23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2023
July 11, 2023
April 17, 2023
April 16, 2023
April 9, 2023
April 9, 2023
March 3, 2023
February 19, 2023

ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്ത് ആറുമാസത്തിനിടെ 400 ആക്രമണങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 11, 2023 9:25 pm

ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വൻ വര്‍ധന. ഈ വര്‍ഷം 190 ദിവസത്തിനിടെ 400 അതിക്രമങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉണ്ടായതെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം കണക്കുകള്‍ പുറത്തുവിട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 274 ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും കണക്കുകള്‍ പറയുന്നു.
രാജ്യത്ത് 23 സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ക്കെതിരെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഉത്തര്‍ പ്രദേശില്‍ 155 അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പെട്ടിട്ടുണ്ട്. യുപിയിലെ ആറു ജില്ലകളില്‍ ക്രിസ്ത്യാനികള്‍ ആക്രമണത്തിനിരയായിട്ടുണ്ട്. 

84 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചത്തീസ്ഗഢ് ആണ് യുപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ജാര്‍ഖണ്ഡ്-35, ഹരിയാന‑32, മധ്യപ്രദേശ്-21, പഞ്ചാബ്-12, കര്‍ണാടക-10, ബിഹാര്‍-ഒമ്പത്, ജമ്മു കശ്മീര്‍-എട്ട്, ഗുജറാത്ത്-ഏഴ്, ഉത്തരാഖണ്ഡ്-നാല്, തമിഴ്‌നാട്-മൂന്ന്, പശ്ചിമ ബംഗാള്‍-മൂന്ന്, ഹിമാചല്‍പ്രദേശ്-മൂന്ന്, മഹാരാഷ്ട്ര‑മൂന്ന്, ഒഡിഷ‑രണ്ട്, ഡല്‍ഹി-രണ്ട്, ആന്ധ്രാപ്രദേശ്, അസം, ഛണ്ഡീഗഡ്, ഗോവ‑ഒന്ന് എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ചത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പറയുന്നു, 31 ആക്രമണങ്ങളുണ്ടായി. ഈ വര്‍ഷം ജൂണിലാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 88 അതിക്രമങ്ങള്‍ ജൂണില്‍ മാത്രം ഉണ്ടായി. ദിവസം ശരാശരി മൂന്ന് വീതം. മാര്‍ച്ച്‌-66, ഫെബ്രുവരി-63, ജനുവരി-62, മെയ്-50, ഏപ്രില്‍-47 എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ കണക്കുകള്‍. 

2014ന് ശേഷമാണ് അതിക്രമങ്ങളില്‍ വൻ വര്‍ധനയുണ്ടായതെന്നും കണക്കുകള്‍ പറയുന്നു. 2014ല്‍ 147 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2015-177, 2016-208, 2017-240, 2018-292, 2019-328, 2020-279, 2021–505, 2022–599, 2023–400 (ആറുമാസം) എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തെയും കണക്കുകള്‍.
മിക്ക സംഭവങ്ങളിലും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം കേസെടുക്കുന്നതും ഇരകളായവര്‍ക്കെതിരെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 63 എഫ്ഐആറുകളാണ് ക്രിസ്ത്യൻ പുരോഹിതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 35 പേര്‍ ഇത്തരം കേസുകളില്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് നിരന്തരം ജാമ്യം നിഷേധിക്കപ്പെടുന്നു. ജാമ്യം ലഭിച്ചാല്‍ പോലും ഉദ്യോഗസ്ഥ തലത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ച്‌ ജയില്‍മോചനം തടയുകയാണെന്നും റിപ്പോര്‍ട്ടില്‍ യുസിഎഫ് കുറ്റപ്പെടുത്തുന്നു. 

Eng­lish Sum­ma­ry: 400 attacks against Chris­tians in the coun­try in six months

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.