2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 24, 2024
October 23, 2024
October 22, 2024
October 17, 2024
October 17, 2024
October 16, 2024
October 14, 2024
September 30, 2024
September 29, 2024
September 29, 2024

ടീസ്‌‌ത സെതൽവാദിന്‌ ജാമ്യം; ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
July 19, 2023 6:33 pm

ഗുജറാത്ത് കലാപകേസില്‍ വ്യാജ തെളിവുണ്ടാക്കി എന്ന് ആരോപിച്ച് ജാമ്യം നിഷേധിക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ടീസ്തയ്ക്ക് ജാമ്യം നിഷേധിക്കുകയും എത്രയും വേഗം ഹാജരാകാനുമാവശ്യപ്പെട്ടുള്ള ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കര്‍ ദത്ത എന്നിവരാണ് കേസ് പരിഗണിച്ചത്. ടീസ്തക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും അവരില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ടീസ്ത സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാല്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഗുജറാത്ത് കോടതിക്ക് അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സെതല്‍വാദിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലും ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവും ഹാജരായി. കേസില്‍ അറസ്റ്റിലാകുന്നതില്‍ നിന്ന് ടീസ്ത അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി നല്‍കിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സെതല്‍വാദ് സമര്‍പ്പിച്ച അപ്പീലില്‍ പരമോന്നത കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. അപ്പീല്‍ നല്‍കിയ സെതല്‍വാദിന്റെ പാസ്പോര്‍ട്ട് സെഷൻസ് കോടതിയുടെ കൈവശമായിരിക്കുമെന്നും ബെഞ്ച് പറഞ്ഞു.

ഗുജറാത്ത് കലാപകേസില്‍ വ്യാജ തെളിവുണ്ടാക്കി എന്നാരോപിച്ചാണ് ടീസ്ത, ഗുജറാത്ത് മുൻ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആര്‍ ബി ശ്രീകുമാര്‍, മുൻ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് എന്നിവരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജൂലൈ 30ന് ടീസ്ത, ശ്രീകുമാര്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജി അഹമ്മദാബാദ് സെഷൻസ് കോടതി തള്ളിയിരുന്നു. സെതല്‍വാദ്, ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തില്‍ ആരോപണങ്ങല്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന തെറ്റായ സന്ദേശം എത്തിക്കുമെന്ന് പറഞ്ഞായിരുന്നു ജാമ്യം നിഷേധിച്ചത്. ഓഗസ്റ്റ് മൂന്നിന് സെതല്‍വാദിന്റെ ജാമ്യാപേക്ഷ സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസും നല്‍കിയിരുന്നു. കൂടുതല്‍ വാദം കേള്‍ക്കുന്നത് ഹൈകോടതി സെപ്റ്റംബര്‍ 19 ലേക്ക് മാറ്റിയിരിക്കെയാണ് വിധി.

ഇത്രയും കാലം എന്തെടുത്തു?

ഇത്രയും കാലം എന്തുചെയ്തുവെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതിയുടെ ചോദ്യം. 2022 ജൂണ്‍ 25, 26 തീയതികളിലായാണോ നിങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് ഗവായി ആരാഞ്ഞു. ഒരു വശത്ത്, കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണോയെന്ന് തീരുമാനിക്കുന്നത് സിആർപിസി 439 പ്രകാരം തന്റെ അധികാരപരിധിക്ക് അതീതമാണെന്ന് ജഡ്ജി പറയുന്നു. മറുവശത്ത് സത്യവാങ്മൂലങ്ങളുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരിയെ ഏതാണ്ട് കുറ്റക്കാരിയെന്ന് വിധിക്കുന്നു. തെളിവ് നിയമത്തെ അപ്രസക്തമാക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. ഒരു കേസില്‍ വിധി പുറപ്പെടുവിക്കുന്നതുവരെ പ്രതിയെന്ന് സംശയിക്കുന്നയാളെ ജയിലിലടയ്ക്കണമെന്ന നിലപാടിലാണ് ഹൈ­ക്കോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഉത്തരവില്‍ നിരീക്ഷിക്കുന്നു.

Eng­lish Summary:Teesta Setal­wad grant­ed bail; The Gujarat High Court order was quashed by the Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.