28 December 2024, Saturday
KSFE Galaxy Chits Banner 2

പലസ്തീന്‍: മോഡി സര്‍ക്കാര്‍ നിലപാട് അപലപനീയം

Janayugom Webdesk
July 6, 2023 5:00 am

പലസ്തീൻ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിലെ അഭയാർത്ഥി കേന്ദ്രങ്ങളിൽ സംഹാരതാണ്ഡവമാടിയ ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) ബുധനാഴ്ച അവരുടെ ‘ദൗത്യം’ പൂർത്തിയാക്കി പിന്മാറി. രണ്ടുദിവസം നീണ്ട ഐഡിഎഫ് തേർവാഴ്ചയിൽ 13 പലസ്തീനികളും ഒരു ഐഡിഎഫ് ഭടനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അനേകം പലസ്തീനികൾക്ക് മാരകമായി പരിക്കേറ്റു. ജെനിനിലെ ആശുപത്രികളിൽ ചോര തളംകെട്ടി കിടക്കുന്നതായി അവിടെ സേവനം അനുഷ്ഠിക്കുന്ന ‘അതിരുകളില്ലാത്ത ഡോക്ടർമാരുടെ’ പ്രതിനിധികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. പലസ്തീനി ആക്രമണത്തെ തുടർന്ന് വൈദ്യുതി, കുടിവെള്ള സംവിധാനങ്ങൾ തകർന്നതോടെ അഭയാർത്ഥി നഗരമായ ജെനിനിലെയും, വിശിഷ്യാ പരിക്കേറ്റവരെകൊണ്ട് നിറഞ്ഞുകവിഞ്ഞ ആശുപത്രികളിലെയും, സ്ഥിതി നരകതുല്യമാണ്. ഇസ്രയേലി ബുൾഡോസറുകൾ ഉപയോഗിച്ച് നഗരമാകെ ഇടിച്ചുനിരത്തിയ നിലയിലാണ്. പതിനാലായിരത്തിലധികം പലസ്തീൻ അഭയാർത്ഥികൾ തിങ്ങിനിറഞ്ഞു ജീവിച്ചിരുന്ന നഗരത്തിൽനിന്നും നാലായിരത്തിലധികം പേർ ജീവനുംകൊണ്ട് പലായനം ചെയ്തിരുന്നു. പലസ്തീനികൾ നടത്തിയ അഞ്ച് റോക്കറ്റ് ആക്രമണത്തെ തുടർന്നാണ് നഗരത്തിൽ കൊടിയ നാശംവിതച്ച ഇസ്രയേലി സേനാപിന്മാറ്റം. തിങ്കളാഴ്ച ആരംഭിച്ച ആക്രമണം ഏതാണ്ട് ഇരുപതുവർഷത്തെ ഇടവേളയ്ക്കുശേഷം ഇസ്രയേൽ ജെനിനുനേരെ നടത്തുന്ന ഏറ്റവും കടുത്തതായിരുന്നു. ആക്രമണം പലസ്തീൻ ഭീകരതക്ക് നേരെ ആയിരുന്നുവെന്ന് പറഞ്ഞ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്മാറ്റം താൽക്കാലികമാണെന്നും ‘ഭീകരവാദത്തിനെതിരെ’ ഇനിയും സൈനിക നടപടികൾ ഉണ്ടാകുമെന്നും ഭീഷണി തുടരാൻ മറന്നില്ല.

 


ഇതുകൂടി വായിക്കു; മഹാരാഷ്ട്രയിലെ നാടകം പ്രതിപക്ഷ ഐക്യത്തിനെതിരെ


കഴിഞ്ഞ ഓഗസ്റ്റിൽ വെസ്റ്റ്ബാങ്കിനു നേരെ ഇസ്രയേൽ നടത്തിയ മൂന്നുദിവസത്തെ ആക്രമണത്തിൽ 49 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. അതിനുശേഷം വെസ്റ്റ്ബാങ്കിനു നേരെനടക്കുന്ന കടുത്ത സൈനിക നടപടി ആയിരുന്നു ജെനില്‍ നടന്നത്. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും ശക്തമായി അപലപിച്ചുപോന്ന ആക്രമണ പരമ്പരകളും കൂട്ടക്കൊലകളും ഇസ്രയേൽ നിർബാധം തുടരുന്നത് അ വർക്ക് യുഎസ് സാമ്രാജ്യത്വം നൽകിവരുന്ന പിന്തുണയുടെ പിന്‍ബലത്തിലാണ്. യുഎസിലെ വലിയൊരുവിഭാഗം ജനങ്ങളും ഇസ്രയേൽ പലസ്തീനികൾക്കെതിരെ തുടരുന്ന ആക്രമണങ്ങളെയും അവർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും അവശേഷിക്കുന്ന പലസ്തീൻ ഭൂപ്രദേശങ്ങൾ കൂടി കൈയടക്കാൻ സയണിസ്റ്റുകൾ നടത്തുന്ന ഹീന ശ്രമങ്ങളെയും അപലപിക്കുന്നുണ്ട്. എന്നാൽ യുഎസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന യാഥാസ്ഥിതിക ശക്തികൾക്ക് അവിടത്തെ ജൂതലോബിയുടെ പണക്കൊഴുപ്പും അവരുടെ രാഷ്ട്രീയസ്വാധീനവും ആവശ്യമാണ്. ഇസ്രയേലി വലതുപക്ഷ ഭരണകൂടവും അവിടത്തെ തീവ്ര സയണിസ്റ്റുകളും ഐഡിഎഫും നടത്തുന്ന അതിക്രമങ്ങളിൽ നിസ്സഹായരായ പലസ്തീനികൾ പലപ്പോഴും ഹിംസാത്മകമായി പ്രതികരിക്കാൻ നിർബന്ധിതരാകുക തികച്ചും സ്വാഭാവികമാണ്. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പരിഹരിക്കപ്പെടാത്ത പലസ്തീൻ രാഷ്ട്രത്തിന്റെ പ്രശ്നം ജനതയെ കടുത്ത നിരാശയുടെ ഗർത്തങ്ങളിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അതിനോടുള്ള പ്രതികരണം ഭീകരവാദമായി ചിത്രീകരിക്കുന്നതും അതിന്റെ പേരിൽ കൊടിയ ദുരന്തങ്ങളിലേക്ക് അവരെ തള്ളിവിടുന്നതും അപലപനീയമാണ്. അത്തരം സംഭവങ്ങളെ ഭീകരപ്രവർത്തനമായി വ്യാഖ്യാനിച്ച് ഒരു ജനതയുടെയാകെ വംശഹത്യയാണ് സയണിസ്റ്റുകളും അവരുടെ വലതുപക്ഷ തീവ്രദേശീയ ഭരണകൂടവും തുടർന്നുവരുന്നത്.


ഇതുകൂടി വായിക്കു; വംശീയ ഉന്മൂലനത്തിന്റെ നേര്‍ക്കാഴ്ചകള്‍


 

ഇസ്രയേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വളർന്നുവന്നിരിക്കുന്ന വലിയ അസ്വസ്ഥതകൾക്കും ഇപ്പോഴത്തെ ആക്രമണത്തിൽ അനിഷേധ്യമായ പങ്കുണ്ട്. നീതിന്യായവ്യസ്ഥയെ കൈപ്പിടിയിലൊതുക്കി തന്റെ അഴിമതിക്കേസുകളിലെ വിധികർത്താവ് താൻതന്നെയാകാനും പ്രധാനമന്ത്രി നെതന്യാഹു കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ മാസങ്ങളായി ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരക്കുന്ന വൻ പ്രതിഷേധമാണ് അവിടെ നടക്കുന്നത്. അതിൽനിന്നും ശ്രദ്ധതിരിക്കാനും വലതുപക്ഷ സയണിസ്റ്റ് ചേരിയെ തനിക്കുപിന്നിൽ ഉറപ്പിച്ചുനിർത്താനുമുള്ള സാഹസത്തിന്റെ ഭാഗംകൂടിയാണ് ഇപ്പോഴത്തെ അതിക്രമം. നിസഹായരായ ഒരു ജനതയെ കൈവെടിഞ്ഞ് തന്റെ ചങ്ങാത്ത മുതലാളിത്ത താല്പര്യങ്ങൾക്കുവേണ്ടി ഇസ്രയേലി ഭരണകൂടത്തിന് ഒപ്പം നിൽക്കുകയും അവരുടെ അതിക്രമങ്ങൾക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്ന മോഡി ഭരണകൂടത്തിന്റെ നിലപാട് ഖേദകരവും അപലപനീയവുമാണ്. രാഷ്ട്രത്തിന്റെ പ്രഖ്യാപിത നയങ്ങൾക്ക് അനുസൃതമായി ഇസ്രയേലിന്റെ നടപടികളെ അപലപിക്കാനും ഉയർന്നുവരുന്ന ലോകശക്തി എന്നനിലയിൽ യുഎൻ അടക്കമുള്ള വേദികളെ പ്രശ്നപരിഹാരത്തിനായി പ്രയോജനപ്പെടുത്താനും ഇന്ത്യ തയ്യാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.