19 December 2024, Thursday
KSFE Galaxy Chits Banner 2

ഒരു ചരിത്രം അവസാനിക്കുന്നു

ആലങ്കോട് ലീലാകൃഷ്ണന്‍
July 8, 2023 4:30 am

ചിത്രകലയിലെ ഒരു ഇതിഹാസയുഗം അവസാനിച്ചു. വരകൾ കൊണ്ട് ഒരു പ്രപഞ്ചം തീർത്താണ് നമ്പൂതിരി യാത്രയായത്. ഇത്രയേറെ രേഖാചിത്രങ്ങൾ വരച്ച ഒരു ചിത്രകാരൻ ലോകത്ത് വേറെ കാണില്ല. നവോത്ഥാന കാലം തൊട്ട് ഏറ്റവും ഉത്തരാധുനിക കാലം വരെ മലയാളത്തിലുണ്ടായ എണ്ണമറ്റ കഥകളുടെയും നോവലുകളുടെയും യാത്രകളുടെയും കവിതകളുടെയും രേഖാചിത്ര ഭൂപടമാണ് നമ്പൂതിരി വരച്ചുതീർത്തത്. നവോത്ഥാന കാലഘട്ടത്തിലെ തകഴി, കേശവദേവ്, ലളിതാംബിക അന്തർജനം, പൊൻകുന്നം വർക്കി തുടങ്ങിയവര്‍ തൊട്ട് ഏറ്റവും പുതിയ തലമുറയിലെ കഥാകാരന്മാർവരെയുള്ളവരുടെ നോവലുകളും കഥകളും നമ്പൂതിരി വരച്ചു. കുഞ്ഞിരാമൻ നായർ, ഇടശേരി അടക്കമുള്ളവര്‍ തൊട്ട് പുതിയ തലമുറയിലെ കവിതകൾ വരെ വരച്ചു. യാത്രകൾക്ക് സ്കെച്ചുകൾ വരച്ചു. കേരളത്തിലെ ഗ്രാമങ്ങൾ വരച്ചു. പൊന്നാനിയുടെ ഓരോ രോമകൂപവും വരച്ചു തീർത്തു. ഇങ്ങനെ വരയ്ക്കുമാത്രമായി സമർപ്പിക്കപ്പെട്ട ജീവതമാണ് അവസാനിച്ചത്. ചിത്രകാരൻ മാത്രമായിരുന്നില്ല നമ്പൂതിരി. ശില്പരംഗത്ത് സമാനതകളും പിന്തുടർച്ചകളുമില്ലാത്ത അനേകം വഴികള്‍ അദ്ദേഹം സൃഷ്ടിച്ചു. ‘ലോഹഭാരതം’ എന്ന പേരിൽ നമ്പൂതിരി സൃഷ്ടിച്ചിരുന്ന ശില്പപരമ്പര ഒരു വിസ്മയമാണ്. ഭാരതം മുഴുവൻ ലോഹത്തകിടുകളിൽ അദ്ദേഹം ശില്പ രൂപത്തിൽ ഉണ്ടാക്കിയിരിക്കുന്നു. പറയിപെറ്റ പന്തിരുകുലം എന്ന മിത്തിനെ സാമൂഹിക രാഷ്ട്രീയമായ ഉൾക്കാഴ്ചകളോടു കൂടി ശില്പ പരമ്പരയാക്കി മാറ്റി. പൊന്നാനിക്കാരനാണ് അടിസ്ഥാനപരമായി നമ്പൂതിരി. പൊന്നാനി നഗരത്തിനടുത്താണ് അദ്ദേഹത്തിന്റെ തറവാട്ട് വീടായ കരുവാട്ടില്ലം. അക്കാലത്ത് പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ മുസ്ലിം ജനവിഭാഗങ്ങളുമായി അടുത്തിടപഴകി ജീവിച്ചയാളാണ്. ലോക പ്രശസ്തനായ ഒരു ശില്പിയുടെയോ ചിത്രകാരന്റെയോ നാട്യങ്ങളൊന്നുമില്ലാതെ വളരെ സാധാരണക്കാരനായാണ് ജീവിച്ചത്. അതുകൊണ്ടുതന്നെ എല്ലാത്തരം കഥാപാത്രങ്ങളെയും അദ്ദേഹം നിരീക്ഷിച്ചറിഞ്ഞിരുന്നു. പൊന്നാനിയിലെ പെണ്ണുങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ ഒക്കെ നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെ അനശ്വരരായി.

ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്

മലയാള സാഹിത്യത്തിലെ വൈവിധ്യപൂർണമായ എത്രയോ ജീവിതരംഗങ്ങളെ നമ്പൂതിരി വരച്ച് അനശ്വരമാക്കി. ഈ ചിത്രങ്ങളിലൂടെ വെളിപ്പെട്ട അത്ഭുതത്തെയാണ് ‘വരയുടെ പരമേശ്വരന്‍’ എന്ന് വികെഎന്‍ വിശേഷിപ്പിച്ചത്. അദ്ദേഹം നമ്പൂതിരിക്കയച്ച കത്ത് വളരെ പ്രസിദ്ധമാണ്. ‘ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കോഴിക്കോട് 1, ഏറിയാല്‍ 2 ’ എന്നായിരുന്നു കത്തിലെ മേല്‍വിലാസം. എംടിയുടെ രണ്ടാമൂഴത്തിനുവേണ്ടി നമ്പൂതിരി വരച്ച ചിത്രങ്ങള്‍ ലോക ചിത്രകലാ രംഗത്തുതന്നെ സമാനതകളില്ലാത്തതാണ്. ഭീമനെ കുറഞ്ഞ വരകള്‍കൊണ്ട് ഇതുതന്നെയാണ് ഭീമന്‍ എന്ന് പില്‍ക്കാല തലമുറകളെ വിശ്വസിപ്പിക്കുന്ന തരത്തില്‍ വരയ്ക്കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു. ദ്വാരക കടലെടുത്ത്, കടല്‍ സംഹാരതാണ്ഡവമാടിക്കിടക്കുന്നതിന്റെ ഒരു അസാധാരണ ചിത്രം കലാകൗമുദിയുടെ ആദ്യ ലക്കത്തില്‍ രണ്ടാംമൂഴം പ്രസിദ്ധീകരിച്ചുവരുമ്പോള്‍ വരച്ചത് ഇപ്പോഴും മനസിലുണ്ട്. ചെരിഞ്ഞു നില്‍ക്കുന്ന ഒരു ഒറ്റത്തേരുകൊണ്ട് ഒരു ചിത്രത്തേയും ഇതിഹാസത്തെയും പൂര്‍ണമായി ജനിപ്പിക്കാന്‍ നമ്പൂതിരിയുടെ കോറലുകള്‍ക്ക് സാധിച്ചു. ചെറിയചെറിയ കോറലുകള്‍കൊണ്ടാണ് സ്ത്രീകളെ വരച്ചത്. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ളവരാണ് നമ്പൂതിരിച്ചിത്രത്തിലെ സ്ത്രീകള്‍. വിശദാംശങ്ങള്‍ ഒന്നുമില്ലാതെതന്നെ, പ്രകൃതിയില്ലാത്ത പശ്ചാത്തലത്തില്‍ സ്ത്രീകള്‍ പ്രകൃതിപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് അദ്ദേഹം കാണിച്ചുതന്നത്. അക്കാലത്ത് പെരിങ്ങോട്ടുകരയിലും ഒറ്റപ്പാലം വരിക്കാശേരി മനയിലും ഉണ്ടായിരുന്ന കലാകൂട്ടായ്മകളില്‍ നമ്പൂതിരി നിരന്തരം പങ്കെടുത്തിരുന്നു. വരിക്കാശേരി മനയിലെ ശില്പിയും ചിത്രകാരനുമായിരുന്ന കൃഷ്ണന്‍ നമ്പൂതിരിയാണ് അദ്ദേഹത്തിലെ അസാധാരണത്വം തിരിച്ചറിഞ്ഞ് മദ്രാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ പഠിക്കാനായി വിടുന്നത്. അക്കാലത്ത് ബംഗാള്‍ ചിത്രകലയിലെ നവോത്ഥാന നായകനായിരുന്ന റോയ് ചൗധരിയും കേരളീയ ചിത്രകലയെ ലോകോത്തരമാക്കിയ കെ സി എസ് പണിക്കരും അവിടെ അധ്യാപകരായിരുന്നു. അവിടെ നിന്നും പഠിച്ചിറങ്ങി കെ സി എസ് പണിക്കരുടെ ചോളമണ്ഡലത്തിലെ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ ആറു വര്‍ഷം ഉപരിപഠനം നടത്തി. അക്കാലത്ത് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‍സും ചോളമണ്ഡലവും ലോക ചിത്രകലയുടെ കേദാരമായിരുന്നു. ഫ്രഞ്ച്, യൂറോപ്യന്‍ ചിത്രകലാപ്രസ്ഥാനങ്ങളിലെ ഏറ്റവും ആധുനികമായ പ്രവണതകള്‍ വരെ നമ്പൂതിരി തിരിച്ചറിഞ്ഞു. അങ്ങനെയാണ് കേരളീയ ചിത്രകലാ പരിസരത്തെ, അതുവരെ ഇല്ലാത്തവിധത്തില്‍ നവീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്. രേഖകള്‍ കൊണ്ട് വരച്ചെടുത്ത അത്ഭുതങ്ങള്‍ക്ക് പുറമെയാണ് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകള്‍. പലപ്പോഴും ഒറ്റയ്ക്കിരുന്ന് സമര്‍പ്പിതമനസ്കനായി ശില്പം കൊത്തുന്ന നമ്പൂതിരിയെ കണ്ടിട്ടുണ്ട്. പൂര്‍ണമായും കലയ്ക്ക് സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതം. കെ എസി എസ് പണിക്കരെപ്പോലെ ഇതിഹാസസമാനമായ ഒരു ചിത്രജീവിതം സൃഷ്ടിച്ച ആചാര്യന്‍. ആ പാരമ്പര്യത്തില്‍ നിന്ന് രൂപപ്പെട്ട നമ്പൂതിരിയുടെ ചിത്രകലാ വ്യക്തിത്വം സമഗ്രതയിലേയ്ക്ക് വളരുന്നതാണ് പിന്നെ നാം കണ്ടത്. കഥകളി, ഓട്ടന്‍തുള്ളല്‍, കൃഷ്ണനാട്ടം, മോഹിനിയാട്ടം, ചെണ്ട, പഞ്ചവാദ്യം, സോപാനസംഗീതം തുടങ്ങി കേരളീയ സംസ്കൃതി വ്യാപരിച്ച എല്ലാ മണ്ഡലങ്ങളെയും വരകളിലൂടെ പുനഃസൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വരയെ അദ്ദേഹം സംഗീതമാക്കാന്‍ ശ്രമിച്ചു. കേരളീയമായ നാടോടി ജീവിതത്തിന്റെ നാനാമുഖങ്ങൾ അദ്ദേഹം വരച്ചിരുന്നു. നാട്ടഴകുകൾ, ഗ്രാമീണ ദൃശ്യങ്ങൾ, നാട്ടുപ്രകൃതിയുടെ വൈവിധ്യങ്ങൾ, ദേശപുരുഷാർത്ഥങ്ങൾ, നാട്ടറിവ് നാനാർത്ഥങ്ങൾ ഒക്കെ ആ വരയിലൂടെ പുതിയൊരു കേരളീയതയായി രൂപം പ്രാപിച്ചു. നമ്പൂതിരി വരയ്ക്കുമ്പോൾ നമ്മൾ ജീവിതത്തിൽ കാണുന്നതിനേക്കാൾ സൗന്ദര്യവും പൊലിമയും ആ ദൃശ്യങ്ങള്‍ക്കുണ്ടായിരുന്നു.

ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍

അങ്ങനെ ഒരു യുഗം വരച്ചുതീർത്ത ഇതിഹാസ കലാകാരനാണ് നമ്പൂതിരി എന്നു പറയാം. ചിത്രകലയും ശില്പകലയും മാത്രമല്ല ചലച്ചിത്രരംഗത്തും അദ്ദേഹത്തിന്റെ വലിയ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. ജി അരവിന്ദന്റെ കാഞ്ചനസീത തൊട്ട് പത്മരാജന്റെ ഞാൻ ഗന്ധർവൻ വരെയുള്ള സിനിമകളുടെ സമാനതകളില്ലാത്ത കലാസംവിധാനം നിർവഹിച്ചത് നമ്പൂതിരിയാണ്. നമ്പൂതിരി ഒരു പ്രതീകമായിരുന്നു, ആധുനിക കേരളം പുരോഗമന പാതയിലുടെ സഞ്ചരിച്ച ചിത്രപ്രതീകം. അങ്ങനെ സമഗ്രതയുടെ ഒരു ചിത്രകാരൻ ഇനിയുണ്ടാവില്ല. തീർത്തും ഒരുപുരോഗമനവാദിയായിരുന്ന അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നു. പക്ഷേ, അദ്ദേഹത്തെ വേണ്ടവിധം നമ്മൾ മനസിലാക്കിയിട്ടില്ല. അർഹമായ അംഗീകാരങ്ങൾ ഈ കലാകാരന് ലഭിച്ചില്ല, ലളിതകലാ അക്കാദമിയുടെ ചെയർമാൻ എന്നതൊഴിച്ച്. പത്മ പോലുള്ള പുരസ്കാരങ്ങൾക്ക് ശുപാർശ ചെയ്യുകപോലുമുണ്ടായില്ല. മലയാള ചിത്രസംസ്കാരത്തെ ലോകോത്തരമാക്കി തീർത്ത ഒരു ചരിത്രം അവസാനിക്കുകയാണ്. നമ്പൂതിരി മരിച്ചാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മരിക്കുകയില്ല. സമാന്തരമായ ജീവപ്രപഞ്ചമായി മനുഷ്യനുള്ള കാലം വരെ ആ ജീവിതവും നമ്മളോടൊപ്പം ഉണ്ടാകും. ക്യാൻവാസുകളിൽ നിന്നും കടലാസുകളിൽ നിന്നും മണ്ണിലേക്ക് ഇറങ്ങിവന്ന് സാധാരണ മനുഷ്യരോടൊപ്പം ജീവിച്ച നമ്പൂതിരിയുടെ കഥാപാത്രങ്ങൾ ഒരു സമാന്തര ജീവിത സംസ്കാരമായി കേരളീയ സംസ്കൃതിയോടൊപ്പമുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.