15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 25, 2024
October 18, 2024
October 17, 2024
September 28, 2024
September 25, 2024
September 25, 2024
September 23, 2024
September 19, 2024
September 17, 2024

കേരളത്തിലും സൈക്കോപാത്തുകള്‍ വര്‍ധിക്കുന്നുണ്ടോ

ജനയുഗം വെബ് ഡസ്ക്
July 10, 2023 4:45 am

കൊലപാതകം, അത് ഏതുവിധേന ആണെങ്കിലും ജീവിച്ചിരിക്കുന്ന മനുഷ്യരെ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. പ്രാകൃതകാലം മുതലിങ്ങോട്ട് നടന്ന ക്രൂരകൊലപാതങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുനര്‍വായനയ്ക്കെടുക്കുമ്പോള്‍, സമീപകാലവും ഒട്ടുംപിറകിലല്ലെന്ന് വിശ്വസിക്കേണ്ടിവരും. ഏറ്റവുമൊടുവില്‍ കൊച്ചിയിലെ മരടില്‍ കേട്ട ഞെട്ടിക്കുന്ന കൊലപാതകം ഇത്തരത്തില്‍ വായിക്കാവുന്ന ഒന്നാണ്. മണിക്കൂറുകളോളം സ്വന്തം മുറിക്കുള്ളില്‍ അടച്ചിട്ടശേഷം അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തല ഒന്നിലധികം തവണ വെട്ടി കഷണങ്ങളാക്കിക്കളഞ്ഞു. എല്‍എല്‍ബി ബിരുദധാരിയാണീ കൊലപാതകി. പുറത്തിറങ്ങുന്ന പതിവില്ല. ഭക്ഷണം പുറമേ നിന്ന് വരുത്തിക്കഴിക്കും. നിരന്തര വഴക്കെല്ലാം വൃദ്ധയായ അമ്മ ഇയാള്‍ക്ക് നിത്യവും അത്തരം ആവശ്യങ്ങള്‍ക്കായി പണം കൊടുക്കണം എന്ന പേരിലാണ്. വീടിനകത്തെ ഇലക്ടോണിക്സ് സാധനങ്ങള്‍ തല്ലിയുടക്കുന്നതാണ് വിനോദം. കേടാവുന്നതിനനുസരിച്ച് പുതിയത് വാങ്ങിവയ്ക്കണം. ലക്ഷക്കണക്കിന് രൂപയുടെ ഗൃഹോപകരണങ്ങളാണ് ഇയാള്‍ ഇതിനകം നശിപ്പിച്ചത്. മകനെന്ന വാത്സല്യവും മരണമെന്ന ഭയവും ഉള്ളിലുള്ള ആ അമ്മയുടെ മൊബൈല്‍ ഫോണ്‍ കറിച്ചട്ടിയില്‍ ഇട്ട് വറുത്തെടുത്തു. ഒടുവില്‍ അത്രയും നാള്‍ പോറ്റിയ അമ്മയുടെ തല വെട്ടി തുണ്ടം തുണ്ടമാക്കി. മരടിലെ ഈ കൊലപാതകത്തിന് മുഖ്യകാരണം സംസ്ഥാന പൊലീസാണെന്ന രാഷ്ട്രീയ ചര്‍ച്ചയിലാണ് മാധ്യമങ്ങളും നഗരസഭയും എത്തിനിന്നത്. പൊലീസാകട്ടെ, വിനോദ് എന്ന ആ ചെറുപ്പക്കാരന്‍ മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളാണെന്ന് എഫ്ഐആറിലും എഴുതിവച്ചു.

ഇത് അവസാനം കേട്ട വാര്‍ത്തയാണെന്നേ ഉള്ളൂ. ഇനിയും ആവര്‍ത്തിക്കപ്പെടാന്‍ ഒരുപാട് സാധ്യതകള്‍ ഉള്ളതുമാണ്. നേരത്തെ കേട്ട് ഭയന്ന കേരളത്തിലെ ഇത്തരം കൊലപാതകങ്ങളുടെ എണ്ണം ചില്ലറയൊന്നുമല്ല. മുന്‍ സൈനികനായിരുന്ന അച്ഛന്റെയും നഴ്സിങ് സൂപ്രണ്ടായിരുന്ന അമ്മയുടെയും പെന്‍ഷന്‍ തുകകൊണ്ട് കഴിഞ്ഞിരുന്ന മഹേഷ് എന്ന മാവേലിക്കര സ്വദേശിയുടെ കഥ കഴിഞ്ഞ മാസം ആറിനാണ് നമ്മള്‍ കേട്ടത്. ആറ് വയസുള്ള സ്വന്തം മകളെ കൊലപ്പെടുത്താന്‍ ദിവസങ്ങള്‍ക്ക് മുമ്പേ പുതിയതായൊരു മഴു ഉണ്ടാക്കിവച്ചുവത്രെ. രക്തത്തില്‍ കുളിച്ച് ചേതനയറ്റുകിടന്ന നക്ഷത്ര എന്ന ആ പിഞ്ചുകുഞ്ഞിന്റെ മുഖം കേരളീയരുടെ മനസില്‍ നിന്ന് മാറിയിട്ടില്ല. നക്ഷത്രയുടെ അമ്മയെ മൂന്ന് വര്‍ഷം മുമ്പ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. മഹേഷിന്റെ അച്ഛന്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. നക്ഷത്രയെ വെട്ടിക്കൊല്ലുന്നത് തടയാന്‍ വന്ന സ്വന്തം അമ്മയെയും മഹേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാട്ടില്‍ സുഹൃദ്ബന്ധങ്ങളൊന്നുമില്ലാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഇയാള്‍.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ(55)യെ മകന്‍ ക്രൂരമായി കൊല്ലപ്പെടുത്തിയത് ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്. ആദ്യം അമ്മ മകനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. അവന്‍ അമ്മയെ കറിക്കത്തി കൊണ്ട് കഴുത്തറുത്ത് നിലത്തേക്ക് തള്ളിയിട്ട് തലയ്ക്കുപിന്നില്‍ വെട്ടുകയും ചെയ്തു. മരിച്ചെന്നുറപ്പാക്കി മൃതദേഹത്തിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്ത് കുടുംബക്കാരുള്‍പ്പെടുന്ന വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റുചെയ്തു. ഇതേ ദിവസം തന്നെയായിരുന്നു മലപ്പുറം തിരൂരില്‍ മുത്തൂര്‍ സ്വദേശി മുഹമ്മദ് ഹാജിയെ മകന്‍ മര്‍ദ്ദിച്ചവശനാക്കി നിലത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കൊല്ലം പട്ടത്താനം നീതിനഗറില്‍ 75 വയസുള്ള സാവിത്രിഅമ്മയെ മകന്‍ ജീവനോടെ കുഴിച്ചുമൂടിയതും ഓര്‍ക്കുന്നുണ്ടാവും. മദ്യപിക്കാന്‍ പണം നല്‍കാത്തതിനാണ് ആലപ്പുഴ ഭരണിക്കാവ് കുറത്തിയാട് രമയെന്ന അറുപത്തിയഞ്ചുകാരിയെ മകന്‍ കൊലപ്പെടുത്തിയത്.

പഠനാവശ്യത്തിനായി സ്കെയില്‍‍ വാങ്ങാന്‍ ‍പോയ മകനെ കാണാനില്ലെന്ന് പരാതി നല്‍കിയ അമ്മയെ രണ്ട് ദിവസത്തിനുശേഷം കൊല്ലം കുണ്ടറ പൊലീസിന് അറസ്റ്റുചെയ്യേണ്ടിവന്നു. പതിനാലുകാരനായ ആ മകനെ കൊലപ്പെടുത്തി കത്തിച്ച ശേഷമാണ് ബന്ധുക്കള്‍ക്കൊപ്പം അവനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയത്. പരാതി മാത്രമായിരുന്നില്ല, പത്രത്തില്‍ പരസ്യവും നല്‍കി. എത്ര ക്രൂരമാണ് ആ അമ്മ മനസ്.

സൈക്കോപാത്തുകള്‍

ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ കൊലപാതകങ്ങളുടെ പരമ്പരകള്‍ തന്നെയാണ്. തൂക്കിലേറ്റപ്പെട്ട റിപ്പര്‍ ചന്ദ്രനും റിമാന്‍ഡിലുള്ള സീരിയില്‍ കില്ലര്‍ ജോളിയും അടക്കം കേരളം കണ്ട സൈക്കോപാത്തുകള്‍ ഒരുപാടാണ്. വടക്കൻ മലബാറിനെ വിറപ്പിച്ച സൈക്കോ കൊലപാതകിയായിരുന്നു റിപ്പർ ചന്ദ്രൻ. നിരവധി പേരെ അതിദാരുണമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ചന്ദ്രൻ ഉത്തരകേരളത്തെയാകെ ഭീതിയിലാഴ്ത്തി. അമേരിക്കയിൽ നിരവധി പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ‘ജാക്ക് ദ റിപ്പർ’ എന്ന അജ്ഞാത കൊലയാളിയുടെ കൊലപാതക രീതിയോട് സാമ്യമുള്ളതിനാലാണ് ചന്ദ്രന് റിപ്പർ എന്ന അപരനാമം ഇയാള്‍ക്കും കിട്ടിയത്. 1991 ജൂലൈ ആറിനാണ് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് ചന്ദ്രനെ തൂക്കിലേറ്റിയത്.

പൊലീസിനെപ്പോലും വട്ടംതിരിച്ച ഒന്നായിരുന്നു കൂടത്തായി കൂട്ടക്കൊലപാതകം. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് മരണപ്പെട്ടത്. 2002 ഓഗസ്റ്റ് 22ന് അന്നമ്മയിലൂടെയാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വര്‍ഷങ്ങളുടെ ഇടവേളയില്‍ അഞ്ച് മരണങ്ങള്‍. ആറ് കൊലപാതകങ്ങള്‍ തെല്ലും പതറാതെയാണ് ഇടവേളകളായി ജോളിയെന്ന കുറ്റവാളി ചെയ്തുതീര്‍ത്തത്.

70 ശതമാനംവരെ ഇവരുടെയെല്ലാം ജനിതകപ്രശ്നമാണ് ഈ അവസ്ഥയ്ക്ക് കാരണമായി ശാസ്ത്രലോകം പറയുന്നത്. സമൂഹത്തിന്റേതായ പങ്കാണ് ശേഷിക്കുന്നത്. സമൂഹവും ജനിതകവും തമ്മിലുള്ള സംഘര്‍ഷവും വലിയ കാരണമായി കണ്ടെത്തുന്നുണ്ട്. കൊലയാളിയും സമൂഹവും മനഃപൂര്‍വം കുറ്റവാളികളാവുന്നില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൊലപാതകങ്ങള്‍ മാത്രമല്ല, സ്വയമേവ ചെയ്യുന്ന ചില ആത്മഹത്യകളും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് ഉടലെടുക്കുന്നുണ്ട്. കൊല ചെയ്തശേഷം ആത്മഹത്യാശ്രമം നടത്തുന്നവരും ഏറെയാണ്. ഇവരില്‍ നടത്തിയ പഠനങ്ങള്‍ വ്യത്യസ്ത ഫലങ്ങളാണ് നല്‍കിയിട്ടുള്ളത്. മരിക്കാനായല്ല, ജയിക്കാനായാണ് സൈക്കോപാത്തുകള്‍ അധികവും ആത്മഹത്യാശ്രമം നടത്തുന്നതത്രെ. ക്രൂരമായ കൊലപാതകത്തിനുശേഷം സ്വയം മുറിവേല്‍പ്പിച്ച് ശാന്തമാകുന്നതാണ് ഇതെന്നും പറയുന്നു.

വീടുകളില്‍ തന്നെ ഇത്തരം ആളുകളില്‍ നിന്ന് സൈക്കോ അവസ്ഥകളുടെ സൂചനകള്‍ ലഭിക്കും. അവരില്‍ കാണുന്ന ലക്ഷണങ്ങള്‍ പലതരത്തിലായിരിക്കും എന്നതിനാല്‍ കണ്ടെത്തുക എന്നതും ശ്രമകരമാണ്. വിഷാദ രോഗങ്ങള്‍ കാലക്രമേണ സൈക്കോ അവസ്ഥയിലേക്ക് പരിണമിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് പഠനം. ഏതെങ്കിലും രീതിയിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വിദഗ്ധരുടെ സഹായം തേടാന്‍ തീരുമാനിക്കണം. പ്രത്യേകിച്ച് വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്തവരുടെയും മറ്റുള്ളവരുമായി അകന്നുകഴിയുന്നവരുടെയും കാര്യത്തില്‍.

മാനസികാരോഗ്യം

ലോകജനസംഖ്യയിൽ 45 കോടിയോളം ജനങ്ങൾ മാനസികാരോഗ്യം മൂലം കഷ്ടതയനുഭവിയ്ക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം. ഇങ്ങനെപോയാൽ വിഷാദരോഗം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അസുഖമായി വേഗത്തിൽ പരിണമിക്കുമെന്നും പഠന റിപ്പോർട്ടുണ്ട്. മാനസിക രോഗമുണ്ടാകുന്നത് മാനസിക ബലക്കുറവോ അമാനുഷിക ശക്തികൾ മൂലമോ ആണെന്നുള്ള ചില ചിന്താഗതികൾ മിക്കവരിലും ഉണ്ട്. മാനസികരോഗം പൂർണമായി ഭേദമാക്കാൻ കഴിയില്ല എന്ന് വിശ്വസിക്കുന്നവരും ഈ ലോകത്ത് അനവധിയാണ്. മാനസികാരോഗ്യപ്രശ്നങ്ങൾ പെരുകുന്നതിനും അവ തടയുന്നതിനുള്ള ശ്രമങ്ങൾ വിഫലമാകുന്നതിനും ഇത്തരം ചിന്താഗതികൾ ഒരു കാരണമാണ്. ചിലരുടെ ചിന്തകൾ വേഗത്തിലാകും. ചിലരുടേത് മന്ദഗതിയിലും. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സാമാന്യബുദ്ധിക്കുപോലും നിരക്കാത്തവിധം മാറിക്കൊണ്ടിരിക്കും. ബാഹ്യ സ്വാധീനങ്ങളാൽ ഭൂമാത്മകമായ ചിന്തകളും പ്രവൃത്തികളും ചിലരിൽ കാണാം. ചുറ്റുപാടുകൾ ഒട്ടും പരിചിതമല്ലെന്ന രീതിയിൽ പെരുമാറുന്ന അവസ്ഥ. എവിടെയും അവിശ്വസനീയമായ ശബ്ദങ്ങളും ചലനങ്ങളും ഉണ്ടെന്ന വിശ്വാസത്താൽ ഒളിഞ്ഞിരിക്കുക. മറ്റാരിൽ നിന്നും യാതൊരു വിലയും ലഭിക്കുന്നില്ലെന്നും പ്രതീക്ഷിക്കാനൊന്നുമില്ലെന്നും തോന്നൽ. തനിച്ചിരുന്ന തന്നോടുതന്നെ സംസാരിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന സ്ഥിതി. ആരോഗ്യം ഇല്ലെങ്കിലും സധാരണയുള്ളതിനേക്കാൾ കൂടുതൽ ഊർജം, ഉറക്കം ഒട്ടും ഇല്ലാത്ത അവസ്ഥ, ക്ഷോഭം, ഭയം, ഒപ്പമുള്ളവരെല്ലാം തനിക്ക് പ്രയാസമുണ്ടാക്കുന്നവർ ആണെന്ന തോന്നൽ… ഈ വിധം പലതരം കാരണങ്ങൾ മനുഷ്യരിൽ പെരുകി വരുന്നതായി പഠനങ്ങളുണ്ട്.

കൊലപാതക വാസന

ലോകാരോഗ്യ സംഘടന 2002 ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത് ഓരോ 60 സെക്കൻഡിലും ഒരാൾ കൊല്ലപ്പെടുന്നു എന്നാണ്. മറ്റൊരു പഠനം 1990 മുതൽ 35ശതമാനം വർധനയോടെ 2010ൽ ലോകമെമ്പാടുമുള്ള കൊലപാതക നിരക്ക് 456,300 ആയി കണക്കാക്കുന്നു. അവരിൽ അഞ്ചിൽ രണ്ടും 10നും 29നും ഇടയിൽ പ്രായമുള്ളവരും ഇവരുടെ കൊലയാളികള്‍ യുവാക്കളുമാണ്. 2017ലേക്കെത്തിയപ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 651,000 ആയി. ഓരോ വര്‍ഷവും ശരാശരി 65,000 കൊപാതകങ്ങള്‍ എന്ന തോതിലാണ് പിന്നീടിങ്ങോട്ടുള്ള കണക്കുകള്‍.

ആളുകൾക്കിടയിൽ സ്വയം ഉപദ്രവിക്കുന്ന കേസുകളുടെ എണ്ണത്തിലും വർധനവുണ്ട്. ഗൂഗിളിൽ ‘ആത്മഹത്യ’ എന്ന് തിരയുന്നവരുടെ എണ്ണവും കൂടുതലാണ്. ഉത്കണ്ഠ, തൊഴിൽ നഷ്ടം, ഏകാന്തത, സമ്മർദ്ദം, സാമ്പത്തിക ഭദ്രത എന്നിവയാണ് ആളുകൾ ഇത്തരത്തിലുള്ള പ്രവണത വളർത്തിയെടുക്കാൻ തുടങ്ങിയതിന്റെ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്. കോവിഡിനുശേഷം അടച്ചുപൂട്ടപ്പെട്ട മാനസികാവസ്ഥ പലരെയും കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും ചെന്നെത്തിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര പഠനങ്ങള്‍. ഇന്ത്യയിലെ 61 ശതമാനം ആത്മഹത്യയും സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നുണ്ടായതാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവ ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് ഉടലെടുത്തവയാണ്. 27 ശതമാനം കൗമാരക്കാർ ഈ മാനസികപ്രശ്നം നേരിടുന്നുണ്ടെന്നാണ് പഠനം.

സൈക്കോകള്‍ക്ക് നിയമം തുണയാണോ

സാക്ഷിമൊഴികളെ വിശ്വസിച്ച് പൊലീസ് എഴുതിവയ്ക്കുന്ന ‘മാനസികരോഗി’ എന്ന വിശേഷണം സൈക്കോകള്‍ക്ക് തുണയാണോ എന്ന ചോദ്യം പ്രശസ്തമാണ്. കൊലക്കേസുകളിലെ വിചാരണവും വിധിയും ശിക്ഷയും വൈകുന്നതും യഥാര്‍ത്ഥത്തില്‍ കൊലപാതകികള്‍ക്ക് തുണ തന്നെയാണ്. പുതിയ ദൃശ്യമാധ്യമ ശൈലികളും കൊലപാതകികള്‍ക്ക് അനുഗ്രഹമാകുന്നുണ്ടെന്നും പറയാം. പൊലീസും നീതിന്യായ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും വിവാചരണ ചെയ്യുന്നതും വിലയിരുത്തുന്നതും വിശേഷം പങ്കുവയ്ക്കാന്‍ അവസരമൊരുക്കുന്നതും ചാനല്‍ മത്സരങ്ങളിലെ പുതിയ ഇനമാണ്. ഇത് കേസുകളെ നല്ലപോലെ ബാധിക്കുമെന്നത് തെല്ലും സംശയമില്ല. സമൂഹം ഇതിന് കൂട്ടുനില്‍ക്കുന്നതും ഒരുതരം കുറ്റകൃത്യം തന്നെയാണ്.

മറ്റുപല രാഷ്ട്രങ്ങളിലെ നിയമവും ചട്ടങ്ങളും കൊലപാതകക്കേസുകളില്‍ വ്യത്യസ്ഥ രീതിയിലാണ്. ചില രാജ്യങ്ങള്‍ കൊലപാതക കുറ്റങ്ങളെ ഇനംതിരിച്ചാണ് നിയമപരമായി നേരിടുന്നത്. ഫസ്റ്റ് ഡിഗ്രി, സെക്കൻഡ് ഡിഗ്രി എന്നിങ്ങനെ കൊലപാതകങ്ങൾ തമ്മിലുള്ള വ്യത്യാസം കണക്കാക്കി കൈകാര്യം ചെയ്യുന്നു. കനേഡിയൻ കൊലപാതക നിയമത്തിലും യുഎസ് കൊലപാതക നിയമത്തിലും ഇത് കാണാനാവും. ചില രാഷ്ട്രങ്ങള്‍ സൈക്കോപാത്തുകള്‍ ചെയ്യുന്നപോലെയുള്ള ക്രൂരമായ കൊലപാതകങ്ങളെ മൂന്നാം ഡിഗ്രി ഇനത്തില്‍പ്പെടുത്തി കാണുന്നുമുണ്ട്. മിനസോട്ട എന്ന രാജ്യം ഇതിലൊന്നാണ്. ഫ്ലോറിഡ മൂന്നാം ഡിഗ്രി കൊലപാതകത്തെ മറ്റൊരര്‍ത്ഥത്തിലും കാണുന്നു. സ്വന്തം വിജയത്തിനുവേണ്ടിയോ അല്ലെങ്കിൽ ഭയം ഒഴിവാക്കുന്നതിനോ വേണ്ടി സമയവും രീതിയും യുക്തിസഹമായി പരിഗണിച്ച ശേഷം ഒരാളെ കൊല്ലുന്ന കുറ്റകൃത്യമാണിത്. ഇതില്‍ സൈക്കോ പോലുള്ള മാനസികനിലയെ പ്രത്യേകം എടുത്തുകാട്ടുന്നുമില്ല. പലപ്പോഴും പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവ്, അല്ലെങ്കിൽ വധശിക്ഷ എന്നിവ ഇതില്‍ ഉറപ്പാക്കുന്നു.

ചില രാജ്യങ്ങൾ ‘മനസിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന’ സാഹചര്യങ്ങളെന്ന് കണ്ടെത്തി ഇത്തരം കേസുകളെ കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ പലപ്പോഴും ഇതേ രീതിയില്‍ സൈക്കോ കേസുകളെയും പരിഗണിക്കുന്നു. കേള്‍ക്കുന്ന കൊലപാതക രീതികള്‍ അത്രമേല്‍ ഭീകരവും ഭീതിതവുമായിരുന്നിട്ടുകൂടി നിയമം അവര്‍ക്കനുകൂലമായി സമീപിക്കുന്നത് ഫലം ചെയ്യുമോ എന്നതാണ് ചോദ്യം.

2020ല്‍ വാഷിങ്ടണില്‍ വൈരാഗ്യം മൂത്ത് മുന്‍ കാമുകിയെ കൊന്ന് അരിശംമാറാതെ തലച്ചോറടക്കം മൃതദേഹാവശിഷ്ടങ്ങള്‍ പാകംചെയ്ത് ഭക്ഷിച്ച സംഭവം നമ്മള്‍ വായിച്ചിട്ടുണ്ട്. ചൈനയിലെ യുന്നാന്‍ ക്വിസിയാന്‍ ഗ്രാമത്തില്‍ അപസ്മാര രോഗം മാറാന്‍ പതിനൊന്നുകാരനെ കൊന്ന് അവന്റെ തലച്ചോറ് മണ്ണിരകളെയും ഉറുമ്പുകളെയും ചേര്‍ത്ത് ഭക്ഷിച്ച ഹീനകൃത്യവും നമ്മളെ ഞെട്ടിച്ചു. അധികം വൈകാതെ ഈ കൊച്ചുകേരളത്തിലെ പത്തനംതിട്ടയില്‍ നിന്ന് നരബലിയുടെയും കൊല്ലപ്പെട്ടവരുടെ മാംസം പാകംചെയ്ത് കഴിച്ചെന്നുമുള്ള വാര്‍ത്തകള്‍ കേട്ടത്. പോസ്റ്റുമോര്‍ട്ടം ടേബിളിനുതുല്യമായ സൗകര്യമൊരുക്കിയാണ് നരബലിയും ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി കുക്കറിലിട്ട് പാകം ചെയ്തെന്നും കുറ്റവാളിയായ ലൈല തന്നെ പൊലീസിനോട് പറഞ്ഞത്. രണ്ട് പേരെയാണ് ലൈലയും ഭഗവല്‍സിങ് എന്ന മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2021 ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസുകാരനെ കുളിമുറിയില്‍ കാല്‍കൂട്ടികെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊന്ന സംഭവം ഞെട്ടിക്കുന്നതായിരുന്നു. സമ്പത്തിനും രോഗശാന്തിക്കും വേണ്ടി സ്വന്തം മകനെ ഷാഹിദ എന്ന മാതാവ് ദൈവത്തിന് ബലികൊടുത്തതായിരുന്നു എഫ്ഐആര്‍.

1955 ഏപ്രില്‍ 23ന് തിരുവനന്തപുരം കാട്ടാക്കടയില്‍ കഴുത്തില്‍ കുരുക്കിട്ട് പതിനഞ്ചുകാരനെ കൊലപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്ന് ആദ്യമായി കേട്ട നരബലിയായിരുന്നു അത്. ആ കേസിലെ പ്രതികളായ മന്ത്രവാദിയെയും കൂട്ടാളിയെയും നാടുകടത്താനായിരുന്നു തിരുവനന്തപുരം രണ്ടാം സെഷന്‍സ് കോടതി അന്ന് വിധിച്ചത്. അടുത്ത വര്‍ഷം 1956ല്‍ ഗുരുവായൂരിലെ രാധ എന്ന ആനയ്ക്കുണ്ടായ രോഗം ഭേദമാകാന്‍ ആനപ്രേമിയായ അപ്പസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കിടന്നുറങ്ങിയ തന്റെ സുഹൃത്തായ കാശിയെ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തിയതും നരബലിയായി രേഖയില്‍ കിടക്കുന്നു. വിചാരണ വേളയില്‍ അപ്പസ്വാമി കോടതിയില്‍ പറഞ്ഞത്, ആന വലിയ ജീവിയാണെന്നും കാശി ഒരു മനുഷ്യനാണെന്നും മനുഷ്യന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നുമാണ്. അയാളെ ജീവപര്യന്തം ശിക്ഷിച്ച് കോടതി ആ കേസിലും തീര്‍പ്പുകണ്ടു. അന്ധവിശ്വാസങ്ങളും അതുവഴി ഉടലെടുക്കുന്ന മാനസികവൈകൃതവും മനുഷ്യജീവനുകളെ ഇങ്ങനെ കൊന്നൊടുക്കുന്നു.

ഇവിടെ ആരാണ് മാറേണ്ടത്. കൊലപാതകിയോ അതോ മരണം കാത്തുനില്‍ക്കുന്ന ഇരകളോ? സമൂഹം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് അനിവാര്യമാണ്. നിയമങ്ങളും മാറ്റിയെഴുതപ്പെടണം.

Eng­lish Sum­ma­ry: Are psy­chopaths increas­ing in Ker­ala too?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.