പങ്കാളി കൈമാറ്റ സംഭവത്തിലെ പരാതിക്കാരിയായ ഭാര്യയെ കൊലപ്പെടുത്തി വിഷം കഴിച്ച യുവാവ് മരിച്ചു. ഇന്നു പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞ 19നാണ് കേസിലെ പ്രതി ഷിനോ മാത്യുവിനെ വിഷം ഉള്ളിൽചെന്ന് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് ഏറെ വിവാദമായ പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ ഏക പരാതിക്കാരിയായ യുവതിയെ 19ന് പകലാണ് വെട്ടേറ്റ നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച് വീട്ടുമുറ്റത്ത് കമിഴ്‌ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയ മണർകാട് സ്വദേശിനിയായ 26കാരിയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിൽ പ്രതിയായ യുവതിയുടെ ഭർത്താവ് ഷിനോ മാത്യുവാണ് ആക്രമണത്തിന് പിന്നിലെന്ന് പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്ക് പോയിരുന്നു. മക്കൾ കളിക്കാനായി പുറത്തും പോയി. ഇവർ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടത്. യുവതി നൽകിയ പരാതിയെത്തുടർന്നാണ് ഭർത്താവടക്കം ഏഴുപേരെ പങ്കാളിയെ കൈമാറ്റം ചെയ്‌ത സംഭവത്തിൽ അറസ്‌റ്റ് ചെയ്‌തത്. യുവതിയുടെ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ വലിയ സംഘത്തെക്കുറിച്ചുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്.
മെസഞ്ചർ, ടെലിഗ്രാമടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കാളിയെ കൈമാറി കടുത്ത ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. കപ്പിൾ മീറ്റപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഭാര്യമാരെ സംഘാംഗങ്ങൾ കൈമാറിയിരുന്നത്. ഒൻപത് പേർ ക്രൂരമായ ലൈംഗിക പീഡനത്തിന് യുവതിയെ വിധേയയാക്കിയിരുന്നു. ബന്ധത്തിന് തയ്യാറാകാതെ വരുമ്പോൾ കുട്ടികളെയടക്കം ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. 2022 ജനുവരി മാസത്തിലാണ് യുവതിയുടെ ഭർത്താവടക്കം പൊലീസ് പിടിയിലായത്.
English Sammury: wife swapping case: Suspect who killed his wife and tried to commit suicide died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.