23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 11, 2024
November 11, 2024
November 10, 2024
November 9, 2024
October 12, 2024
September 28, 2024
September 22, 2024
August 31, 2024
August 17, 2024

പാര്‍ലമെന്റ് മന്ദിരം ശവപ്പെട്ടി ആകൃതിയിലെന്ന് ആര്‍ജെഡി; ട്വിറ്റര്‍ വിവാദത്തില്‍

web desk
ന്യൂഡല്‍ഹി
May 29, 2023 9:10 am

പുതിയ പാർലമെന്റ് മന്ദിരത്തിന് ശവപ്പെട്ടിയുടെ ആകൃതിയാണെന്ന ആർജെഡിയുടെ വിമർശനം വിവാദമാവുന്നു. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്റിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. ട്വീറ്റ് ഇതിനകം അന്താരാഷ്ട്ര തലത്തില്‍ തന്നെ വൈറലായിരിക്കുകയാണ്. സംഘ്പരിവാറിന്റെ ക്രൂരതകളും നരേന്ദ്ര മോഡിയുടെ ഏകാധിപത്യ ലക്ഷ്യവും താരതമ്യപ്പെടുത്തി പ്രാദേശികതലങ്ങളിലും മന്ദിരത്തിന്റെ രൂപസാദൃശ്യം ചര്‍ച്ച ചെയ്യുന്നുമുണ്ട്.

അതേസമയം ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോഡി ആവശ്യപ്പെട്ടു. ആർജെഡി എല്ലാ സീമകളും ലംഘിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചത്. എല്ലാ പാർട്ടിയുടെയും ജനപ്രതിനിധികൾ ഇരിക്കേണ്ട മന്ദിരമാണ്. ഇനി മുതൽ ആർജെഡി അം​ഗങ്ങൾ പാർലമെന്റ് ബഹിഷ്കരിക്കുമോ ? ആർജെഡി എംപിമാർ ലോക്‌സഭയിൽനിന്നും രാജ്യസഭയിൽനിന്നും രാജിവയ്ക്കുമോയെന്നും ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചത് ആർജെഡിയുടെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നും സുശീല്‍കുമാര്‍ പറഞ്ഞു.

ആര്‍ജെഡി നിലപാടിനെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും വിമർശിച്ചു. ഇത്തരമൊരു വിമർശനം ഉചിതമല്ല. ആർജെഡിക്ക് കാര്യങ്ങൾ അറിയില്ല. പഴയ പാർലമെന്റിന് ഫയർ ആന്റ് സേഫ്റ്റി സർട്ടിഫിക്കറ്റ് പോലും ലഭ്യമായിരുന്നില്ല. പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തത് ശരിയായില്ല. എന്തെല്ലാം വിമർശനങ്ങൾ ഉന്നയിക്കാമായിരുന്നു. എന്നാൽ ഈ രീതിയിൽ വിമർശിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു

അതിനിടെ എല്ലാ ഇന്ത്യക്കാര്‍ക്കും അവിസ്മരണീയ ദിവസമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രതികരണം. പുതിയ പാര്‍ലമെന്റ് മന്ദിരം എല്ലാവര്‍ക്കും അഭിമാനവും പ്രതീക്ഷയുമാണ്. രാജ്യത്തിന്റെ ശക്തിക്കും പുരോഗതിക്കും പുതിയ പാര്‍ലമെന്റ് പുതിയ കരുത്ത് നല്‍കുമെന്നും  നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു.

‘ലോക്‌സഭാ സ്പീക്കറായ ഓം ബിർല ചടങ്ങിൽ പങ്കെടുത്തു. എന്നാൽ, രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ കണ്ടില്ല. മുഴുവൻ പരിപാടിയും ചിലർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു’ എന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ പ്രതികരിച്ചത്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത രീതിയിൽ സന്തോഷവാനല്ല. ഉദ്ഘാടന ചടങ്ങുകൾ രാവിലെ ടിവിയിൽ കണ്ടു. അവിടെ പോകാത്തതിൽ സന്തോഷം തോന്നി. നമ്മുടെ രാജ്യ‌ത്തെ പിന്നോ‌ട്ട് നടത്തുകയാണോ. കുറച്ചാളുകൾക്ക് മാത്രമായിരുന്നോ പരിപാടിയെന്നും പവാർ ചോദിച്ചു. ജവർഹലാൽ നെഹ്റുവിന്റെ കാഴ്ചപ്പാടിൽ നിന്നും തീർത്തും പിന്നോട്ടുള്ള നടത്തമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോഡി പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം നടത്തിയെന്ന ആരോപണവുമായി സമാജ് വാദി പാർട്ടിയും രംഗത്തുവന്നു.

Eng­lish Sam­mury: rjd com­pares new par­lia­ment build­ing struc­ture with coffin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.