13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026

കത്തിയെരിയുന്ന‍ മണിപ്പൂർ നല്‍കിയ തിരിച്ചറിവ്

Janayugom Webdesk
June 30, 2023 5:00 am

കോഴിയെ കുറുക്കൻ സംരക്ഷിച്ച ചരിത്രമില്ലെന്ന് വ്യക്തമായറിയാമെങ്കിലും നിറം മാറിയ കുറുക്കന്റെ സ്വഭാവം എന്നെങ്കിലും മാറിയാലോ എന്ന ശങ്ക ആശങ്കയായി തന്നെ മാറിയിരിക്കുകയാണ്. കേരളത്തിൽ നിലംതൊടാൻ യാതൊരു സാധ്യതയും മുന്നിലില്ലെങ്കിലും എന്നെങ്കിലും പാർലമെന്റിൽ കേരളവസന്തം പൊട്ടിവിടർന്നാലോ എന്ന അത്യാഗ്രഹത്തിലാണ് ബിജെപി ക്രൈസ്തവസ്നേഹം മുളപ്പിച്ചെടുക്കാൻ ശ്രമിച്ചത്. ബിജെപി എന്ന അക്കരപ്പച്ചയെ കണ്ണടച്ച് വിശ്വസിച്ചവർക്കും ഇപ്പോൾ കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നുണ്ടെന്ന കാര്യം ഏറെക്കുറെ വ്യക്തമായി. ആട്ടിൻതോലണിഞ്ഞ ചെന്നായ ഒരിക്കലും ആടാകില്ലെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്തവർക്ക് മണിപ്പൂരിലെ അടങ്ങാത്ത കലാപം പാഠമായിരിക്കുകയാണ്. കേന്ദ്രസർക്കാർ റബ്ബർ വില മുന്നൂറ് രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നും ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലാണ്.

മൂന്നുമാസം തികഞ്ഞില്ല, മണിപ്പൂരിൽ നടക്കുന്ന കലാപത്തെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരും മണിപ്പൂർ സർക്കാരും ശ്രമിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി ഇന്നലെ മാർ ജോസഫ് പാംപ്ലാനി പരസ്യമായി രംഗത്തുവന്നു. ഇന്ത്യയിൽ വിവേചനമില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി യുഎസിൽ പറഞ്ഞത്. ഇത് മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്ര ധാനമന്ത്രി പറയണം. മണിപ്പൂ രിൽ ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കലാപമാണവിടെ നടക്കുന്നത്. കലാപകാരികൾക്ക് എവിടെ നിന്നാണ് പൊലീസിന്റെ ആയുധം ലഭിച്ചതെന്ന് പരിശോധിക്കണം. ഭരണകൂടത്തിന്റെ മൗനാനുവാദം ലഭിച്ചോയെന്നു സംശയിക്കണം. മണിപ്പൂർ കത്തിയെരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിനു ശ്രമിക്കുന്നില്ല. സൈനിക ബലമുള്ള രാജ്യത്തു കലാപം അമർച്ച ചെയ്യാൻ കഴിയാത്തതു ശരിയല്ല. മണിപ്പൂരിലേതു വംശഹത്യയാണ്, മാര്‍ പാംപ്ലാനി തുറന്നു പറഞ്ഞു. ബിജെപി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലാക്കാക്കി ഇറക്കുന്ന ഏകീകൃത സിവിൽ കോഡിനെയും ഇതോടൊപ്പം രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മണിപ്പൂരിൽ ക്രൈസ്തവവിശ്വാസികൾക്ക് നേരെ ആക്രമണങ്ങൾ അതിരൂക്ഷമായി നടക്കുകയാണെന്നും ആരാധനാലയങ്ങൾ വ്യാപകമായ തോതിൽ നശിപ്പിക്കപ്പെടുകയാണെന്നും വിദ്യാലയങ്ങൾ അടക്കമുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയാണെന്നും ആഴ്ചകൾക്ക് മുമ്പുതന്നെ ലോകത്തോടു പറഞ്ഞത് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡോമനിക് ലൂമോണാണ്. പ്രധാനമന്ത്രിക്ക് അടക്കം അദ്ദേഹം കത്തെഴുതി.


ഇതുകടി വായിക്കൂക: മണിപ്പൂരില്‍ ഭരണകൂടത്തിന്റെ വംശഹത്യ


കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ ബിജെപിയെയോ അവരുടെ പ്രീണനത്തെയോ സൗഹൃദസന്ദർശന പരിപാടികളെയോ ഒരുകാലത്തും വിശ്വസിച്ചിരുന്നില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തിയിരുന്ന വൈദികരെയും സന്യാസിനികളെയും വ്യാപകമായ തോതിൽ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തവർ ആട്ടിൻതോലണിഞ്ഞ് എത്തുന്നത് എന്തിനാണെന്ന കാര്യം ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. രാജ്യത്ത് ബിജെപിയും സംഘ്പരിവാറും അവരുടെ അക്രമിസംഘങ്ങളും യാതൊരു ജനാധിപത്യമര്യാദകളുമില്ലാതെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നവരാണ് ജനങ്ങൾ. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത് ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളും ജനാധിപത്യ പാർട്ടികളുമാണ്. വർഗീയതയെയും ജാതീയതയെയും മാത്രം കൂട്ടുപിടിച്ച് രാജ്യത്തെ ഭൂരിപക്ഷമതവിശ്വാസികളുടെ ഉള്ളിൽ വെറുപ്പിന്റെ വിഷം കുത്തിവച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിൽ വിജയിച്ച ബിജെപിയും അതിന്റെ ആത്മാവായ സംഘ്പരിവാറും എന്ത് നന്മയാണ് ഈ രാജ്യത്തിന് ചെയ്തതെന്ന് ചിന്തിക്കുന്ന മനസുകൾക്ക് മനസിലാകും. ദുഷ്ടലാക്കുകളോടെ മാത്രം പ്രവർത്തിക്കുന്ന, രാജ്യത്തിന്റെ നാനാത്വത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന, ഇതരമതവിശ്വാസികളെ കൊന്നൊടുക്കാന്‍ മടിക്കാത്ത, ഭരണഘടനയെപ്പോലും നോക്കുകുത്തിയാക്കുന്ന ഈ ഛിദ്രശക്തികളുടെ താൽക്കാലികമായ പ്രീണനങ്ങളിൽ വീഴാതിരിക്കാനുള്ള ജാഗ്രത എല്ലാവിഭാഗം ആളുകൾക്കും ഉണ്ടാകണം. കേരളത്തിന്റെ മതസാമുദായിക മൈത്രി നിലനിർത്താൻ ഇടതുപക്ഷവും ഇടതുപക്ഷ സർക്കാരുകളും ചെയ്ത പ്രവർത്തനങ്ങളെ അട്ടിമറിക്കാനോ മറികടക്കാനോ അത്രപെട്ടെന്നൊന്നും ബിജെപിക്കും സംഘ്പരിവാറുകാര്‍ക്ക് കഴിയില്ല. താൽക്കാലികമായ പ്രീണനങ്ങളെ വൈകാതെ തന്നെ എല്ലാവരും തിരിച്ചറിയുന്നു എന്നതിന്റെ ഉത്തമോദാഹരമാണ് ആർച്ച് ബിഷപ്പ് പാംപ്ലാനിയെപ്പോലുള്ളവരുടെ പ്രസ്താവന.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.