്തുന്നതിലും ഡിഒപി താരമായി.
ചമ്മൻ ചാക്കോയുടെ എഡിറ്റിങ് 2018 — ന്റെ നട്ടെല്ലാണെന്ന് വിശേഷിപ്പിക്കാം. സിനിമയുടെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് പോകാൻ ചിത്രസംയോജകന് സാധിച്ചിട്ടുണ്ട്. വിരസതയുടെ ഒരു കണിക പോലും അവശേഷിക്കാതെ സീനുകൾ തുന്നിച്ചേർത്തിട്ടുണ്ട്. ചിത്രത്തിലെ മർമ്മപ്രധാനമായ മുഹൂർത്തങ്ങളെ വികാരഭരിതമായ നിമിഷങ്ങളാക്കി മാറ്റിയതിൽ ചമ്മന്റെ പങ്ക് വളരെ വലുതാണ്.

നോബിൻ പോളാണ് സിനിമയുടെ സംഗീതവിഭാഗം കൈകാര്യം ചെയ്തിട്ടുള്ളത്. സിനിമയുടെ ഓവറോൾ ആംബിയൻസിനെ ഭംഗിയോടെ നിലനിർത്തിക്കൊണ്ടാണ് നോബിൾ തന്റെ ദൗത്യത്തിലെ ഓരോ ചുവടും മുന്നോട്ട് വച്ചിട്ടുള്ളത്. പശ്ചാത്തലസംഗീതത്തിന്റെ മായികമായ ഒഴുക്കിൽപ്പെട്ട് ദൃശ്യത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള വഴി പലയിടത്തും വിപുലമായി തുറന്നിടുന്നുണ്ട്. ക്ലൈമാക്സിനോട് അടുക്കുമ്പോഴുള്ള വികാരനിമിഷങ്ങളിൽ നമ്മെ കൂട്ടിക്കൊണ്ട് പോകുന്നതിൽ സംഗീതത്തിന്റെ പങ്ക് വളരെ വലുതാണ്. ആർട്ട് വിഭാഗത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചത് മോഹൻദാസ് ആണ്. ഇത്രയും കോംപ്ലിക്കേറ്റഡായ രംഗങ്ങൾ ചിത്രീകരിക്കാൻ സെറ്റിട്ട മോഹൻദാസിന്റെ മിടുക്ക് തെളിഞ്ഞു കാണാനാകും.

പ്രോപ്പർട്ടികൾക്കൊക്കെ യഥാസ്ഥാനം ക്രമപ്പെടുത്തിയത് കലാസംവിധാനത്തിന്റെ മികവായി കണക്കിലെടുക്കാം. പ്രളയം ഷൂട്ട് ചെയ്യാനായി ഒന്നര ഏക്കറിൽ തീർത്ത സെറ്റിന്റെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരത്തെ തന്നെ വയറലായതാണ്. വരുംകാല സിനിമകൾക്ക് കലാസംവിധാനത്തിൽ പുതിയൊരു മാനദണ്ഡം കൂടി കൽപ്പിക്കുകയാണ് ഇവിടെ. പ്രകൃതി അതിന്റെ ജീവജാലങ്ങൾക്കായി രൂപം കൊണ്ടതാണ്. പലതരം ജീവജാലങ്ങളിൽ മനുഷ്യകുലം അതിന്റെ പരിധിക്കപ്പുറം ഉപയോഗപ്പെടുത്തുന്നു. ഭൂമിയുടെ താളം ഇതിലൂടെ തെറ്റുന്നു. ക്ഷുഭിതമാകുന്ന പ്രകൃതി മനുഷ്യന് പ്രതിരോധിക്കാനാവാത്തവിധം അപ്രതീക്ഷിതമായി തിരിച്ചടികൾ തരുന്നു. ഓരോ ദുരന്തങ്ങളും മനുഷ്യനും ഭൂഗോളത്തിനുമിടയിൽ പിടിച്ച കണ്ണാടി ആകുന്നു. ഇത്തരം വ്യക്തമായ നിരീക്ഷണങ്ങള്‍ ‘2018’ ൽ പലയിടത്തും പരാമർശിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.