19 December 2024, Thursday
KSFE Galaxy Chits Banner 2

ദുരന്തകാലഘട്ടത്തിന്റെ നാൾവഴികൾ

ഡോ. എ ടി മോഹൻരാജ്
വായന
June 11, 2023 2:45 am

പത്രപ്രവർത്തനത്തിന്റെ ഒരു കേന്ദ്രതലത്തിൽ നിന്നു കൊണ്ടാണ് അടിയന്തരാവസ്ഥ എന്ന രാഷ്ട്രീയ സംഭവത്തേയും കേരളത്തിലെ നക്സലൈറ്റ് ചരിത്രത്തേയും പി കെ ശ്രീനിവാസൻ രാത്രി മുതൽ രാത്രി വരെ എന്ന നോവലിൽ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ പത്രമെന്ന മാധ്യമത്തിന്റെ എല്ലാ അടയാളങ്ങളും അതിന്റെ ആഖ്യാനരീതിയിലും നിരീക്ഷണങ്ങളിലും പ്രകടമാകുന്നു. സമയസന്നിവേശം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ഒരു മാധ്യമപ്രവർത്തകന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ കഴിയുന്നു.

രാത്രി മുതൽ രാത്രി വരെ എന്ന നോവലിൽ കേരളത്തിന്റെ ചരിത്രത്തെ ഗവേഷണാത്മകമായ ഗൗരവത്തോടെ സമീപിക്കുകയും അടിയന്തരാവസ്ഥ എന്ന ദുരന്തകാലഘട്ടത്തിന്റെ നാൾവഴികൾ വളരെ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരു ഭരണകൂടം എത്ര മാത്രം ഭീകരമായ രീതിയിൽ മനുഷ്യാവകാശങ്ങളേയും മാധ്യമങ്ങളേയും മനുഷ്യ ജീവിതത്തേയും യൗവ്വനത്തെയും നേരിട്ട് മർദ്ദിച്ച് ഒതുക്കിയെന്ന് കൃത്യമായി ഇതിൽ രേഖപ്പെടുത്തുന്നു. ഫിക്ഷൻ എന്ന് തോന്നാത്ത രീതിയിൽ ഗവേഷണ സ്വഭാവത്തോടുകൂടിയാണ് ഇത് അവതരിപ്പിക്കുന്നതു എന്നത് ഈ നോവലിന്റെ പ്രത്യേകതയാണ്.
ഈ നോവൽ സോഷ്യൽ സയൻസിലോ പൊളിറ്റിക്കൽ സയൻസിലോ റിസർച്ച് ചെയ്യുന്ന രീതിയിൽ സംഭവങ്ങളെ അപഗ്രഥിച്ച് ഡോക്യുമെന്റേഷൻ ചെയ്യുന്നുണ്ട്. സാഹിത്യത്തിന്റെ പുറത്തേക്ക് കടന്നു വന്നുകൊണ്ട് അടിയന്തരാവസ്ഥയുടേയും നക്സലൈറ്റ് പ്രസ്ഥാനത്തിന്റേയും അനുഭവങ്ങളിലൂടെ ഒരു മിസ്റ്റിക്കൽ സ്വഭാവം കൈവരിക്കാൻ ഇതിനു അതുവഴി കഴിഞ്ഞിട്ടുമുണ്ട്. പത്രമാധ്യമങ്ങളുടെയും അതിനകത്തുളളവരുടേയുമൊക്കെ ഒരു നിർമ്മിതിയെന്ന നിലയിൽ ഇതിനൊരു നിഗൂഢത പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. വ്യക്തികളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറയുമ്പോൾ ഇത് വ്യക്തമാകുന്നു. അങ്ങനെ അടിയന്തരാവസ്ഥയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമൊക്കെയുളള ഒരു മഹത്തായ ഡോക്യൂമെന്റായി മാറുകയാണ് രാത്രി മുതൽ രാത്രി വരെ.

ഭരണകൂടത്തിന്റെ ആയുധമാണ് ടോർച്ചറിംഗ്. പുറത്തുള്ളവരെ അറിയിക്കുകയും വിയോജിക്കുന്നവരെയും മുറവിളികൂട്ടുന്നവരേയും ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാൻ മടിക്കില്ലെന്ന് ആക്രോശിച്ചു ഭീതിയിലാഴ്ത്തും. അടിയന്തരാവസ്ഥ കഴിഞ്ഞ് ജീവനോട് കൂടി പീഡനക്യാമ്പുകളിൽ നിന്നും ജയിലുകളിൽ നിന്നും അനാഥമായി പുറത്തുവന്ന എത്രയോ പേർ. അതിലൊരാളായിരുന്നു സ്ട്രീറ്റ് പത്രാധിപർ സുഭാഷ് ചന്ദ്രബോസ്. അവർക്കാർക്കും യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ജീവിതം വെറുമൊരു യാദൃച്ഛികതയായി അവസാനിച്ചിരിക്കാം. യുവകവി സുബ്രഹ്മണ്യദാസിനെപ്പോലുള്ളവർ ഞങ്ങൾ പരാജയപ്പെട്ട ഒരു ജനതയുടെ ഭാഗമാണെന്ന് പറഞ്ഞു ആത്മഹത്യയിലേക്ക് നടന്നു നീങ്ങിയ കാര്യം നോവലിൽ പറയുന്നുണ്ട്. ജീവിതം ശുന്യതയിൽ ആയിപ്പോയവരെക്കുറിച്ചും വിശദമാക്കുന്നുണ്ട്. അവരെല്ലാം ഭരണകൂടഭീകരതയിലൂടെ കടന്നു വന്നവരാണ്. അതൊക്കെ തെളിവുകൾ സഹിതം ശ്രീനിവാസൻ ഈ നോവലിൽ തെളിമയോടെ ആവിഷ്ക്കരിക്കുന്നു.
പ്രസ്ഥാനത്തിനകത്തുള്ളവരുടെ വിശ്വാസ്യതയെക്കുറിച്ചുള്ള സംശയം നോവലിൽ ഉന്നയിക്കുന്നു. കെ വേണു പോയിടത്തൊക്കെ അദ്ദേഹത്തെ പിൻതുടർന്നുകൊണ്ട് പൊലീസ് എത്തിയിരുന്നു. അക്കാര്യം വേണുവിന് അറിയാമായിരുന്നു എന്ന സൂചനയുണ്ട്. ബി രാജീവന്റേയും സച്ചിദാനന്ദന്റേയും ഗോവിന്ദപ്പിളളയുടേയും അടുത്തു പോകുമ്പോൾ പൊലീസ് പിന്നാലെതന്നെയുണ്ട്. വേണു അറിഞ്ഞോ ഇല്ലയോ എന്നതല്ല പ്രശ്നം.

വേണു എന്ന വിപ്ലവകാരിയെക്കുറിച്ച് കേരളത്തിലെ പൊലീസിന് റിപ്പോർട്ട് കിട്ടുന്നുണ്ടാവും വളരെ ലാഘവത്തോടെ വേണു സുഹൃത്തുക്കളുടെ വീടുകളിൽ കയറിപ്പോകുന്നുണ്ട്. യുപി ജയരാജിന്റെ വീട്ടിൽ വച്ച് പൊലീസ് തന്നെ പിടി കൂടിയ കാര്യം വേണു തന്നെ വിവരിച്ചിട്ടുണ്ട്. നക്സലൈറ്റുകൾ എന്റെ കുട്ടികളാണെന്ന് ജയറാം പടിക്കൽ തന്നെ ഒരധ്യായത്തിൽ പറയുന്നു. ഒരു പ്രസ്ഥാനം എങ്ങനെയാണ് ദുർബലമാകുന്നത് എന്ന് നോവലിസ്റ്റ് ഇവിടെ വ്യക്തമാക്കുന്നു.
എല്ലാ കഥാപാത്രങ്ങളും അവരുടെ യഥാർത്ഥ പേരുകളോടു കൂടി നോവലിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ നിഗൂഢതകളെ മാറ്റിവച്ചുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. അതിൽ ഒരാളുടെ പേരു മാത്രമാണ് മാറ്റിയിരിക്കുന്നത്. അബ്രഹാം ബെൻഹറിന്റെ പേര് പ്രൊഫസർ ജോൺ എന്നാക്കിയിരിക്കുന്നു. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി ആയിരുന്ന ബൻഹറിന്റെ മീശവരെ പോലീസ് പിഴുതെടുത്തു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പലരുടേയും പേരുകൾ അതേപടി ഉപയോഗിച്ചിട്ടുമുണ്ട്. ചരിത്രത്തിൽ എന്തെങ്കിലും വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ ചരിത്രം നോവലിസ്റ്റിനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് കരുതുന്നതു കൊണ്ടാവാം ഈ വ്യതിയാനം.
ഡോക്യൂമെന്റേഷന്റെ സത്യസന്ധതയാണ് ഇവിടെ പ്രധാനം. കേരളചരിത്രത്തിലെ ഏറ്റവും വലിയ ഡോക്യൂമെന്റേഷനായി ഈ നോവൽ നിലനിൽക്കുമെന്ന് ഉറപ്പാണ്.

രാത്രി മുതൽ രാത്രി വരെ
(നോവൽ)
പി കെ ശ്രീനിവാസൻ
ഡിസി ബുക്സ്, കോട്ടയം.
വില: 380 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.