22 December 2024, Sunday
KSFE Galaxy Chits Banner 2

പുളിയിലക്കര ചുറ്റിയ പ്രണയം

ഷർമിള സി നായർ
July 2, 2023 12:28 pm

“എന്റെ പാട്ടു പരിപാടി പത്തിൽ തോറ്റു. പിന്നെ ആദ്യ കോളജ് പ്രണയത്തിൽ ഒന്ന് തളിർത്തു. പിന്നെ, ങ്ഹാ! കരിഞ്ഞു പോയി…”
ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലങ്ങളിലൊന്നും തിരിച്ചറിയാനാവാതെപോയ ഒരാൾ. അധികം ആരോടും തോന്നാത്ത ബഹുമാനം തോന്നിയിട്ടുള്ള ഒരാൾ. അക്കാലത്തൊന്നും അദ്ദേഹത്തിലെ അക്ഷര സ്നേഹിയെ അറിഞ്ഞിരുന്നില്ല. അടുത്തിടെ ഒരു ആർട്ടിക്കിൾ ഷെയർ ചെയ്തപ്പോൾ അദ്ദേഹം പങ്കുവച്ച വാക്കുകൾ. മറ്റുള്ളവരുടെ സ്വകാര്യത ചികയാൻ തീരെ താൽപര്യമില്ലെങ്കിലും അറിയാതെ ചോദിച്ചു പോയി.
“ങ്ഹാ! കരിഞ്ഞു പോയോ. അതെങ്ങനെ…?”
“എന്നിട്ടു വേണം എന്നെ നഷ്ട പ്രണയനായകനാക്കി കവിത എഴുതാനെന്നു” പറഞ്ഞദ്ദേഹം പൊട്ടിചിരിച്ചു. പിന്നെ സരസമായി അക്കഥ വിവരിച്ചു.
“കരിഞ്ഞെന്നല്ല, വെന്തു പോയി എന്ന് പറയുന്നതാണ് കൂടുതൽ ശരി. പിജി കാലഘട്ടത്തിലെ ഒരു ഓണാഘോഷം. അന്നൊക്കെ ഓണം എത്ര നിറപ്പകിട്ടാർന്നതായിരുന്നു. ഉത്രാട തലേന്നാണെന്നാണ് ഓർമ്മ. വല്യ ഗായകനൊന്നുമല്ലേലും ഇമ്മിണി ബല്യ പാട്ടുകാരനായിരുന്നുട്ടാ നോം. ല്ലാരും നിർബ്ബന്ധിച്ചപ്പോൾ ങ്ങട് പാടി. കുറച്ച് അന്തർമുഖത്വമുണ്ടായിരുന്നതിനാൽ തന്നെ നുമ്മെ അധികമാർക്കും പരിചയവുമില്ല. ഏത് പാട്ടു പാടണമെന്നു പോലും നിശ്ചയല്യ. സ്റ്റേജിൽ കയറി നിൽക്കുമ്പോൾ മുന്നിൽ നിറയെ മുണ്ടും നേര്യതുമണിഞ്ഞ സുന്ദരിമാർ. പത്തിൽ തോറ്റ എന്നിലെ കാമുകൻ സട കുടഞ്ഞെണീറ്റു. ഒരു പട്ടുപാവാടക്കാരി ഓർമ്മകളിൽ ഓടിക്കളിച്ചു. മുൻ നിരയിൽ ചന്ദനക്കുറി തൊട്ട്, പുളിയിലകരയുള്ള മുണ്ടും നേര്യതും ധരിച്ചിരിക്കുന്ന പെൺകുട്ടിയിൽ എന്റെ കണ്ണുകളുടക്കി. എന്റെ പഴയ പട്ടുപാവാടക്കാരി മുണ്ടും നേര്യതും ചുറ്റി മുന്നിലിരിക്കുന്നതു പോലെ. സദസിൽ നിന്ന്
“പാടാൻ പറ്റീല്ലേൽ ഇറങ്ങിപ്പോടെ…” യെന്ന കൂവൽ ഉയർന്നപ്പോഴാണ് സ്ഥലകാല ബോധമുണ്ടായത്. പുളിയിലക്കര പുടവ ചുറ്റിയ ആ സുന്ദരിയെ നോക്കി ഞാനങ്ങ് പാടി. സദസിൽ നിന്ന് നിർത്താത്ത കയ്യടി ഉയരുമ്പോഴാണ് പാട്ട് തീർന്നു പോയെന്നറിയുന്നത്. എന്റെ കണ്ണപ്പോഴും അവളിലായിരുന്നു. സത്യം പറയാല്ലോ, ജീവിതത്തിലിന്നുവരെ അത്രയും ശ്രുതി ശുദ്ധമായി ഞാൻ പാടിയിട്ടില്ല.”

“പുളിയിലക്കരയോലും പുടവചുറ്റി
കുളിർ ചന്ദനത്തൊടുകുറി ചാർത്തി…
നാഗഫണത്തിരുമുടിയിൽ
പത്മരാഗമനോജ്ഞമാം പൂ തിരുകീ
സുസ്മിതേ നീ വന്നൂ!
ഞാൻ വിസ്മിതനേത്രനായ് നിന്നൂ…”
ലോഹിതദാസിന്റെ തിരക്കഥയിൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ആദ്യചിത്രമായ ജാതകത്തിലെ മനോഹരമായ ഗാനം. കെ എസ് ചിത്രയ്ക്ക് അവാർഡ് കിട്ടിയ “അരളിയും കദളിയും പൂവിടും…”, ”നീരജദല നയനേ…”, ”പുളിയിലക്കരയോലും…” ഉൾപ്പെടെ മൂന്ന്
ഗാനങ്ങളാണ് ചിത്രത്തിൽ. ഗാനങ്ങൾക്ക് സംഗീതം പകർന്നതാകട്ടെ സുരേഷ് ഉണ്ണിത്താന്റെ സഹോദരൻ ആർ സോമശേഖരൻ. ‘ഇതും ഒരു ജീവിതം’ എന്ന ചിത്രം കഴിഞ്ഞ് ഏഴ് കൊല്ലത്തിനുശേഷമാണ് സോമശേഖരൻ വീണ്ടുമൊരു ചിത്രത്തിന് ഈണമിടുന്നത്. ഖരഹരപ്രിയയുടെ എല്ലാ സാധ്യതകളുമുൾക്കൊണ്ട സോമശേഖരന്റെ ഈണവും യേശുദാസിന്റെ ഇമ്പമേറിയ ആലാപനവും കൂടിയായപ്പോൾ പാട്ട് കേട്ടു തീർന്നാലും ബാക്കിയാവുന്ന തോന്നൽ. സോമശേഖരന്റെ പ്രതീക്ഷയ്ക്കപ്പുറം ഹിറ്റായി മാറി ‘പുളിയിലക്കരയോലും’ എന്ന നിത്യ ഹരിത മെലഡി.
മാധവനുണ്ണിയുടെ (ജയറാം) അച്ഛനും (തിലകൻ) അമ്മയ്ക്കും (കവിയൂർ പൊന്നമ്മ) ജാതകത്തിൽ വലിയ വിശ്വാസമാണ്. അയാളുടെ ആദ്യ ഭാര്യ ശ്യാമയുടെ (ശാരി)മരണം ജാതകത്തിലുള്ള കുഴപ്പം കാരണമാണെന്നാണ് അയാളുടെ കുടുംബത്തിന്റെ വിശ്വാസം. ശ്യാമയുടെ പെട്ടെന്നുള്ള മരണം ഉണ്ണിയെ തളർത്തുന്നു. ഉണ്ണിയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. പക്ഷേ, ഭാര്യ ശ്യാമയുടെ ഓർമ്മകളുമായി ജീവിക്കാനാണ് അയാൾ ഇഷ്ടപ്പെടുന്നത്. ഉണ്ണിയുടെ (ജയറാമിന്റെ ) ഓർമ്മകളിൽ അകാലത്തിൽ മരണമടഞ്ഞ ഭാര്യയുടെ (ശാരി) ഓർമ്മ ചിത്രങ്ങൾ തെളിയുകയാണ് ഗാന രംഗത്തിൽ. ഗ്രാമീണ പശ്ചാത്തലവും, അതിനിണങ്ങുന്ന മലയാളത്തനിമയുള്ള വരികളും.

‘സാഗരങ്ങളെ പാടിയുണർത്തിയ’ മഹാകവിയുടെ തൂലികയിൽ പിറന്ന അവിസ്മരണീയമായ മറ്റൊരു ഗാനം…
പട്ടുടുത്തെത്തുന്ന പൗർണമിയായ്
എന്നെ തൊട്ടുണർത്തും പുലർ വേളയായ്
മായാത്ത സൈവർണസന്ധ്യയായ്
നീയെന്റെ മാറിൽ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂ
ഞാൻ വിസ്മിതനേത്രനായ് നിന്നൂ…
“ഈയൊരൊറ്റ പാട്ട് കൊണ്ടായിരിക്കും ഇനിയുള്ള കാലം മുഴുവൻ നിങ്ങൾ അറിയപ്പെടുക.” റെക്കോർഡിങ്ങിന് ശേഷം യേശുദാസ് പറഞ്ഞ വാക്കുകൾ പലപ്പോഴും സോമശേഖരൻ അനുസ്മരിച്ചിട്ടുണ്ട്. ഗാന ഗന്ധർവന്റെ വാക്കുകൾ സത്യമായി. ഏഴ് സിനിമകൾക്കും 50 ഓളം സീരിയലുകൾക്കും ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. എങ്കിലും സോമശേഖരനെ സംഗീത ലോകം ഇന്നും ഓർക്കുന്നത് ഈ ഒരൊറ്റ ഗാനത്തിലൂടെയാണ്.
ഒരു കാലത്ത് കാമ്പസുകളിലെ വസ്ത്രധാരണ രീതിയെപ്പോലും സ്വാധീനിക്കാൻ ഈ ഗാനത്തിന് കഴിഞ്ഞിട്ടുണ്ട്. ‘പുളിയിലക്കരയോലും പുടവച്ചുറ്റി ചന്ദനക്കുറിയണിഞ്ഞ’ പെൺകുട്ടികൾ കാമ്പസുകളിൽ ഒരു കാഴ്ചയായിരുന്നു. ബിഎഡ് പഠന കാലത്ത്, ഇടയ്ക്കൊക്കെ മുണ്ടും നേര്യതും ധരിച്ചെത്തിയിരുന്ന ശാലീന സുന്ദരിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു ഞങ്ങളുടെ ക്ലാസിൽ. ഞങ്ങൾ പെൺകുട്ടികൾ പോലും അവളെനോക്കി മനസിൽ മൂളിയിട്ടുണ്ട്, “പുളിയിലക്കരയോലും പുടവ ചുറ്റി…” ഇന്നും മുണ്ടും നേര്യതും കയ്യിലെടുക്കുമ്പോൾ അറിയാതെ മനസിൽ മൂളും 

പുളിയിലക്കരയോലും പുടവചുറ്റി
കുളുർ ചന്ദനത്തൊടുകുറി ചാർത്തി…
മുപ്പത് വർഷങ്ങൾക്കിപ്പുറവും ഈ ഗാനം മനസിൽ മായാതെ നിൽക്കുന്നതിനു പിന്നിൽ സംഗീതത്തിനും ആലാപനത്തിനുമപ്പുറം കവിയുടെ പ്രണയാക്ഷരങ്ങൾ തന്നെയല്ലേ.
മനസ് വീണ്ടും നമ്മുടെ നായകന്റെ വാക്കുകളിലേക്ക്. “ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ചങ്ങായി രാമുവിനോട് ചോദിച്ചു. “ആരാടാ ആ മുണ്ടും നേര്യതും അണിഞ്ഞ സുന്ദരി”
“അത് മ്മടെ ചാന്ദ്നി. എംഎ ഇംഗ്ലീഷ് ഒന്നാം വർഷത്തിലെ കുട്ടി. നിനക്കെന്താ ശ്ശി പിടിച്ചു പോയാ?” എന്നു പറഞ്ഞ് രാമു ഉറക്കെ ചിരിച്ചു. ചാന്ദ്നി… അവളെപ്പോലെ ചന്തമുള്ളൊരു പേര്. ഒരു പുളിയിലക്കര പുടവയും ചന്ദനക്കുറിയും ആ രാത്രിയിൽ എന്റെ ഉറക്കം കെടുത്തി. പിറ്റേന്ന് ഇംഗ്ലീഷ് വകുപ്പിന്റെ ഇടനാഴിയിൽ വച്ചാണ് അവളെ വീണ്ടും കാണുന്നത്. “പാട്ടു നന്നായിട്ടോ” എന്നു പറഞ്ഞവൾ നടന്നു പോയി. ദിവസങ്ങൾ കടന്നുപോയി. ഇംഗ്ലീഷ് വകുപ്പിലെ ഇടനാഴികളിൽ പലവട്ടം ഞങ്ങൾ കണ്ടുമുട്ടി, ഒന്നും മിണ്ടാതെ കടന്നുപോയി. ഞങ്ങളറിയാതെ ഞങ്ങൾക്കിടയിൽ ഒരിഷ്ടം വളർന്നു. പതിയെ പതിയെ അത് പ്രണയമായി മാറുന്നത് ഞങ്ങളറിഞ്ഞു. ‘പുളിയിലക്കര’ എന്നൊരു വട്ടപ്പേരും ഇതിനിടയിൽ ചാന്ദ്നിക്ക് വീണു. കോഴ്സ് കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് മടങ്ങി. ഇന്നത്തേതു പോലെ ഇന്റർനെറ്റും മൊബൈൽ ഫോണുമൊന്നുമില്ലല്ലോ. പോസ്റ്റ്മാനെ ദൈവമായി കണ്ടിരുന്ന ഒരു തലമുറ. വല്ലപ്പോഴുമെത്തുന്ന കത്തുകളിലൂടെ പ്രണയം പതിയെ ഒഴുകി. ഒടുവിലൊരുനാൾ ഒരു നാലുവരി കത്തിനൊപ്പം അവളുടെ വിവാഹക്കുറിയും കിട്ടി.
“അപ്പച്ചിയുടെ മകനുമായി കല്യാണം ഉറപ്പിച്ചു. മരണ കിടക്കയിൽ ഏക പെങ്ങൾക്ക് അച്ഛൻ നൽകിയ വാക്ക്. സ്വന്തം വാക്ക് പാലിക്കാനായി മകളെ വാക്ക് തെറ്റിക്കാൻ പഠിപ്പിച്ചതും അച്ഛൻ. വെറുക്കരുത്.”
ഒരു വെറുപ്പും തോന്നിയിട്ടില്ല ഇതുവരെ. എന്റെ വീടുമായി നല്ല അടുപ്പത്തിലായിരുന്നു അടുത്തിട വരെ. നുമ്മ വളരെ മോഡേണാണല്ലോ. അവളുടെ മകളുടെ വിവാഹത്തിനാണ് അവസാനമായി കണ്ടത്. അതിനു ശേഷം ഒന്നുരണ്ട് പ്രാവശ്യം ഞാൻ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. പിന്നീട് വിളിച്ചിട്ടില്ല. എന്നേലും വിളിക്കാതിരിക്കില്ല… ഇവിടെ മലയാളി സമാജത്തിന്റെ ഓണാഘോഷത്തിൽ ഇപ്രാവശ്യവും ഞാനീ പാട്ടു പാടിട്ടോ… ഈ പാട്ടുകേൾക്കാതെ കടന്നുപോവാറില്ല ഒരു ദിനവും. പക്ഷേ, ഒരിക്കൽ മാത്രമേ ഞാനാ ഗാനരംഗം കണ്ടിട്ടുള്ളു. എന്റെ മനസിൽ ഈ വരികൾക്കനുസൃതമായി ഞാനൊരു രംഗം ചിത്രീകരിച്ചിട്ടുണ്ട്. അതു മതി… ”
ഒരു കള്ളച്ചിരിയോടെ അകലങ്ങളിലിരുന്ന് അദ്ദേഹമിത് പറഞ്ഞു നിർത്തുമ്പോൾ, വൈരമുത്തുവിന്റെ പ്രണയം തുളുമ്പുന്ന വരികൾ ഓർത്തു പോയി.
ഉന്നോട് നാൻ ഇരുന്താ
ഓവ്വോരു മണി തുളിയും
മരണ പടുക്കയിലും
മറക്കാത് കൺമണിയെ… (ഇരുവർ )
കാണാമറയത്തിരുന്ന് ആ കാമുക ഹൃദയം പാടുന്നത് എനിക്ക് കേൾക്കാനാവുന്നുണ്ട്. ഏകാന്തതകളിൽ കാമുക ഹൃദയങ്ങൾ ഏറ്റുപാടിയ ആ വരികൾ…
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസ്സിൻ മണികിലുക്കം
തേകിപ്പകർന്നപോൽ തേന്മൊഴികൾ
നീയെൻ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂ!
ഞാൻ വിസ്മയലോലനായ് നിന്നൂ…
വെറുതേ കണ്ണടച്ചിരുന്ന് ഈ ഗാനം കേൾക്കുമ്പോൾ എന്നെപ്പോലെ നിങ്ങളുടെ മനസിലും ഇപ്പോൾ ജയറാമിനും ശാരിയ്ക്കും പകരം ചാന്ദ്നിയും കരിഞ്ഞുപോയ ആ പ്രണയ കഥയും തെളിയുന്നില്ലേ. ചാന്ദ്നി തിരിച്ചു വിളിച്ചിരുന്നെങ്കിലെന്ന് നിങ്ങളും ആശിച്ചു പോവുന്നില്ലേ…? 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.