
രാഷ്ട്രീയ രക്തസാക്ഷികളെ ആക്ഷേപിക്കും വിധമുള്ള തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി അങ്കമാലിയിലെ വിമോചന സമര രക്തസാക്ഷികളുടെ പിൻതലമുറ. പള്ളികളിൽ കൂട്ടമണിയടിച്ച് വീടുകളിൽ നിന്നിറക്കി വിട്ട് കത്തോലിക്കാ സഭ കൊലയ്ക്കു കൊടുത്ത വിശ്വാസികളും പാംപ്ലാനിയുടെ പട്ടികയിൽപ്പെടുന്നുണ്ടോ എന്നാണ് അവരുടെ ചോദ്യം. രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ്. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്ന് തെന്നിവീണ് മരിച്ചവരുമാണ് — എന്നായിരുന്നു, ഞായറാഴ്ച കണ്ണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തു കൊണ്ട് ബിഷപ്പ് നടത്തിയ പ്രസ്താവന. യേശു ശിഷ്യന്മാരുടെ രക്തസാക്ഷിത്വത്തെ വിലമതിക്കുന്നയാളാണ് ബിഷപ്പെങ്കിൽ, സഭയുടെ വാക്ക് കേട്ട് തോക്കിനു മുന്നിലേക്ക് പോയ അങ്കമാലിയിലെ രക്തസാക്ഷികളോട് പരസ്യമായി മാപ്പ് പറയണമെന്ന്, വെടിവയ്പിൽ മരിച്ച ഒരു സഭാവിശ്വാസിയുടെ കുടുംബാംഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അങ്കമാലി വെടിവയ്പിന്റെ പിന്നാമ്പുറ രഹസ്യങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ പരസ്യാന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
1957‑ൽ, ജനാധിപത്യ സമ്പ്രദായത്തിലൂടെ കേരളത്തിൽ ഭരണത്തിലെത്തിയ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ കത്തോലിക്കാ സഭയുടെ മുഖ്യ കാർമികത്വത്തിൽ അരങ്ങേറിയതായിരുന്നു കുപ്രസിദ്ധമായ വിമോചന സമരം. ഏഴ് പേരുടെ മരണത്തിനിടയാക്കിയ അങ്കമാലി വെടിവയ്പ് ആ സമരാഭാസത്തിലെ കറുത്ത ഒരേടും. വെടിവയ്പ് നടന്ന 1959 ജൂൺ 13 — ന്, കൊറ്റമം കള്ളുഷാപ്പിന് മുമ്പിൽ നിന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത സാധാരണ സംഭവത്തെ പർവതീകരിച്ച്, അയാളെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു കൊന്നു എന്ന് പ്രചരിപ്പിച്ച് മറ്റൂർ, കൈപ്പട്ടൂർ, കൊറ്റമം പള്ളികളിൽ കൂട്ടമണിയടിച്ച് വിശ്വാസികളെ ഇളക്കി അങ്കമാലി ടൗണിലേക്കെത്തിക്കുകയായിരുന്നു. ആൾക്കൂട്ടം അങ്കമാലിയിലെത്തിയതോടെ ഫൊറോനാപ്പള്ളിയിലും കൂട്ടമണി മുഴങ്ങി.
അതിവൈകാരികതയാൽ നിയന്ത്രണം വിട്ട സമരക്കാർ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞപ്പോൾ വെടിവയ്പുണ്ടായി. ഏഴുപേർ തൽക്ഷണം മരിച്ചു. അങ്കമാലി വെടിവയ്പിൽ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഒരു തെറ്റുമുണ്ടായിട്ടില്ലെന്ന്, വെടിവയ്പിനെ തുടർന്ന് അങ്കമാലി പൊലീസ് ചാർജ് ചെയ്ത പൊലീസ് സ്റ്റേഷൻ ആക്രമണക്കേസ്സിലെ മൂന്നാം പ്രതിയും എഐസിസി അംഗവുമായിരുന്ന കെ സി കിടങ്ങൂർ, പിന്നീട് വ്യക്തമാക്കിയിരുന്നു. മരിച്ചവർക്കായി ഫൊറോനാപ്പള്ളി സെമിത്തേരിയിൽ കല്ലറകൾ തീർത്തു. വർഷംതോറും ജൂൺ 19 — ന് കല്ലറയിൽ നടത്തിവന്നിരുന്ന പ്രർത്ഥന ക്രമേണ ക്ഷയിച്ചു. ബിജെപിയെ തൃപ്തിപ്പെടുത്തുന്നതിൽ ഉത്സുകനായ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, അങ്കമാലി വെടിവയ്പിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാർത്ഥ അടിവേര് കണ്ടെത്താനുള്ള അന്വേഷണങ്ങളിലേക്ക് നീങ്ങുകയാണ് ഒരു കൂട്ടം യുവാക്കൾ.
English Summary; Descendants of Angamaly Martyrs against Archbishop
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.