ചില്ലിനപ്പുറത്തുള്ള മൃഗങ്ങള്‍ക്ക് ഉമ്മ കൊടുത്ത് സെല്‍ഫിയെടുക്കുന്നതും താലോലിക്കുന്നതും വിദേശരാജ്യങ്ങളിലെ പതിവ് കാഴ്ചയാണ്. അത്തരം സെല്‍ഫിയെടുക്കാനും മൃഗങ്ങളെ കാണാനുമൊക്കെ ഇനി സിംഗപ്പൂലും തായ്‌വാനിലും പോകേണ്ട. തൃശൂര്‍ പുത്തൂരിലേക്ക് വന്നാല്‍ മതി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് മാസങ്ങള്‍ക്കകം പുത്തൂരില്‍ സജ്ജമാകും. തൃശൂരിലേക്ക് ഇനി പൂരം കാണാന്‍ മാത്രമല്ല പുത്തൂര്‍ കാണാനും സന്ദര്‍ശകര്‍ പ്രവഹിക്കും.
ലോക സഞ്ചാര ഭൂപടത്തില്‍ തൃശൂരിനെ അടയാളപ്പെടുത്തുന്ന സുവോളജിക്കല്‍ പാര്‍ക്കിലൂടെ കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമാകാനൊരുങ്ങുന്ന പുത്തൂര്‍ ഇനി തൃശൂരിന്റെ മുഖച്ഛായ മാറ്റും. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല കൂടിയാണിത്. വനം വകുപ്പിന്റെ കീഴിലുള്ള 350 ഏക്കറിലാണ് സുവോളജിക്കൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. 64 ഇനങ്ങളിൽപ്പെട്ട 511 മൃഗങ്ങളെയും വിവിധ പക്ഷികളെയും പുത്തൂരിലെ വിശാലമായ സുവോളജിക്കൽ പാർക്കിൽ ഘട്ടംഘട്ടമായി എത്തിക്കും.
തൃശൂർ, തിരുവനന്തപുരം മൃഗശാലകൾക്ക് പുറമേ വിദേശത്തു നിന്നും രാജ്യത്തെ വിവിധ മൃഗശാലകളിൽ നിന്നും മൃഗങ്ങളെ എത്തിക്കും. 24 ആവാസ ഇടങ്ങളാണ് മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. 306 കോടി രൂപയുടെ പദ്ധതിയിൽ കിഫ്ബിയുടെ 269 കോടി ചെലവഴിച്ചാണ് പാർക്ക് ഒരുങ്ങുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ മൃഗശാല ഡിസൈനർ ജോൻ കോ ആണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. ആറു മാസത്തിനകം സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. സുവോളജിക്കല്‍ പാര്‍ക്കിലെ ആദ്യ അതിഥികളായി വൈഗ, ദുര്‍ഗ്ഗ എന്നീ കടുവകള്‍ എത്തിക്കഴിഞ്ഞു. അധികം വൈകാതെ തേക്കടിയിന്‍ നിന്നും മംഗള എന്ന കടുവയും പുത്തൂരിലേക്കെത്തും.
കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളും പക്ഷികളും സ്വസ്ഥമായി വിഹരിക്കാൻ തയ്യാറെടുക്കുകയാണ് പുത്തൂരിൽ. കാട് നശിപ്പിച്ച് കൂടുകൾ പണിയുകയല്ല, പകരം വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുറസായി പ്രദർശിപ്പിക്കുകയാണ് പുത്തൂർ മൃഗശാലയിൽ. തികച്ചും ശാസ്ത്രീയമായി കൻഹ സോൺ, സൈലന്റ് വാലി സോൺ, സുളു ലാൻഡ്, ഷോല ലാൻഡ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളായാണ് ഇവിടെ കൂടുകൾ ഒരുക്കുന്നത്. ഇവയിൽ മൂന്നെണ്ണം വിവിധയിനം പക്ഷികൾക്കായിട്ടുള്ള വിശാലമായ പ്രത്യേക ആവാസകേന്ദ്രങ്ങളാണ്. കൂടാതെ വെറ്ററിനറി ആശുപത്രി സമുച്ചയവും മൃഗങ്ങൾക്കുള്ള ഭക്ഷണ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓരോ മേഖലയ്ക്കും അനുയോജ്യമായ സസ്യജാലങ്ങളാണ് ഇവിടങ്ങളിൽ നട്ടുപിടിപ്പിക്കുന്നത്.
പൂമരങ്ങൾ, വള്ളികൾ, ചെറു സസ്യങ്ങൾ, ജല സസ്യങ്ങൾ എന്നിവ ഉൾപ്പെടെ 10 ലക്ഷത്തോളം സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രതിവർഷം മുപ്പതുലക്ഷം സഞ്ചാരികൾ പുത്തൂരിലേക്ക് എത്തും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പാർക്കിനോടനുബന്ധിച്ച് സന്ദർശകർക്കായി മൃഗങ്ങളെ വീക്ഷിക്കുവാനുള്ള സന്ദർശക ഗാലറികൾ, വിശാലമായ പാർക്കിങ് സ്ഥലം, റിസപ്ഷൻ ആന്റ് ഓറിയന്റേഷൻ സെന്റർ, സർവീസ് റോഡുകൾ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, ട്രാം സ്റ്റേഷനുകൾ, കഫറ്റീരിയ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടോയിലറ്റ് ബ്ലോക്കുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 90 ശതമാനത്തിലേറെ പൂർത്തിയായി കഴിഞ്ഞു.
English Sammury: Puthur zoological park Will open soon Thrissur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.