ഒരു നട്ടപ്പാതിരയ്ക്ക് ഞാനവളോട് പറഞ്ഞു. ‘കുറേ കാലം കഴിഞ്ഞ് നമുക്ക് ഒരുമിച്ച് ജീവിക്കണം, കഥകൾ പറഞ്ഞ്, കവിത ചൊല്ലി, അടി കൂടി, തെറി പറഞ്ഞ്, തല നിറയെ വിരലോടിച്ച്, മൊരിയുന്ന മീനിനെ തിരിച്ചും മറിച്ചുമിട്ട് ഭംഗി നഷ്ടപ്പെടാതെ, ഇളംപച്ച ഇളകിപ്പോകാവിധം സ്നേഹം കൂട്ടിക്കുഴച്ച്, ജീവിതം അടിച്ചു പൊളിക്കണം’.
‘ഒരു അമ്പത് അറുപത് ആകട്ടെ’
തൊട്ടപ്പുറം കിടക്കുന്ന മകളെ ഒന്നുകൂടി ചേർത്ത് കിടത്തി അവൾ മറുപടി പറഞ്ഞു.
ഉന്തി നിൽക്കുന്ന എന്റെ മുമ്പിലെ രണ്ടു പല്ലുകളെ (ഇനാമൽ നഷ്ടപ്പെട്ട് ‘റ’ ആകൃതിയിൽ വളഞ്ഞിരിക്കുന്ന തമ്മിലൊന്നിനെ അവളെപ്പോഴും വിമർശിക്കുമായിരുന്നു)
താഴത്തേതുങ്ങളോട് കടിച്ചമർത്തി ഞാനെന്റെ അമർഷം തീർത്തു.
അമ്പതും, അറുപതും… ഹോ, കാലമെത്ര കഴിയണം.
ഇനി ജീവിച്ച അത്രയും ഞാൻ വീണ്ടും ജീവിക്കണം. പോരാത്തതിന് ആയുസിന്റെ കാര്യം സംശയമാണ്. ഓരോ ദിവസവും തള്ളിനീക്കാൻ പ്രയാസപ്പെടുമ്പോഴാണ് അവളെ കണ്ടതും, നെഞ്ചിൽ അപ്പാടെ കൊണ്ടതും.
മോഹമെന്ന ഭ്രാന്തമായ വികാരത്തിന് അടിമപ്പെടുത്തുക അല്ലെങ്കിലും പെണ്ണുങ്ങളുടെ വിനോദമാണ്. അവറ്റകളെ വിശ്വസിക്കാനേ പാടില്ല. സ്വഭാവമഹിമ പാടിപ്പാടി കീഴ്പ്പെടുത്തിക്കളയും.
അത്രയ്ക്കൊന്നും ഇല്ലെന്ന് അറിയുമ്പോഴേക്കും വക്ക് കൂർപ്പിച്ച കാഠിന്യമേറിയ കഠാര കഴുത്തിൽ തുന്നിവയ്ക്കും. തിരിഞ്ഞാലും മറിഞ്ഞാലും വേദനിക്കും. അവളെ മാത്രം നോക്കി കാലം കഴിക്കുക തന്നെയാവണം വിധിയുടെ വിൽപത്രമെഴുത്ത്.
ഓർമ്മകളുടെ നീക്ക് പോക്ക് തീർന്നപ്പോഴേക്കും തുടരെത്തുടരെ സന്ദേശങ്ങളുടെ ഘോഷയാത്ര.
‘എന്താ ഓൺലൈനിൽ ഇരുന്നിട്ടും മെസേജ് ഇല്ലാത്തെ?
‘ആരോടാ ചാറ്റിങ്?’
‘മിണ്ടാൻ വയ്യേ?’
തീക്ഷ്ണതയേറിയ എന്തിന്റെയും പേര് ശല്ല്യമാണെന്ന് പറഞ്ഞാൽ അവൾക്ക് വേദനിക്കും.
അവളനുഭവിച്ച പ്രസവവേദനയെക്കാളും പ്രശ്നമാകുമത്. പ്രസവവേദനയ്ക്ക് പിന്നീട് മറവി വരുമെന്ന് അയൽക്കൂട്ടവാർഷികത്തിൽ അമ്മ പ്രസംഗിച്ചിരുന്നു.
അതിന്റെ അടുത്ത വർഷം ഏട്ടന്റെ കാമുകിക്ക് മൂക്കിന് നീളമേറെയാണെന്ന് പരാതിപ്പെട്ട് ജീജ ചേച്ചിയെ അവന്റെ ജീവിതത്തിൽ നിന്ന് പിഴുത്തെറിഞ്ഞ സ്ത്രീയും അമ്മ തന്നെ. ദേവീവിലാസം പബ്ലിക് സ്കൂളിലെ ചിരി വിള്ളാൻ മറന്നു പോകാറുള്ള ഹീര ക്ലർക്കിനെ മൂത്ത മരുമകളാക്കുകയും ചെയ്തു.
അതില്‍പ്പിന്നെ ഏട്ടൻ പണിപ്പെട്ട് ചിരിക്കാറുള്ളതും, പൊരുത്തപ്പെടലിനെ (പെണ്ണുങ്ങളുടെ എന്ന് പറയപ്പെടുന്ന കുത്തകാവകാശം) ഏറ്റെടുത്തതും.
വീട് മ്ലാനമായെങ്കിലും പ്രസവവേദന മറന്നുപോകാറുള്ള മറ്റേത് സ്ത്രീയേയും പോലെ അമ്മ ഏട്ടന്റെ മുകളിൽ അമ്മത്തം കെട്ടിയാടി.
ഞങ്ങളെല്ലാം തുറന്നു പറയാറുണ്ട്.
നിസഹായതയുടെ ഇരുളിമ രണ്ടുപേരിലും ഉണ്ടാവാറുള്ളത് സത്യമെങ്കിലും അനുഭവിച്ച സന്തോഷങ്ങൾക്ക് വ്യാപ്തിയേറെ.
മൊബൈലിലെ അൺലിമിറ്റഡ് വാലിഡിറ്റി മൊത്തത്തിൽ ഉപയോഗിക്കുക ആദ്യമൊക്കെ ഹരമായിരുന്നു. പിന്നീട് കുറഞ്ഞു കുറഞ്ഞു തിരക്കുകളിലേക്ക് മാറിക്കൊണ്ടിരുന്നു.
കൊടുത്താൽ കുറഞ്ഞു പോകാത്തതാണ് സ്നേഹമെന്നത് ശുദ്ധഅസംബന്ധമായി ഇപ്പോൾ തോന്നാറുണ്ട്.
മകൾ അവന്തികയെ ഡാൻസ് പഠിപ്പിക്കാൻ വന്നതായിരുന്നു അവൾ. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ, അതായിരുന്നു എന്റെ വികാരം.
മുന്താണിക്കിപ്പുറം അടുക്കടുക്കായി വച്ച സാരിച്ചുരുളുകളിലൊന്നിലേക്ക് അവളുടെ കഴുത്തിലെ നൂലുമാല നൂണ്ടുകിടക്കുന്നു. താലിയുണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചു. ദൈവം കേട്ടില്ല. അവന്തിക അടവുകളോരോന്നും പഠിക്കുമ്പോൾ അവളുടെ അമ്മയെ പാട്ടിലാക്കാനുള്ള അടവുകൾ ഞാൻ തിരയുകയായിരുന്നു.
എന്റെ ശ്രമം വിജയിച്ചു. അവളിലൊരു ഉൽപ്രേക്ഷ ആദ്യമുണ്ടായിരുന്നുവെങ്കിലും മിഷൻ സക്സീഡെഡ് ഇൻ ലാസ്റ്റ് മിനിറ്റ്.
എത്ര പെട്ടന്നാണ് മനുഷ്യർ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നത്?
പേടിയാവുന്നു. രേണു ഇനിയുമൊരു ബന്ധത്തിലേക്ക് വഴുതുമോ എന്ന് ഞാൻ വ്യാകുലപ്പെട്ടു.
അവളുടെ ലാസ്റ്റ് സീൻ, കോൾ ബിസി, മറ്റുള്ളവരോടുള്ള ഇടപെടൽ എല്ലാമെല്ലാം സാകൂതം നിരീക്ഷിച്ചു.
‘നീയെന്താ മിണ്ടാത്തത്?’
എന്നവൾ വീണ്ടും ചോദിച്ചു.
എന്തൊക്കെയോ പറയാനുണ്ടായിട്ടും,
നത്തിങ്, ന്റെ ഷോട്ട്ഫോമായ ‘എൻടിഎച്ച്എൻജി‘യിൽ ഞാനെല്ലാം ഒതുക്കി. സമയം രാത്രി 11.32, എല്ലാം നിലച്ചു. അവൾ ഓൺലൈനിൽ നിന്ന് പോയി. അവൻ വന്നിട്ടുണ്ടാവണം. വാതിൽ അടഞ്ഞിട്ടുണ്ടാവണം. ഞാൻ ജാലകപ്പൊളികളിലൊന്ന് തുറന്നിട്ടു. അടഞ്ഞ വാതിലുകളിലേക്ക് നോക്കരുതെന്ന് മനസിനെ പഠിപ്പിച്ചു. തുറന്ന ജാലകത്തിൽ നക്ഷത്രങ്ങൾ പൂത്തു.
വിഷാദമുഖിയായ ഒരു ഇരുണ്ട വാൽനക്ഷത്രത്തോട് ചുണ്ട് കോട്ടി ചിരിച്ചു. ഉണർവില്ലാതെ അത് പുഞ്ചിരിക്കാൻ പോലും പണിപ്പെട്ടു. അല്ലെങ്കിലും ചിരിയേക്കാൾ ബുദ്ധിമുട്ട് പുഞ്ചിരിക്കാനാണ്. ആവശ്യത്തിന് മാത്രം ചേരുവകൾ ചേർത്ത് സ്വാദിഷ്ടമായ വിഭവം വിളമ്പുംപോലെ പുഞ്ചിരിക്കണമെന്ന് ഞാനവളോട് നിർബന്ധം പിടിച്ചുകൊണ്ടേയിരുന്നു.
വർഷങ്ങൾ അതിവേഗം കടന്നുപോയി. നാൽപ്പതിന്റെ മൈൽക്കുറ്റി പെയ്തു തീർന്നു. അവൾ വിഷാദം ഛർദിച്ചുകൊണ്ടിരുന്നു.
എനിക്ക് മടുത്തില്ല. ജാലകോരത്ത് വീണ്ടും കാത്ത് നിന്നു. ‘അമ്പതിന്റെയും അറുപതിന്റെയും ഇടയിലെ ദൂരം വലുതാണെ‘ന്ന് അവൾക്ക് മറുപടി അയച്ചു.
‘കാത്തിരിപ്പിന്റെ അവസാനനാഴികകൾ പ്രയാസമേറിയതാണെ‘ന്ന അവളുടെ മറുകുറി.
പകുതിയിലെവിടെയോ ഞാനിങ്ങനെ തളർന്നിരുന്നു.
ജോൺഡണിന്റെ കോമ്പസ് പ്രേമം പോലെ അവളെന്റെ ചുറ്റുമിങ്ങനെ ആരമായി, വ്യാസമായി രൂപാന്തരപ്പെട്ടു. കാലാവധിയില്ലാത്ത കാത്തിരിപ്പിന്റെ സുഖം ഞങ്ങൾക്കിരുവർക്കും അനുഭവപ്പെട്ടു. ‘പെട്ടന്ന് ഈ യന്ത്രവൽകൃത ലോകം നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന്’ ഞങ്ങൾ പരിഭവപ്പെട്ടു.
നക്ഷത്രം പെട്ടന്ന് കണ്ണു ചിമ്മി. വീണ്ടും തമ്മിൽ
കാണുമെന്ന പ്രതീക്ഷയിൽ ഞാനും!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.