4 May 2024, Saturday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 18, 2023

ചിരിക്കിലുക്കവുമായി ‘സ്മാര്‍ട്ടാ‘കാന്‍ കുരുന്നുകളെത്തി

അരുണിമ എസ്
തിരുവനന്തപുരം
May 30, 2023 10:01 pm

കയ്യില്‍ ലഡുവുമായി തന്റെയടുത്തേക്ക് എത്തിയ കുരുന്നുകളെ ഒരു ചെറുപുഞ്ചിരിയോടെ മന്ത്രി വീണാ ജോര്‍ജ് ചേര്‍ത്തുനിര്‍ത്തി. തയ്യാറാക്കി വച്ചിരുന്ന പ്ലാവില തൊപ്പികളോരാന്നായി ഓരോരുത്തരുടെയും തലയില്‍ വെച്ചു. തൊപ്പി കിട്ടിയതും അല്പം ഗമയോടെ ഓടിയവരുടെ ചിരിക്കിലുക്കത്തിനൊപ്പം കുഞ്ഞിക്കാലുകളിലെ പാദസരകിലുക്കവും അവിടെയാകെ നിറഞ്ഞു. അറിവിന്റെ ലോകത്തേക്ക് കുരുന്നുകളെ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചത്. പൂജപ്പുരയിലെ സ്മാര്‍ട്ട് അങ്കണവാടിയില്‍ സംസ്ഥാനതല ഉദ്ഘാടനം വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

കളിക്കാന്‍ കൂട്ടിന് ഓലപീപ്പിയും ഓലപാമ്പുമൊക്കെ റെഡിയാക്കി വച്ചാണ് ക്ലാസ് മുറികളിലേക്ക് അവരെ സ്വീകരിച്ചത്. വീടുവിട്ട് പൊതുസമൂഹത്തിലേക്ക് ഇറങ്ങുക എന്ന നിലയില്‍ കുഞ്ഞുങ്ങള്‍ ആദ്യമെത്തുന്നത് അങ്കണവാടികളിലാണ്. അതുകൊണ്ട് തന്നെ പൊതുസമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഒക്കെ വലിയ പങ്കാളിത്തത്തോടു കൂടിയാണ് ‍അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. വിപുലമായ ഒരുക്കങ്ങളോടെയായിരുന്നു പ്രവേശനോത്സവം നടത്തിയത്. അങ്കണവാടി പ്രവര്‍ത്തകര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് ഗൃഹസന്ദര്‍ശനം നടത്തി കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് അങ്കണവാടികളിലേക്ക് ക്ഷണിച്ചിരുന്നത്. അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും നൽകി.
സംസ്ഥാനത്തെ 33,115 അങ്കണവാടികളിലായി മൂന്നര ലക്ഷത്തോളം കുഞ്ഞുങ്ങളാണ് ഇന്നലെ അങ്കണവാടികളിലെത്തിയത്.

എല്ലാ അങ്കണവാടികളും സ്മാര്‍ട്ടാക്കും: വീണാ ജോര്‍ജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളേയും സമയബന്ധിതമായി സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റുമെന്ന് വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി.
30 ലധികം അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളാക്കി മാറ്റിയിട്ടുണ്ട്. സുരക്ഷിതമായ ഒരു ഇടം എന്നതിനോടൊപ്പം കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന അന്തരീക്ഷം ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവല്‍ക്കരണം ലക്ഷ്യത്തോടടുക്കുകയാണ്. 2500ഓളം അങ്കണവാടികളില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇനി നൂറില്‍ താഴെ അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ലഭിക്കാനുള്ളത്. വൈദ്യുതി ലൈന്‍ വലിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് ഈ വര്‍ഷം തന്നെ മുഴുവന്‍ അങ്കണവാടികളിലും വൈദ്യുതി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി.

Eng­lish Summary;children with laughter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.