20 December 2025, Saturday

Related news

December 2, 2025
November 11, 2025
September 16, 2025
August 13, 2025
May 30, 2025
May 23, 2025
March 19, 2025
January 23, 2025
November 3, 2024
October 22, 2024

മുതലപ്പൊഴി; രാഷ്ട്രീയച്ചുഴിയിലെ മുതലക്കണ്ണീര്‍

webdesk
തിരുവനന്തപുരം
July 18, 2023 4:45 am

മുതലപ്പൊഴിയിലെ രാഷ്ട്രീയ ലാക്കോടെയുള്ള മുതലക്കണ്ണീരിന് അത്ര ഉപ്പുരസമില്ല. കരയില്‍ തന്നെ തലതല്ലിതകര്‍ന്ന കപ്പല്‍ പോലെയാണ് ഇവിടത്തെ പ്രതിപക്ഷ ഇടപെടലുകള്‍. കലങ്ങിമറിഞ്ഞ വെള്ളത്തില്‍ വലയെറിയാനുള്ള കേന്ദ്രഭരണകൂടത്തിന്റെ വേലിയേറ്റവും സമാനം തന്നെ. ഒരിക്കല്‍ വിഴിഞ്ഞത്ത് പിഴച്ചുപോയ വര്‍ഗീയ അമ്പുകള്‍ തിരിച്ചെടുത്ത് രാവിമിനുക്കി മുതലപ്പൊഴിയില്‍ പ്രയോഗിക്കാനുള്ള ചിലരുടെ ഉന്നവും പിഴച്ചിരിക്കുന്നു.
പൊഴിയില്‍ പൊലിഞ്ഞ മനുഷ്യജന്മങ്ങളോടുള്ള ആദരവും ആത്മാര്‍ത്ഥതയുമൊന്നുമല്ല പ്രതിപക്ഷത്തിനും ബിജെപിക്കും സമരസമിതിയിലെ ഗൂഢസംഘത്തിനും ഉള്ളത്. വ്യക്തമായ സര്‍ക്കാര്‍ വിരോധവും പ്രതികാരവും മാത്രം. നാല് പേരുടെ ജീവനുകളാണ് മുതലപ്പൊഴിയില്‍ സമീപകാലത്ത് നഷ്ടമായത്. ഇതിന്റെ പേരില്‍ മത്സ്യത്തൊഴിലാളികളെയും പ്രദേശവാസികളെയും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് ഇക്കൂട്ടര്‍ കോപ്പുകൂട്ടിയത്. പിന്നിട്ട കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍, പ്രത്യേകിച്ച് പുലിമുട്ട് നിര്‍മ്മാണത്തിനുശേഷം 2006 മുതലുള്ള കണക്കുകളനുസരിച്ച് 125 അപകടങ്ങളുണ്ടായി. അതില്‍ 69 പേര്‍ മരിച്ചു. എഴുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അന്നെല്ലാം പ്രദേശവാസികളുടെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പുറമെനിന്നുള്ള ഇടപെടലിന്റെ ഭാഗമായി ഇത്ര ആസൂത്രിതമായ നീക്കം ഇതാദ്യമായാണ്.

സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ?

ഇല്ല എന്നാണ് നൂറ് ശതമാനവും ഉത്തരം. അതുകൊണ്ടാണ്, വസ്തുതകള്‍ തിരക്കാനെത്തിയ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വഴിയില്‍ തടയാന്‍ ബാഹ്യശക്തികള്‍ നേതൃത്വം നല്‍കിയത്. 2006ല്‍ പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ തന്നെ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും അതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്നൊന്നും ഇപ്പോഴത്തെ പ്രതിപക്ഷത്തിന് മറുപടിയുണ്ടായിരുന്നില്ല. വിഴിഞ്ഞം പദ്ധതി പോലും നമുക്ക് മറക്കാം എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറി ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ എത്തിയതോടെ സ്ഥിതി മറിച്ചായി. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയതോടെയാണ് പുലിമുട്ടിന്റെ അശാസ്ത്രീയതയെ അതുവരെയില്ലാത്ത കാരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരിട്ടത്. ഒരുഭാഗത്ത് പുലിമുട്ടും മറുഭാഗത്ത് തുറമുഖവും നിര്‍മ്മിച്ചാല്‍ ഇങ്ങനെയിരിക്കും ഫലം എന്ന ധ്വനിയോടെ പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ തന്നെ പറഞ്ഞുവച്ചു. എം വിന്‍സെന്റ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഈ പരാമര്‍ശം.
വിഴിഞ്ഞം പദ്ധതി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തന്നെയാണ് നിര്‍മ്മാണം ആരംഭിച്ചതെന്നും അന്ന് വി ഡി സതീശന്‍ സമര്‍ത്ഥിക്കാനും ശ്രമിച്ചിരുന്നു. കൃത്യമായി അദ്ദേഹം പറഞ്ഞ നിര്‍മ്മാണാരംഭ തിയതി 2015 ഡിസംബര്‍ അഞ്ചാണ്. ഇടതുസര്‍ക്കാര്‍ നിര്‍മ്മാണത്തില്‍ നാല് വര്‍ഷം കാലതാമസം വരുത്തി എന്നും അദ്ദേഹം ആരോപിച്ചിരുന്നു. അന്ന് തുറമുഖം പദ്ധതി നിര്‍മ്മാണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സഭാനടപടികള്‍ ബഹിഷ്‌കരിച്ച് സമരം ചെയ്ത പ്രതിപക്ഷം, അതേ പദ്ധതിക്കെതിരെ പൊലീസ് സ്റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള സമരമുറകളോട് സ്വീകരിച്ച നിലപാടും കേരളം കണ്ടു. എന്നാല്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ പുലിമുട്ട് വിഷയത്തില്‍ എടുത്ത നിലപാട് വ്യക്തമാണ്. ഏറ്റവുമൊടുവില്‍ മന്ത്രിതല യോഗം ചേര്‍ന്ന് കൈകൊണ്ട തീരുമാനങ്ങളും അതിനെ അടിവരയിടുന്നു.

മന്ത്രിതല സമിതി തീരുമാനം
മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് സംബന്ധിച്ച് അഡാനി തുറമുഖവുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കല്ലും മണ്ണും നീക്കം ചെയ്ത് ബേസിനിലും ചാനലിലും പൊഴിയിലും കരാര്‍ പ്രകാരമുള്ള ശരിയായ ആഴവും ഉറപ്പുവരുത്തും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് മന്ത്രിതല സമിതിയുടെ തീരുമാനം. ഇതുസംബന്ധിച്ച് ഫിഷറീസ്, തുറമുഖ മന്ത്രിമാരും ജില്ലയില്‍നിന്നുള്ള മൂന്ന് മന്ത്രിമാരും ഉള്‍പ്പെട്ട സമിതി വീണ്ടും അഡാനി പോര്‍ട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. തുറമുഖത്തിന്റെ അനുബന്ധ ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് സ്ഥിരംസംവിധാനം ഏര്‍പ്പെടുത്തും. സാന്‍ഡ് ബൈപാസിങ് ഇതിനായി നടപ്പാക്കും. ചാനലിലേക്ക് മണല്‍ ഒഴുകിവരാതെ പൈപ്പിലൂടെ പമ്പ് ചെയ്തു മറുഭാഗത്തെത്തിക്കുന്നതാണിത്. 10 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി, കാലാവസ്ഥാ സാഹചര്യം മാറിയ ഉടന്‍, ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനും തീരുമാനമായിക്കഴിഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങളെ സംരക്ഷിക്കും
മുതലപ്പൊഴിയില്‍ കഴിഞ്ഞ പത്തിനുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെയും സര്‍ക്കാര്‍ സംരക്ഷിക്കും. മരിച്ച റോബിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ സ്ഥലംവാങ്ങി വീടു നിര്‍മ്മിച്ചു നല്‍കും. ഭാര്യക്ക് വരുമാനമാര്‍ഗം ഉറപ്പാക്കും. ബിജു ആന്റണിയുടെ കുടുംബത്തിന് പുതിയ വീടു നിര്‍മ്മിച്ചു നല്‍കും. മൂത്ത മകള്‍ക്കു വരുമാന മാര്‍ഗമൊരുക്കും. സുരേഷ് ഫെര്‍ണാണ്ടസിന്റെ മകന് മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വം നല്‍കും. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു കഠിനംകുളം സഹകരണ ബാങ്കിലുള്ള വായ്പാ ബാധ്യത സഹകരണ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി ഒഴിവാക്കും. കുഞ്ഞുമോന്റെ കുടുംബത്തിനു പുനര്‍ഗേഹം പദ്ധതി പ്രകാരം വീടു നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭൂമി വാങ്ങി വീടു നിര്‍മ്മിച്ചപ്പോള്‍ സ്വകാര്യ സ്ഥാപനത്തില്‍നിന്നെടുക്കേണ്ടിവന്ന അഞ്ചു ലക്ഷം രൂപയുടെ കടബാധ്യത പൂര്‍ണമായി ഒഴിവാക്കുന്നതിനു സഹായം നല്‍കും. കുടുംബനാഥയ്ക്കു വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.

മുതലപ്പൊഴിയില്‍ കേന്ദ്രസംഘം
വിദേശകാര്യസഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ കേന്ദ്ര ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍, അസിസ്റ്റന്റ് കമ്മിഷണര്‍, സിഐസിഇഎഫ് ഡയറക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി സന്ദര്‍ശനം നടത്തി. സമിതിയിലെ സാങ്കേതിക വിദഗ്ധര്‍ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാനസര്‍ക്കാരുമായി കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് വി മുരളീധരന്‍ പറഞ്ഞു. ഹാര്‍ബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

എന്താണ് പുലിമുട്ട് നിര്‍മ്മാണത്തിലെ അശാസ്ത്രീയത
തിരുവനന്തപുരത്തെ തീരപ്രദേശമായ പെരുമാതുറയിലാണ് മുതലപ്പൊഴി. വാമനപുരം പുഴ കഠിനംകുളം കായല്‍ വഴി കടലില്‍ പതിക്കുന്ന ഈ പ്രദേശം ശംഖുമുഖം- വേളി-തുമ്പ റോഡ് നേരെ ചെന്നെത്തുന്ന ഇടംകൂടിയാണ്. കഠിനംകുളം കായലും അറബിക്കടലും അതിരുടുന്ന മുതലപ്പൊഴിയില്‍ 2006ലാണ് പുലിമുട്ട് നിര്‍മ്മാണം നടക്കുന്നത്.
ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് അപകടകാരണം. തിരയുടെ ശക്തിയില്‍പ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെയും മരണം സംഭവിക്കുന്നത്. അപകടത്തില്‍പ്പെടുന്നവരെ ഉടനടി രക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത്രയധികം പേര്‍ മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
മണല്‍ അടിയുന്ന പൊഴി ആയതിനാല്‍ നാവിക സേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടുകള്‍ക്ക് ഇവിടേക്ക് അടുക്കാന്‍ കഴിയില്ല. കടലില്‍ ഇറങ്ങി പരിചയമുള്ള മുങ്ങല്‍ വിദഗ്ധരെയും നാട്ടുകാരായ മത്സ്യത്തൊഴിലാളി ഗാര്‍ഡുകളെയും ഉള്‍പ്പെടുത്തിയുള്ള രക്ഷാദൗത്യം മാത്രമാണ് മുതലപ്പൊഴിയില്‍ പ്രായോഗികമെന്നാണ് പ്രദേശവാസികള്‍ പറയുന്നു. പ്രാദേശിക പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളികളുടെ അഭിപ്രായം കൂടി മാനിച്ച് പുലിമുട്ടുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അശാസ്ത്രീയത ഉണ്ടാകുമായിരുന്നില്ല.
പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പുലിമുട്ടുകളിലെ ടെട്രാപോട് കല്ലുകള്‍ അടര്‍ന്ന് കടലില്‍ വീഴുകയും ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ട് വന്‍ തോതിലുള്ള മണല്‍ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. ഇതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററില്‍നിന്ന് 90 മീറ്ററാക്കുക എന്നതാണ് ആവശ്യം.

പാകപ്പിഴവുണ്ടായത്
പദ്ധതിയുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടിങ് ഏജന്‍സിയുടെ പഠനമാണ് പിഴവിന് ആധാരമെന്ന് കരുതുന്നവരേറെയാണ്. ഐഐടി മദ്രാസ് (ഓഷ്യന്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റ്) ആണ് പഠനം നടത്തിയത്. രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്രമെന്നാണ് ഐഐടി മദ്രാസിനെ വാഴ്ത്തുന്നത്. ഇവരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുതലപ്പൊഴിയില്‍ പുലിമുട്ട് സ്ഥാപിക്കാന്‍ പദ്ധതിയിട്ടത്. സംസ്ഥാന ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ഐഐടി റിപ്പോര്‍ട്ടിനെ വിശ്വാസത്തിലെടുക്കുകയായിരുന്നു.
അഞ്ച് തെങ്ങ് പ്രദേശത്തെ തീരവ്യാപ്തി കുറയാനും അപകടങ്ങള്‍ പെരുകാനും ഇത് വഴി തെളിച്ചു. തീരത്തെ കാ്റ്റിന്റെ ഗതിപോലും പഠനത്തിന്റെ ഭാഗമായില്ലെന്നുവേണം മനസിലാക്കാന്‍. ഈ മേഖലയിലെ തിരമാലകളുടെ രൂപമാറ്റം എങ്ങനെയാണെന്നും നോക്കിയിട്ടില്ല. വേലിയേറ്റവും വേലിയിറക്കവും പ്രദേശത്തെ മറ്റുജലപ്രവാഹം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പരിശോധിച്ചിട്ടില്ല. തീര ഭൗമശാസ്ത്ര ഘടന സമ്പന്ധിച്ച പഠനറിപ്പോര്‍ട്ടിന്റെ പരിശോധനയും സോഫ്റ്റുവേര്‍ വഴി ന്യൂമറിക്കല്‍ മോഡല്‍ പഠനവുമാണ് നടന്നിരിക്കുന്നത്. ഈവിധം കൃത്യമായ പഠനമില്ലാതെ പുലിമുട്ടിനായി തയ്യാറാക്കിയ ഘടനയാണ് നിലവിലെ പൊല്ലാപ്പിനെല്ലാം ആധാരം.

Eng­lish Sam­mury: Cap­i­tal dan­ger in rap­pal Parappukkara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.