21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 1, 2025
March 28, 2025
March 22, 2025
March 17, 2025
March 14, 2025
February 26, 2025
February 20, 2025
February 11, 2025
February 10, 2025

നൈജീരിയ പത്തു മാസം തടവിലാക്കിയ ഇന്ത്യന്‍ നാവികര്‍ നാടണഞ്ഞു

ബേബി ആലുവ
കൊച്ചി
June 10, 2023 8:10 pm

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മൂന്ന് മലയാളികളുൾപ്പെടെ 16 ഇന്ത്യൻ നാവികർ നൈജീരിയയുടെ തടവിൽ നിന്ന് മോചിതരായി നാടണഞ്ഞു. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് 1.30ന് മലയാളികളായ മൂന്നു പേരും നെടുമ്പാശേരിയില്‍ വിമാനമിറങ്ങി.
അസംസ്കൃത എണ്ണ മോഷണം, സമുദ്രാതിർത്തി ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് നൈജീരിയൻ നാവികസേന നോർവീജിയൻ എണ്ണക്കപ്പലടക്കം 26 ജീവനക്കാരെ കസ്റ്റഡിയിലെടുത്തത്. കൊല്ലം നിലമേൽ സ്വദേശി വിജിത്ത്, എറണാകുളം മുളവുകാട് സ്വദേശി മിൽട്ടൺ ഡിക്കോത്ത, എറണാകുളം എളംകുളം കുമാരനാശാൻ നഗറിൽ സനു ജോസഫ് എന്നിവരാണ് സംഘത്തിലെ മലയാളികൾ. ഇതിൽ വിജിത്ത്, സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം പോരുവഴിയിലെ ഭർതൃ ഗൃഹത്തിൽ ജീവനൊടുക്കിയ വിസ്മയയുടെ സഹോദരനാണ്. വിജിത്ത് കപ്പലിലെ നാവിഗേറ്റീവ് ഓഫിസറും സനു ജോസഫ് ചീഫ് ഓഫിസറും മിൽട്ടൻ ഡിക്കോത്ത് ഓയിലറുമാണ്. ഇവരടക്കമുള്ള 16 ഇന്ത്യക്കാർക്കു പുറമെ എട്ട് ശ്രീലങ്കക്കാരും ഓരോ ഫിലിപ്പിൻസ്, പോളിഷ് പൗരന്മാരുമുൾപ്പെടുന്ന 26 അംഗ സംഘമാണ് തടവിലായത്. 

2022 ഓഗസ്റ്റ് ഏഴിന് അർധരാത്രിയാണ്, നൈജീരിയയിലെ എണ്ണ ശാലയ്ക്കു സമീപം ക്രൂഡ് ഓയിൽ നിറയ്ക്കാൻ ഊഴം കാത്ത് കിടക്കുകയായിരുന്ന നോർവെ ആസ്ഥാനമായുള്ള ഒഎസ്എം മാരിടൈം കമ്പനിയുടെ എം ടി ഹൈ റോയിക് ഐഡൻ എന്ന എണ്ണക്കപ്പൽ നൈജീരിയൻ സേനയുടെ പിടിയിലായത്. എണ്ണ മോഷ്ടാക്കളാണെന്ന ധാരണയോടെയായിരുന്നു നൈജീരിയൻ നാവികസേനയുടെ വരവ്. കപ്പലിനടുത്തേക്ക് നൈജീരിയൻ സേനയുടെ ബോട്ട് വരുന്നതു കണ്ട്, കടൽക്കൊള്ളക്കാരാണെന്ന് കരുതി എണ്ണക്കപ്പൽ അതിവേഗം ഓടിച്ചു പോയത് വിനയായി. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ വച്ച്, നൈജീരിയൻ സേനയുടെ നിർദേശപ്രകാരം ഗിനിയൻ നാവികസേന കപ്പൽ വളഞ്ഞപ്പോൾ, കടൽക്കൊള്ളക്കാരോട് എന്ന മട്ടിൽ അവരോട് കപ്പൽ ജീവനക്കാർ പെരുമാറിയതും പ്രകോപനത്തിനിടയാക്കി. ഗിനിയൻ നേവി ആവശ്യപ്പെട്ട പ്രകാരം രണ്ട് ലക്ഷം ഡോളർ മോചനദ്രവ്യമായി നൽകിയിട്ടും മോചിപ്പിക്കാൻ തയ്യാറാകാതെ, നൈജീരിയയിലെ അക്പോ ഓയിൽ ഫീൽഡിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചെന്നും സമുദ്രാർത്തി ലംഘിച്ചെന്നും ആരോപിച്ച് കപ്പലടക്കം ജീവനക്കാരെ നൈജീരിയയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

പിന്നീട്, നൈജീരിയയിലെ ബോണി തുറമുഖത്ത് കപ്പലിൽത്തന്നെ മാസങ്ങളോളം നീണ്ട തടവ്. മോചനം നീളുന്നതിൽ നൈജീരിയയിലെ രാഷ്ട്രീയ സ്ഥിതിഗതികളും കാരണമായി. ഫെബ്രുവരിയിൽ നടന്ന അവിടുത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിഷയം മുഖ്യ ചർച്ചയായിരുന്നു. അതിനനുസരിച്ച്, നിയമ നടപടികൾ നീളുകയും കോടതി കപ്പൽക്കമ്പനിയെയും ജീവനക്കാരെയും കുറ്റവിമുക്തരാക്കിയിട്ടും നടപടികൾ പൂർത്തിയാക്കാൻ വൈകുകയും ചെയ്തു. ക്രൂഡ് ഓയിൽ മോഷ്ടാക്കളല്ല എന്ന് തെളിയിച്ചതിനു പുറമെ, ദശലക്ഷക്കണക്കിന് ഡോളർ പിഴയടയ്ക്കുകയും ചെയ്തതോടെയാണ് മോചനം സാധ്യമായത്. 

Eng­lish Summary:Malayali sailors who were detained by Nige­ria for ten months have returned home

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.