21 December 2025, Sunday

Related news

December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025
November 25, 2025
November 25, 2025
November 24, 2025
November 23, 2025

വേനല്‍മഴ കേരളത്തില്‍ കുറവ്; രാജ്യത്ത് 12 ശതമാനം അധികം

പ്രദീപ് ചന്ദ്രന്‍
കൊല്ലം
May 23, 2023 8:25 pm

വേനല്‍മഴ കേരളത്തിന് ഗുണകരമായില്ലെങ്കിലും മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ രാജ്യത്ത് ലഭിച്ചത് 12 ശതമാനം അധികമഴ. മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 23 വരെ കേരളത്തില്‍ പെയ്തത് 222.3 മി.മീറ്റര്‍ മഴയാണ്. 277.5 മി. മീറ്ററാണ് ഇക്കാലയളവില്‍ ലഭിക്കേണ്ടത്. മൈനസ് 20 മുതല്‍ മൈനസ് 59 ശതമാനം വരെ ലഭിച്ചാല്‍ കുറവ് മഴയെന്നാണ് കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തുക. 

ആലപ്പുഴ, ഇടുക്കി, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ സാധാരണഗതിയില്‍ മഴ ലഭിച്ചെങ്കിലും ചെറിയ വ്യത്യാസം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. +19 ശതമാനം മുതല്‍ ‑19 ശതമാനം വരെയാണ് നോര്‍മല്‍. ആലപ്പുഴയില്‍ 277.4 മി. മീറ്റര്‍, ഇടുക്കിയില്‍ 383.3, കൊല്ലത്ത് 319.1, കോട്ടയത്ത് 400.2, പത്തനംതിട്ടയില്‍ 454.3, വയനാട് 217.9 എന്നിങ്ങനെ മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ട അളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസമില്ല.

എറണാകുളം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ മഴക്കുറവും കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ അധിക മഴക്കുറവുമാണ് ഇക്കാലയളവില്‍ ഉണ്ടായിട്ടുള്ളത്. കണ്ണൂരില്‍ മാര്‍ച്ച് മുതല്‍ മേയ് വരെ ലഭിച്ച മഴയുടെ അളവ് 51.3 മി.മീറ്റര്‍ മാത്രമാണ്. 180.1 മി.മീറ്ററാണ് ലഭിക്കേണ്ടത്. കാസര്‍ഗോഡ് 58.9 (174.8), കോഴിക്കോട് 71.5 (240.5) എന്നിങ്ങനെയാണ് കണക്ക്.

രാജ്യത്ത് വേനല്‍മഴ 12 ശതമാനം അധികം ലഭിച്ചതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് അധികമഴ ലഭിച്ചത്. ഈ സംസ്ഥാനങ്ങള്‍ കൂടി ചേരുന്ന മധ്യമേഖലയില്‍ അധികമായി 170 ശതമാനം മഴ കിട്ടിയതായാണ് കണക്ക്. സാധാരണഗതിയില്‍ 28 മി. മീ മഴ ലഭിക്കുന്ന ഇവിടെ ഇക്കുറി 76.6 മി. മീ. മഴയാണ് ലഭിച്ചത്. 

രാജ്യത്തിന്റെ കിഴക്കും വടക്കുകിഴക്കും മേഖലകളില്‍ മാത്രമാണ് ഇത്തവണ മഴക്കുറവ് അനുഭവപ്പെട്ടിട്ടുള്ളത്. 32 ശതമാനമാണ് കുറവ്. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 10 ശതമാനം അധികം മഴ ലഭിച്ചപ്പോള്‍ കേരളം ഉള്‍പ്പെടുന്ന തെക്കന്‍ സംസ്ഥാനങ്ങളില്‍ 50 ശതമാനം അധികമഴ ലഭിച്ചു. കിഴക്കന്‍ മേഖലയും വടക്കുകിഴക്കന്‍ മേഖലയും ഒഴിച്ച് രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വേനല്‍ക്കാലത്ത് ന്യൂനമര്‍ദ്ദങ്ങളും വായുമണ്ഡലത്തില്‍ നിന്ന് ചുഴലി രൂപത്തില്‍ പായുന്ന കാറ്റിന്റെയും ഫലമായി അടിക്കടി മഴ ലഭിച്ചിരുന്നു. അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കനത്ത മഴ റാബി വിളകള്‍ക്ക് പ്രതികൂലമായി. കൃഷിനാശവും സംഭവിച്ചു. എന്നാല്‍ പച്ചക്കറി കൃഷിക്ക് മഴ ഗുണം ചെയ്തുവെന്ന് കര്‍ഷകര്‍ പറയുന്നു. ഭൂജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനും വേനല്‍മഴ അനുയോജ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റും വേനല്‍മഴ വ്യാപകമാകാന്‍ കാരണമായിട്ടുണ്ട്.

Eng­lish Summary;Summer rain less in Ker­ala; 12 per­cent more in the country

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.