കേരളത്തിലെ കണ്ടൽ കാടുകളുടെ വിസ്തൃതിയിൽ വൻതോതിൽ കുറവ് സംഭവിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മലിനീകരണം, കരയിടിച്ചിൽ, ഉപ്പുവെള്ളത്തിന്റെ കയറ്റം, വെള്ളപ്പൊക്കം, സുനാമി എന്നിവയെ ഫലപ്രദമായി ചെറുക്കാൻ കണ്ടൽ സഹായിക്കുന്നുണ്ട്. കേരളത്തിൽ 700 ചതുരശ്ര കിലോമീറ്റർ കണ്ടൽ കാടുകൾ ഉണ്ടായിരുന്നത് ഇന്ന് വെറും 15 ആയി താഴ്ന്നുവെന്നാണ് പരിസ്ഥിതി ഗവേഷകർ പറയുന്നത്. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ മാത്രമാണ് കണ്ടൽ കാടുകൾ ശേഷിക്കുന്നത്. ഇതിൽ ഏറ്റവും കുറവ് ആലപ്പുഴ (70ഹെക്ടർ), കോട്ടയം (80 ഹെക്ടർ) ജില്ലകളിലാണ്.
ആവാസവ്യവസ്ഥയിലെ മാറ്റം, നീർത്തടങ്ങളിലെ അനധികൃത കൈയേറ്റങ്ങൾ എന്നിവയെല്ലാം കണ്ടൽ കാടുകളുടെ ശോഷണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മത്സ്യ സമ്പത്തിന്റെ ഉറവിടമായ കണ്ടൽ കാടുകൾ ദേശാടന പക്ഷികൾക്കും ജലപക്ഷികൾക്കും ആവാസമൊരുക്കുന്ന ഇടമായിരുന്നു. അതെല്ലാം നശിച്ചതോടെ ജീവജാലങ്ങളെല്ലാം കണ്ടൽകാടുകൾ വിട്ടകന്നു. ശാസ്ത്രീയപരമായി പല ഗുണങ്ങളുള്ള കണ്ടലുകളുടെ ആവാസ വ്യവസ്ഥ തിരിച്ച് പിടിക്കണമെന്നാണ് പരിസ്ഥിതി വിദഗ്ധർ പറയുന്നത്. കണ്ടലിന്റെ വേരുകൾ മണ്ണിനെയും മറ്റു വസ്തുക്കളെയും പിടിച്ചു നിർത്തി കരയെ സംരക്ഷിക്കുന്നതിനൊപ്പം വെള്ളം ശുദ്ധീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ പാറകളെ സംരക്ഷിക്കുകയും മത്സ്യങ്ങൾക്ക് പ്രജനന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന കണ്ടലുകളുടെ സേവനം പുതു തലമുറ മറന്നുപോയി.
അപൂർവ്വഇനം ജീവജാലങ്ങൾ ആവാസമിടമായി പ്രകൃതി ഒരുക്കിയ കണ്ടലുകളെ വൻതോതിൽ വെട്ടി നശിപ്പിക്കുകയാണ്. കായൽ തീരങ്ങളടക്കം കൈയേറി റിസോർട്ടുകളും ഹോട്ടലുകളും പണിയുന്ന ഇത്തരക്കാർ ആവാസവ്യവസ്ഥയെ നശിപ്പിച്ച് മുന്നോട്ട് പോകുകയാണ്. കണ്ടൽ കാടുകളുടെ എണ്ണം കുറയുന്നത് മത്സ്യ സമ്പത്തിന്റെ കണക്കിനെയും പരിമിതിപ്പെടുത്തുന്നുണ്ട്. മുൻകാലങ്ങളിൽ കണ്ടൽ വനങ്ങളോടനുബന്ധിച്ചു ഉല്പാദിപ്പിക്കപെടുന്ന ചെമ്മീനുകളുടെ കണക്ക് 30, 000 ടൺ ആയിരുന്നു. ഇന്നത് 5000 ടണ്ണിലേക്ക് ചുരുങ്ങി. കണ്ടലുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസത്തിന്റെ ഭാഗമായി ഇവയെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ നടപ്പാക്കിവരുകയാണ്.
English Summary: The area of mangrove forests has decreased sharply
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.