5 May 2024, Sunday

Related news

May 5, 2024
May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

വായ്പാ വിഹിതം വീണ്ടും വെട്ടിക്കുറച്ചു; കേരളത്തോട് കേന്ദ്രത്തിന്റെ പ്രതികാര നടപടി

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
May 26, 2023 8:35 pm

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി, റവന്യു ഡെഫിസിറ്റ് ഗ്രാന്റ് എന്നീ ഇനങ്ങളിൽ വെട്ടിക്കുറവ് വരുത്തി കേന്ദ്രം. 20,000 കോടി രൂപയാണ് 2023–24 സാമ്പത്തികവർഷം കുറച്ചിരിക്കുന്നത്. 32,000 കോടി രൂപയെങ്കിലും വായ്പാപരിധി പ്രതീക്ഷിച്ചിടത്ത് വെറും 15,390 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന് അർഹമായതിന്റെ പകുതി മാത്രമാണ്. ഇതിനുപുറമേയാണ് റവന്യു കമ്മി ഗ്രാന്റിൽ 10,000 കോടി രൂപയുടെ കുറവ് വരുത്തിയത്.
അര്‍ഹമായ കേന്ദ്രവിഹിതവും സാമ്പത്തിക സഹായങ്ങളും ലഭിക്കാതെ, ഞെരുക്കത്തിലായ കേരളത്തിന് കേന്ദ്രതീരുമാനം വലിയ തിരിച്ചടിയാകും.
സംസ്ഥാനങ്ങൾക്ക് എടുക്കാവുന്ന വായ്പ ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തിൽ കേന്ദ്ര സര്‍ക്കാരാണ് നിശ്ചയിച്ച് നല്കുക. 32,440 കോടി രൂപ പരിധി നിശ്ചയിച്ചെങ്കിലും വായ്പ എടുക്കാൻ അനുമതിയുള്ളത് 15,390 കോടി മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 23,000 കോടിയായിരുന്നു. ഇതിനോടകം 2000 കോടി സംസ്ഥാനം വായ്പ എടുത്തുകഴിഞ്ഞിട്ടുണ്ട്. ഇനി സംസ്ഥാനത്തിന് വായ്പ എടുക്കാവുന്ന തുക 13,390 കോടി മാത്രമാകും.
ഈ വര്‍ഷം ഡിസംബര്‍ വരെ എടുക്കാവുന്ന വായ്പാ തുകയ്ക്ക് അനുമതി തേടിയതിന് മറുപടിയായാണ് ആകെ എടുക്കാവുന്ന തുക സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പ്. കിഫ്ബി പദ്ധതി നടത്തിപ്പിനും വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി എടുത്ത വായ്പകളുടെ പേരിലാണ് നടപടിയെന്നാണ് വിവരം. ഈ വായ്പകള്‍ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യതയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം നേരത്തെ സൂചന നല്‍കിയിരുന്നു.
കടുത്ത സാമ്പത്തിക പ്രശ്‌നം നിലനില്‍ക്കുന്ന സംസ്ഥാനത്തെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുകയായിരുന്ന, ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും വിവിധ വികസനപ്രവര്‍ത്തനങ്ങളും തടസപ്പെടുമോയെന്ന ആശങ്കയാണ് ഇതോടെ ഉടലെടുക്കുന്നത്.

ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനം: ധനമന്ത്രി

ഇന്ത്യയിലെ ഒരു സംസ്ഥാനത്തോടും കാണിക്കാത്ത വിവേചനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഇത് അത്യന്തം പ്രതിഷേധാർഹമാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് വർഷങ്ങളായി 40,000 കോടിയിൽപ്പരം രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. ഇതിന് പുറമെയാണ് പുതിയ വെട്ടിക്കുറവ്.

കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറവ് നടത്തിയിട്ടും നികുതി വരുമാനങ്ങൾ വർധിപ്പിച്ചും ജനങ്ങളുടെ പിന്തുണയോട് കൂടിയുമാണ് കഴിഞ്ഞ വർഷം സംസ്ഥാനം പിടിച്ചുനിന്നത്.  കേരളത്തിൽ മൊത്തം റവന്യു ചെലവിന്റെ 70 ശതമാനത്തോളം സംസ്ഥാനം തന്നെ കണ്ടെത്തേണ്ടി വരുമ്പോൾ ചില വടക്കൻ സംസ്ഥാനങ്ങളിൽ അത് 40 ശതമാനം മാത്രമാണെന്നും ബാക്കി കേന്ദ്ര സഹായമാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Summary:Credit lim­it cut again; Cen­ter’s retal­i­a­tion against Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.