‘ഒരുമിച്ച് നടക്കാം വര്‍ഗ്ഗീയതയ്ക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി’ എന്ന മുദ്രാവാക്യവുമായി അവര്‍ നടന്നത് മുന്നൂറ് കിലോമീറ്ററോളം. എഐവൈഎഫിന്റെ സേവ് ഇന്ത്യാ മാര്‍ച്ചില്‍ പങ്കാളികളായതിന്റെ സന്തോഷത്തിലാണ് വനിതാ സ്ഥിരാംഗങ്ങള്‍.
കനത്ത വെയിലും പൊടിയും മഴയും അവഗണിച്ചാണവര്‍ മുന്നേറിയത്. ദേശീയ കമ്മിറ്റി അംഗമായ കൊല്ലം സ്വദേശി അഡ്വ. വിനീത വടക്കൻ ജാഥയുടെ വൈസ് ക്യാപ്റ്റനായതും സംഘടനയിലെ വനിതാ പ്രാതിനിധ്യം എടുത്തുകാണിക്കുന്നു. വടക്കൻ മേഖലാ ജാഥ മേയ് 17ന് കാസര്‍കോട് നിന്നുമാണ് പര്യടനം ആരംഭിച്ചത്.
അഡ്വ. വിനീത വിൻസെന്റ്, രജനി മനോജ്, അഭിത പുന്നക്കോട് എന്നിവരാണ് വടക്കൻ മേഖലാ ജാഥയിലെ വനിതാ സ്ഥിരാംഗങ്ങള്‍. കാസര്‍കോട് നിന്നും രണ്ട് ദിവസം ജാഥയുടെ ഭാഗമാകാൻ വന്നതായിരുന്നു എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ അഭിത പുന്നക്കോട്. രണ്ട് ദിവസം പിന്നിട്ടിട്ടും മടങ്ങാതെ ജാഥയ്ക്ക് മുന്നില്‍ ബാനറും പിടിച്ച് അവര്‍ നടന്നെത്തിയത് തൃശൂരില്‍. ആദ്യദിനം ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടുള്ള നടത്തം മനസ്സുകൊണ്ടായിരുന്നതിനാല്‍ ക്ഷീണമൊട്ടും അറിഞ്ഞില്ലെന്ന് അവര്‍ പറഞ്ഞു.
എഐവൈഎഫിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ രജനി മനോജ് റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്. എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ അഭിത പുന്നക്കോട് സ്റ്റാറ്റിസ്റ്റിക് ഇൻവെസ്റ്റിഗേറ്ററാണ്. രാവിലെ 8 മണിയോടെ ജാഥയ്ക്കായി അണിനിരക്കും, പിന്നെ ഇരുട്ട് കനക്കുന്നതു വരെ യാത്ര തുടരും. രാത്രിയില്‍ ജാഥയില്‍ പങ്കെടുക്കുന്ന സ്ഥിരാംഗങ്ങള്‍ക്ക് താമസിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ സൗകര്യങ്ങള്‍ ഒരുക്കി.
ഓരോ മണ്ഡലങ്ങളിലും ഒന്നിനൊന്ന് മികച്ച സ്വീകരണങ്ങളും അനുമോദനങ്ങളുമാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച തെക്കൻ മേഖലാ ജാഥയില്‍ അഞ്ച് വനിതാ സ്ഥിരാംഗങ്ങളാണുണ്ടായിരുന്നത്.
ജാഥാ വൈസ് ക്യാപ്റ്റനായിരുന്ന എഐവൈഎഫിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ഭവ്യ കണ്ണന്റെ നേതൃത്വത്തില്‍ യുവതികള്‍ അണിനിരന്നതോടെ തെക്കൻ മേഖലാ ജാഥയിലും വനിതാ പ്രാതിനിധ്യം ഉറപ്പിച്ചു. പത്ത് വര്‍ഷത്തോളം ലേബര്‍ കോടതിയില്‍ ജോലി ചെയ്ത അഡ്വ. ഭവ്യ മൂന്നാര്‍ ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗമാണ്. മുന്നൂറോളം യുവതികളാണ് മാര്‍ച്ചില്‍ പങ്കാളികളായത്.
English Summary;Women fighters also marched forward
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.