22 November 2024, Friday
KSFE Galaxy Chits Banner 2

ജനസംഖ്യാ കണക്കെടുപ്പ് : കേന്ദ്രത്തിന് എന്താണിത്ര ഭയം?

പ്രൊഫ. കെ അരവിന്ദാക്ഷൻ
July 4, 2023 4:30 am

ശാസ്ത്രീയ മാനദണ്ഡങ്ങളുടെ സഹായത്തോടെ സുതാര്യവും സത്യസന്ധവുമായ ജനസംഖ്യാ കണക്കെടുപ്പ്, രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപിത താല്പര്യക്കാര്‍ക്കും മുഖ്യാധാര പാര്‍ട്ടികളടക്കമുള്ളവര്‍ക്കും അരോജകമായി അനുഭവപ്പെടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ഈ വികാരമാണ് ജനസംഖ്യാ കണക്കെടുപ്പ് തുടര്‍ച്ചയായി മാറ്റിവയ്ക്കാനുള്ള കേന്ദ്ര മോഡി സര്‍ക്കാരിന്റെ നടപടിക്ക് നിദാനമായ വസ്തുത. മറിച്ചായിരുന്നെങ്കില്‍, 1881 മുതല്‍ കൃത്യമായ 10 വര്‍ഷക്കാലത്തെ ഇടവേളയില്‍ നടന്നുവന്നിട്ടുള്ള ജനസംഖ്യാ കണക്കെടുപ്പ് അഭ്യാസം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടിട്ടും അനിശ്ചിതത്വത്തില്‍ തുടരുമായിരുന്നില്ല. 1948ലാണ് യൂണിയന്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പാണെങ്കില്‍ ആദ്യം നടന്നത് 1931ലുമാണ്. ഇതുപോലൊരു കണക്കെടുപ്പിന്റെ ലക്ഷ്യം ഇന്ത്യയിലെ സാമൂഹ്യ – സാമ്പത്തിക മാറ്റങ്ങളും ജനസംഖ്യയുടെ ഭൂമിശാസ്ത്രപരമായ വിതരണവും പൊതുവില്‍ ജാതി അടിസ്ഥാനമായിരിക്കുമോ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ്. ഈ ലക്ഷ്യത്തിന് പിന്നില്‍ ജാതി രാഷ്ട്രീയം ഒളിച്ചിരിക്കുന്നുമുണ്ട്. ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ എന്തുതന്നെയായിരുന്നാലും നമ്മുടെ രാജ്യം അനുദിനം മതത്തിന്റെയും ജാതി- ഉപജാതി വ്യവസ്ഥകളുടെയും വിളനിലമായി രൂപാന്തരപ്പെട്ടുവരികയാണ്.
ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് സംബന്ധമായ വിവാദം സമീപകാലത്ത് സജീവമായതിന് ഒരു പ്രത്യേക കാരണമുണ്ട്.

പാട്ന ഹൈക്കോടതിയുടെ ഒരു ബെഞ്ച് ബിഹാര്‍ സംസ്ഥാനത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കയ്യെടുത്ത് തുടക്കം കുറിച്ചിരുന്ന ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് ഇറക്കിയ നടപടിയാണിത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് ജനസംഖ്യാ കണക്കെടുപ്പ് നടത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനല്ല, യൂണിയന്‍ സര്‍ക്കാരിനാണുള്ളതെന്നാണ്. 1948ലെ സെന്‍സസ് നിയമവ്യവസ്ഥയാണ് ഇതിന് നിദാനമായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന കാരണവും. ഇതോടെ 2023 ജനുവരി ഏഴിന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്ത ഈ പ്രക്രിയയ്ക്ക് ഇതിനകം ചെലവാക്കിയ 115 കോടി രൂപ തീര്‍ത്തും പാഴായിപ്പോയിരിക്കുകയാണ്. സെന്‍സസ് എന്ന പ്രക്രിയ ഒട്ടും ലളിതമായ ഒന്നല്ല. ഇതില്‍ 20 – 30 ലക്ഷം പേര്‍വരെ വീടുവീടാന്തരം കയറിയിറങ്ങി ഓരോ വ്യക്തിയുടെയും വ്യക്തിപരവും കുടുംബപരവുമായ വിശദവിവരങ്ങള്‍ നിര്‍ദിഷ്ട രേഖകളില്‍ ചേര്‍ത്ത് ശേഖരിക്കുക എന്ന ഭാരിച്ച പണി ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി അവരുടെ സാക്ഷരതാ നിലവാരം, വിദ്യാഭ്യാസം, വാസസ്ഥലം, കുടിയേറ്റം, പ്രത്യുല്പാദന ശേഷി, ജാതി, മതം, ഭാഷ എന്നുവേണ്ട വ്യത്യസ്ത തലങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ശേഖരിക്കപ്പെടുകതന്നെ വേണ്ടിവരും. ഇത്തരം വിശദാംശങ്ങള്‍ കൃത്യമായി ശേഖരിക്കാതെ, ഓരോ വ്യക്തിയും അവന്റെ കുടുംബവും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കൃത്യമായി തിട്ടപ്പെടുത്താനോ അതിനനുസൃതമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കാനോ സംസ്ഥാന കേന്ദ്ര – പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് സാധ്യമാവില്ല. 2021ലേക്കുള്ള പദ്ധതി ആദ്യഘട്ടമെന്ന നിലയില്‍ പേനയും പേപ്പറും അടിസ്ഥാനമാക്കിയുള്ള കണക്ക് രേഖപ്പെടുത്തലുകള്‍ക്ക് പകരം ആദ്യമായി ഡിജിറ്റല്‍ രേഖപ്പെടുത്തല്‍ രീതിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിവര – കണക്ക് ശേഖരണ പ്രക്രിയ നടപ്പാക്കുക. ഒന്ന്, 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ; രണ്ടാമത്തേത് ഫെബ്രുവരി 2021വരെയും. എന്നാല്‍ ഈ സംവിധാനം കോവിഡിന്റെ വരവിനെ തുടര്‍ന്ന് ഭേദഗതി ചെയ്യപ്പെട്ടു.


ഇതുകൂടി വായിക്കൂ:ജനാധിപത്യ മാര്‍ഗങ്ങള്‍ ശോഷിക്കുമ്പോള്‍


സെന്‍സസ് പ്രക്രിയ തന്നെ 2020 മാര്‍ച്ചില്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഒടുവില്‍ ഇതിന്റെ പുനരാരംഭം 2022 ഡിസംബര്‍ 31ന് നടക്കുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. അതുവരെ സെന്‍സസ് പരിപാടിതന്നെ അപ്പാടെ മരവിപ്പിക്കപ്പെടുകയാണുണ്ടായത്. എന്നാല്‍ അന്നും ഒന്നും നടന്നില്ല. 2023 ജൂലൈ ഒന്നിന് പരിപാടിക്ക് തുടക്കമാകുമെന്ന് തുടര്‍ന്ന് കേള്‍ക്കാനിടയായ വാര്‍ത്തയും ഇപ്പോള്‍ തെറ്റാണെന്ന് വന്നിരിക്കുകയാണ്. ഏതായാലും ഒരുകാര്യം വ്യക്തമാണ്, ജനസംഖ്യാ കണക്കെടുപ്പ് ഒരു സാഹചര്യത്തിലും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നടക്കില്ല എന്നതാണിത്. അനിശ്ചിതത്വം നിറഞ്ഞ ഇതുപോലൊരു അന്തരീക്ഷ സൃഷ്ടിയിലേക്ക് നയിച്ചതിന് നമുക്ക് കണ്ടെത്താന്‍ കഴിയുന്ന ഏക കാരണം ഭരണാധികാരി വര്‍ഗത്തിന്റെ ഭയാശങ്കകളാണ്. അവര്‍ക്ക് കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുന്ന ശാസ്ത്രീയ സ്ഥിതിവിവര കണക്കുകളെ ഭയമാണ്. മറ്റ് പിന്നാക്ക സമുദായങ്ങളില്‍പ്പെടുന്ന ജനസംഖ്യയുടെ വലിപ്പവും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവരുടെ ജനസംഖ്യയും ഓരോ മതത്തില്‍പ്പെട്ടവരുടെയും പ്രത്യുല്പാദനശേഷിയും വലതു പിന്‍തിരിപ്പന്‍ കക്ഷികളായ ഭാരതീയ ജനതാ പാര്‍ട്ടിയെപ്പോലുള്ളവര്‍ക്ക് ഒരിക്കലും സ്വസ്ഥത നല്കുന്നില്ല എന്നതാണ് തിരിച്ചറിയേണ്ടുന്ന യാഥാര്‍ത്ഥ്യം. ന്യൂനപക്ഷ സമുദായത്തില്‍പ്പെടുന്നവരുടെ ജനസംഖ്യാ വര്‍ധനവിന് പുറമെ നമ്മള്‍ ഭരണമേറ്റതിന് ശേഷം സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ നിരത്തി അവകാശവാദമുന്നയിക്കാന്‍ കഴിയാത്തതിലുള്ള നിരാശയും മോഡി സര്‍ക്കാരിനെ മതാടിസ്ഥാനത്തിലുള്ള ജാതി — സെന്‍സസ് കണക്കെടുപ്പ് കഴിയുന്നത്ര നീട്ടിവയ്ക്കാന്‍ ശക്തമായി പ്രേരിപ്പിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചാനിരക്കിനേക്കാള്‍ അധികം രാഷ്ട്രീയാധികാരം കയ്യാളുന്നവരെ അലട്ടുക ദാരിദ്യരേഖയില്‍ ഉണ്ടായേക്കാവുന്ന ഏറ്റക്കുറച്ചിലുകളാണ്. സ്വാഭാവികമായും വിവിധ കോണുകളില്‍ നിന്നും അക്കാദമിക് വിദഗ്ധന്മാരില്‍ നിന്നും ആവര്‍ത്തിച്ച് ഉയരുന്നൊരു ചോദ്യം 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇന്ത്യയില്‍ ദാരിദ്ര്യരേഖയില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ടോ എന്നതാണ്. 2011 നുശേഷം ദാരിദ്ര്യ നിലവാരം സംബന്ധമായി യാതൊരു വിധ അവലോകനവും ഔദ്യോഗികമായി നടന്നതായി കേട്ടുകേള്‍വി പോലുമില്ലെന്നതാണ് അനുഭവം. അതേ അവസരത്തില്‍ ഏറെ വിശ്വസനീയമാണെന്ന് കരുതപ്പെടുന്ന അനൗദ്യോഗിക കണക്കുകള്‍ നല്കുന്നത് ആശ്വാസകരമായ വിവരങ്ങളുമല്ല.

2019ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ദേശീയ സ്ഥിതിവിവര കണക്കുകള്‍ തയ്യാറാക്കുന്ന സംഘടനയുടെ — എന്‍എസ്എസ്ഒയുടെ ദാരിദ്ര്യവുമായി ബന്ധപ്പെട്ട കണക്കുകള്‍ ലഭിച്ചിരുന്നെങ്കിലും അത് പുറത്തുവിടാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായില്ല. 2011നു ശേഷം ദാരിദ്ര്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത് ഏതാനും അനൗദ്യോഗിക സര്‍വേകളില്‍ നിന്നായിരുന്നു. എന്നാല്‍ ഈ വിവരങ്ങള്‍ നിരാശാജനകവുമായിരുന്നു. ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ മുഖം പ്രതിഫലിക്കുന്ന കണക്കായിരുന്നു എന്‍എസ്എസ്ഒയുടെ 3.7 ശതമാനത്തോളം വരുന്ന ഉപഭോഗ തകര്‍ച്ചയിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടത്. മൊത്തം ആറു വര്‍ഷക്കാലയളവിലെ അവസ്ഥാവിശേഷം കൂടിയായിരുന്നു ഇത് എന്നോര്‍ക്കുക. ഈ വസ്തുത ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതിനിടെ ലോകബാങ്കിന്റെ വക ഏതാനും ഗവേഷണ രേഖകള്‍ തയ്യാറാക്കി പുറത്തുവിട്ട റിപ്പോര്‍ട്ടുകളനുസരിച്ച് ദാരിദ്ര്യത്തിന്റെ തോത് 2019ല്‍ കണക്കാക്കപ്പെട്ടിരുന്നതിലുമധികമായിരുന്നു എന്നാണ്. അതായത്, 10.2 ശതമാനത്തിലേറെ. ഈ കണക്കാണെങ്കില്‍ ഏറെക്കുറെ ഔദ്യോഗികവും സത്യസന്ധവുമായ കണക്കുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചുവരുന്ന സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) എന്ന ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധന്മാര്‍— ഡോ. സുതീര്‍ത്ഥാറോയ്, റോയ് വാന്‍ഡെര്‍വെയിഡ് എന്നിവര്‍ — ഈ കണക്ക് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ അവകാശവാദം, സിഎംഐഇയുടെ പഠനം ഗാര്‍ഹിക ഉപഭോക്തൃ സര്‍വേയെ അടിസ്ഥാനമാക്കിയുള്ളതാണെന്നുകൂടിയാണ്. ഈ പഠനത്തിനാശ്രയമായത് ലോകബാങ്ക് തയ്യാറാക്കി പ്രസിദ്ധീകരിച്ച ആഗോള ദാരിദ്ര്യവുമായി ബന്ധപ്പെട്ട സര്‍വേയിലെ കണ്ടെത്തലുകളുമാണ്. ഇതനുസരിച്ചാണ് ദാരിദ്ര്യത്തിന്റെ തോത് നഗരമേഖലയിലേതെങ്കിലും രണ്ട് ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്. 2016ലെ നോട്ടുനിരോധനവും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള പുരോഗതിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതില്‍ സുപ്രധാനമായൊരു പങ്കാണ് വഹിച്ചിരിക്കുന്നതും.


ഇതുകൂടി വായിക്കൂ: പ്രഹേളികയായി ജാതി സെൻസസ്


ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ തന്നെ ഐഎംഎഫ് പ്രസിദ്ധീകരിച്ച ഒരു വര്‍ക്കിങ് പേപ്പര്‍ ലോകബാങ്കിന്റെതിന് നേരെ വിരുദ്ധമായൊരു നിലപാടാണ് ഇന്ത്യയിലെ ദാരിദ്ര്യത്തെപ്പറ്റി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തെ പ്രതിനിധീകരിച്ച ഡോ. സുര്‍ജിതഭല്ലാ, കരണ്‍ബേസില്‍, അര്‍വിന്ദ് വീര്‍മണി എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ രേഖ തയാറാക്കിയിരുന്നത്. അവരുടെ കണ്ടെത്തല്‍ ഇന്ത്യയില്‍ പരമദാരിദ്ര്യം എന്നൊരു സ്ഥിതിതന്നെ ഉണ്ടായിട്ടില്ലെന്നും ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഇതിലേക്ക് നയിച്ചത് ഭക്ഷ്യസബ്സിഡി ഉദാരമായി അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു എന്നും മറ്റുമാണ്. പാന്‍ഡെമിക്കിന്റെ തുടര്‍ച്ചയായ കടന്നാക്രമണം ഇതില്‍ പറയത്തക്ക ഹാനിയൊന്നു വരുത്തിയിട്ടുമില്ലത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ ഉന്നതകുലജാതരില്‍ നിന്നും ഉയര്‍ന്ന വരുമാന വിഭാഗങ്ങളില്‍ നിന്നും ഭക്ഷ്യ കൈമാറ്റം വേണ്ടുവോളം സുഗമമായി നടന്നിട്ടുണ്ടെന്നും ജാതിഭേദമില്ലാതെ ദാരിദ്ര്യനിര്‍മ്മാര്‍ജന പരിപാടികള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. സാഹചര്യം ഈ നിലയിലായിരിക്കെ, സാമ്പത്തിക വികസനത്തിന്റെ നേട്ടങ്ങള്‍ പങ്കിടുന്നതില്‍ ജാതിഭേദം ഒരു നിര്‍ണായക ഘടകമാണോ എന്ന് കണ്ടെത്താന്‍ ഒരു പ്രത്യേക ജാതി സെന്‍സസിന്റെ ആവശ്യമില്ലെന്ന വാദഗതിയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഉടനീളം ഗ്രാമ‑നഗര ഭേദമില്ലാതെ പരമദാരിദ്ര്യം നിരവധി സംസ്ഥാനങ്ങളില്‍ പരമാവധി അനുവദനീയമായ പരിധികള്‍ക്കുമപ്പുറം വ്യാപകമായിരിക്കുകയാണെന്നുതന്നെയാണ് നമുക്ക് തിരിച്ചറിയാവുന്നത്. മോഡി സര്‍ക്കാര്‍ ഇത്തരമൊരു നിസഹായാവസ്ഥയില്‍ നിന്നും തലയൂരാന്‍ ലക്ഷ്യമിട്ടു മാത്രമാണ് ദാരിദ്ര്യം സംബന്ധമായ സ്ഥിതി വിവരക്കണക്കുകളും മനഃപൂര്‍വം പൊതുസമൂഹത്തില്‍ നിന്നും മറച്ചുവയ്ക്കാന്‍ വ്യഗ്രത പ്രകടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമെന്ന നിലയിലാണ് ഇന്ത്യയില്‍ തൊഴിലില്ലായ്മയോ വരുമാനത്തകര്‍ച്ചയോ സാമ്പത്തികാസമത്വങ്ങളോ ഇല്ലെന്ന് തുടര്‍ച്ചയായ അവകാശവാദമുയര്‍ത്തുന്നത്. ചുരുക്കത്തില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലഘട്ടംവരെ 2021ല്‍ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പ് ജാതി സെന്‍സസ് അടക്കം, നീട്ടിക്കൊണ്ടുപോവുക. അത്രതന്നെ.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.