23 December 2024, Monday
KSFE Galaxy Chits Banner 2

ഉമ്മന്‍ ചാണ്ടിക്ക് ആദരം

Janayugom Webdesk
July 19, 2023 5:00 am

കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെ കേരള രാഷ്ട്രീയത്തിന്റെ മുന്‍നിരയിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ സുപ്രധാനമായൊരു അധ്യായത്തിനാണ് അന്ത്യമാകുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ, ഒരണ സമരത്തില്‍ പങ്കാളിയായി. അതിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘ‍ടനയുടെ സ്കൂള്‍ യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്നിങ്ങനെ വിവിധ ചുമതലകള്‍ വഹിച്ചു. യുവജന വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആറു പതിറ്റാണ്ടിലധികം നീണ്ട പൊതു ജീവിതത്തിനിടയില്‍ 52 വര്‍ഷം അദ്ദേഹം കേരള നിയമസഭയില്‍ അംഗമായിരുന്നു, അതും പുതുപ്പള്ളി എന്ന ഒരു മണ്ഡലത്തില്‍ നിന്ന്. ഇത്, ജനാധിപത്യ പ്രക്രിയ നിലവിലുള്ള ഒരിടത്തും സമാനതകളില്ലാത്ത നേതാവായി അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നു. ചെറുപ്രായത്തില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച കാലത്ത് സ്നേഹവായ്പോടെ മുതിര്‍ന്ന ആരെങ്കിലുമായിരിക്കും കുഞ്ഞൂഞ്ഞ് എന്ന സംബോധന നടത്തിയിട്ടുണ്ടാവുക. പിന്നീട് പുതുപ്പള്ളിയിലെ അടുപ്പക്കാരെല്ലാം കുഞ്ഞൂഞ്ഞ് എന്ന് വിളിച്ചുതുടങ്ങുകയും അദ്ദേഹം കേരളത്തിലാകെയുള്ള കോണ്‍ഗ്രസുകാരുടെയും യുഡിഎഫുകാരുടെയും കുഞ്ഞൂഞ്ഞായി വളരുകയും ചെയ്തു. മുഖ്യമന്ത്രി, എംഎല്‍എ, കോണ്‍ഗ്രസ്-യുഡിഎഫ് നേതാവ്, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പലതായി പടരുമ്പോഴും പുതുപ്പള്ളിയോട് അദ്ദേഹത്തിനും തിരിച്ചുമുള്ള സ്നേഹവായ്പ് പൊക്കിള്‍ക്കൊടി ബന്ധംപോലെ ഒന്നായിരുന്നു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും തന്റെ വീടിന് പുതുപ്പള്ളി ഹൗസ് എന്ന പേര് നല്‍കിയതും മുഖ്യമന്ത്രിയായിരുന്നപ്പോഴും പുതുപ്പള്ളി ഹൗസില്‍ നിന്ന് ഔദ്യോഗിക വസതിയിലേക്ക് മാറാതിരുന്നതും ആ ബന്ധത്തിന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായപ്പോഴും അദ്ദേഹം ആത്യന്തികമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാവായാണ് അറിയാനാഗ്രഹിച്ചത്.

 


ഇതുകൂടി വായിക്കൂ; ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ദര്‍ബാര്‍ ഹാളില്‍ നിന്ന് പള്ളിയിലേക്ക്


കോണ്‍ഗ്രസിനകത്ത് രൂപപ്പെടുന്ന കാറ്റിലും കോളിലും വിഭാഗീയതയിലും ഏതെങ്കിലും ഒരു പക്ഷത്ത്, മുന്നില്‍ അദ്ദേഹമുണ്ടായിരുന്നു. പിന്നീട് ഒരു ഗ്രൂപ്പ് തന്നെ അദ്ദേഹത്തിന് ചുറ്റുമായി. ഒരു കാലത്ത് കോണ്‍ഗ്രസിലെ യുവാക്കളുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതൃത്വത്തിനെതിരെയുണ്ടായ കലാപത്തെ നയിച്ച മൂവരില്‍ ഒരാള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. എ കെ ആന്റണി, വയലാര്‍ രവി എന്നിവരായിരുന്നു മറ്റ് രണ്ട് പേര്‍. ആ കലാപത്തിന്റെ കൂടി ഫലമായാണ് ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിസന്ധി ഘട്ടങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വാഭാവികമായും പങ്ക് വഹിച്ചിട്ടുണ്ട്. വിമര്‍ശനവിധേയമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ, അവയൊന്നും പരിഗണിക്കാതെ പ്രവൃത്തിപഥത്തിലെത്തിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മാത്രമേ ശ്വാസവായു ലഭിക്കൂ എന്ന ധാരണയാണ് തനിക്കെന്ന് ഉമ്മന്‍ ചാണ്ടി തുറന്നുപറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ആള്‍ക്കൂട്ടം എന്നും അദ്ദേഹത്തിന് ചുറ്റും കൂടിനിന്നു. അതിനായി തന്റെ അധികാരപദവികള്‍ ഉപയോഗിച്ച് അവരെ സഹായിച്ചും അല്ലാതെയും കൂടെനിര്‍ത്തുകയും ചെയ്തു.


ഇതുകൂടി വായിക്കൂ; വെള്ളിത്തിരയിലെ കുഞ്ഞൂഞ്ഞ്….


 

അധികാരസ്ഥാനത്തിരിക്കുമ്പോഴും ജനകീയനെന്ന പ്രതിച്ഛായ നിലനിര്‍ത്തുന്നതിനുള്ള ഭരണ നടപടികള്‍ അദ്ദേഹം ആവിഷ്കരിച്ചു. അതിലൊന്നായിരുന്നു രണ്ടാമത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പര്‍ക്ക പരിപാടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ പ്രസ്തുത പരിപാടി ജനങ്ങള്‍ക്കിടയിലെ മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിഷ്ഠിക്കുന്നതിനും അതാണ് മികച്ച ഒരു നേതാവിന്റെ പ്രധാനമായ മേന്മയെന്ന വ്യാഖ്യാനങ്ങള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി രൂപപ്പെടുത്തുന്നതിനും ഇടയാക്കി. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാവുന്ന വിധത്തിലുള്ള ഭൂതകാല സംഘടനാ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് അവരുടെ പ്രത്യേകപരിലാളനയും ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചിരുന്നു. പാര്‍ട്ടിയും അതിന്റെ ബഹുജനസംഘടനകളും താന്‍ എത്തിപ്പെട്ട അധികാര സ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം തന്റെ ജനകീയത നിലനിര്‍ത്തിയത് എന്നത് വസ്തുതയാണ്. 52 വര്‍ഷത്തെ നിയമസഭാംഗത്വത്തിനിടയില്‍ ഏഴ് വര്‍ഷം മുഖ്യമന്ത്രി, അഞ്ച് വര്‍ഷത്തോളം ധനകാര്യമുള്‍പ്പെടെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി, അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവ് എന്നിങ്ങനെ ചുമതലകളില്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചു. അതുകൊണ്ടുതന്നെ കേരള ചരിത്രത്തില്‍ അദ്ദേഹത്തിന് പ്രത്യേകമായൊരു ഇടം ബാക്കിയുണ്ട്. അതിലൂടെ ഉമ്മന്‍ചാണ്ടി ഓര്‍മ്മിക്കപ്പെടുകയും ചെയ്യും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.