20 December 2025, Saturday

മൂന്നു സംഘടനകളുടെ എഫ്ആസിആര്‍എ ലൈസന്‍സ് റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 4, 2023 11:20 pm

വിദേശ നാണയ വിനിമയ നിയമം (എ‌‌ഫ‌്സിആര്‍എ) അനുസരിച്ച് മൂന്നു സന്നദ്ധ സംഘടനകളുടെ (എന്‍ജിഒ) അംഗീകാരം റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ എന്‍ജിഒകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിരവധി സംഘടനകളുടെ എ‌‌ഫ‌്സിആര്‍എ അംഗീകാരം അടുത്തിടെ റദ്ദാക്കിയിട്ടുണ്ട്.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യങ് വുമണ്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ (വൈഡബ്ല്യുസിഎ) സിഎന്‍ഐ ശിശു സങ്കോപണ്‍ ഗൃഹ, പ്രോഗ്രം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്നീ സംഘടനകളുടെ എ‌‌ഫ‌്സിആര്‍എ ലൈസന്‍സ് ആണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ട രേഖകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മൂന്നു സ്ഥാപനങ്ങളുടെയും അംഗീകാരം റദ്ദാക്കിയത്. എന്നാല്‍ അധികൃതര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും യഥാസമയം സമര്‍പ്പിച്ചതായി സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു. 

കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുകയും ബിജെപി അനുകൂല നിലപാട് സ്വീകരിക്കാത്ത സംഘടനകളെ വരുതിയിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സന്നദ്ധ സംഘടനകളുടെ എ‌‌ഫ‌്സിആര്‍എ ലൈസന്‍സ് റദ്ദാക്കുക വഴി മോഡിയും കൂട്ടരും ലക്ഷ്യമിടുന്നതെന്ന് വിമര്‍ശനമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ സൂക്ഷ്മ പരിശോധനയുടെ ഫലമായി ആണ് സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കിയത്. കുട്ടികള്‍, സ്ത്രീകള്‍, ലിംഗ വിവേചനത്തിന് ഇരയായവര്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വൈബ്ല്യുസിഎയ്ക്ക് 2028 വരെ നീട്ടി നല്‍കിയ എ‌‌ഫ‌്സിആര്‍എ ലൈസന്‍സാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
എ‌‌ഫ‌്സിആര്‍എ ലൈസന്‍സ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നിരാശയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ വൈഡബ്ല്യുസിഎ പങ്ക് വഹിച്ചതായും ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി പ്രഗ്യാ മോഹന്‍ അഭിപ്രായപ്പെട്ടു. 

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം അഭംഗുരം തുടരുമെന്നും , ആവശ്യമായ രേഖകള്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട രേഖകള്‍ യഥാസമയം സമര്‍പ്പിച്ചതായും എ‌‌ഫ‌്സിആര്‍എ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം ശരിയായ ദിശയിലുള്ളതല്ലെന്നും പിഎസ്എ ജനറല്‍ സെക്രട്ടറി ആഷിമ സബ്ബര്‍വെല്‍ പറഞ്ഞു. എ‌‌ഫ‌്സിആര്‍എ നിയമം വരുന്നതിന് മുമ്പ് തന്നെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സംഘടനയാണ് പിഎസ്എയെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

20,693 സംഘടനകള്‍

2023 ജൂലൈ മൂന്നിന്റെ കണക്ക് പ്രകാരം രാജ്യത്തെ 20,693 എന്‍ജിഒകളുടെ എ‌ഫ‌്സിആര്‍എ ലൈസന്‍സ് ആണ് റദ്ദാക്കിയിരിക്കുന്നത്. എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കുക വഴി തൊഴില്‍ നഷ്ടവും ഗണ്യമായി ഉയരുകയാണ്. പല സ്ഥാപനങ്ങളും അടച്ച് പൂട്ടിയതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന പലരും തൊഴില്‍രഹിതരായി. സന്നദ്ധ പ്രവര്‍ത്തനത്തോടൊപ്പം ജീവിത മാര്‍ഗവും കണ്ടെത്തിയിരുന്ന നിരവധി പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ കടുംപിടുത്തതിന്റെ ഫലമായി തെരുവില്‍ നില്‍ക്കേണ്ടി വരുന്നത്. 

Eng­lish Sum­ma­ry: FCRA license of three orga­ni­za­tions revoked

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.