25 December 2025, Thursday

ഡാറ്റാ സുരക്ഷാ നിയമത്തിന് അംഗീകാരം ; ഭരണകൂട കടന്നുകയറ്റം വീണ്ടും ആശങ്ക

Janayugom Webdesk
ന്യൂഡല്‍ഹി
July 5, 2023 11:45 pm

വ്യക്തിഗത ഡിജിറ്റല്‍ ഡാറ്റാ സുരക്ഷാ നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ മാസം 20ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. ഡാറ്റ സംരക്ഷണം, പങ്കുവയ്ക്കല്‍, ശേഖരണം എന്നിവയ്ക്കുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വ്യക്തികളുടെ സമ്മതമില്ലാതെ സര്‍ക്കാര്‍-സ്വകാര്യ സംഘടനകള്‍ വ്യക്തിഗത വിവരം ഉപയോഗിക്കാൻ പാടില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. എങ്കിലും ദേശീയ സുരക്ഷ പോലുള്ള കാരണങ്ങളില്‍ ഡാറ്റ പ്രോസസിങ്ങിന് സര്‍ക്കാരിന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇത് സ്വകാര്യ അവകാശ ലംഘനത്തെക്കുറിച്ചുള്ള ആശങ്കകളിലേക്ക് വീണ്ടും വഴി തുറക്കുന്നു. വിവരങ്ങള്‍ തിരുത്താനും കൈകാര്യം ചെയ്യാനും പരാതികള്‍ക്ക് പരിഹാരം തേടാനുമുള്ള അവകാശം വ്യക്തികള്‍ക്ക് ഉണ്ടായിരിക്കും.

സര്‍ക്കാര്‍ ഏജന്‍സികളെയും സ്വകാര്യ കമ്പനികളെയും രണ്ടുതരത്തിലാണ് ബില്‍ അഭിസംബോധന ചെയ്യുന്നതെന്നും ഇത് തുല്യതയുടെ ലംഘനമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ടെലികമ്യൂണിക്കേഷന്‍ ബില്‍, ഐടി നിയമത്തിന് പകരമുള്ള ഡിജിറ്റല്‍ ഇന്ത്യാ ബില്‍ എന്നിവ കൂടി എത്തുന്നതോടെ വ്യക്തിഗത വിവരങ്ങളിലേക്കുള്ള ഭരണകൂട കടന്നുകയറ്റം പൂര്‍ണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ അധ്യക്ഷനായ പ്രത്യേക വിദഗ്ധ സമിതിയാണ് ബില്ലിന്റെ കരട് രൂപീകരിച്ചത്.

2019ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച ബില്‍ 2021 ഡിസംബറില്‍ പാർലമെന്റിന്റെ സംയുക്ത സമിതിക്ക് അയച്ചു. 89 ഭേദഗതി നിര്‍ദേശങ്ങളാണ് സമിതി നിര്‍ദേശിച്ചത്. ഇതോടെ സർക്കാർ പാർലമെന്റിൽ നിന്ന് മുൻ പതിപ്പ് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് പുതിയ ബില്ലിന്റെ ആദ്യ കരട് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് പൊതുജനാഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാം കരട് തയാറാക്കി. തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചര്‍ച്ച നടത്തി ബില്ലിന് അംഗീകാരം നല്‍കിയത്.

Eng­lish Sum­ma­ry: Approval of Data Pro­tec­tion Act
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.