9 May 2024, Thursday

Related news

May 7, 2024
May 7, 2024
May 3, 2024
May 3, 2024
April 30, 2024
April 22, 2024
April 22, 2024
April 21, 2024
April 20, 2024
April 16, 2024

ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം

Janayugom Webdesk
July 22, 2023 5:00 am

ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ വിപണിമൂല്യം ഇടിഞ്ഞ അഡാനി ഗ്രൂപ്പ് ബിസിനസ് സാമ്രാജ്യത്തെ താങ്ങിനിർത്താൻ പൊതുജനങ്ങളുടെ പണം നിർലോഭം ഒഴുക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മ രംഗത്തുവന്നിരിക്കുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് ഏല്പിച്ച ആഘാതത്തെ തുടർന്ന് പാതിവഴിയിൽ നിലച്ചുപോയ അഡാനി ഗ്രൂപ്പിന്റെ മുന്ദ്ര പോളി വിനൈൽ ക്ലോറൈഡ് പദ്ധതിയിൽ 14,000 കോടി രൂപയുടെ നിക്ഷേപമാണ് എസ്ബിഐയുടെ നേതൃത്വത്തിലുള്ള പൊതുമേഖലാ ബാങ്കുകളുടെ കൂട്ടുകെട്ട് വിഭാവനം ചെയ്യുന്നത്. ആഗോള പ്രശസ്തങ്ങളായ നിക്ഷേപ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബഹുരാഷ്ട്ര കോർപറേഷനുകളും അഡാനി ഗ്രൂപ്പിലുള്ള നിക്ഷേപ പദ്ധതികൾ മരവിപ്പിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ കൂട്ടായ്മ അഡാനിയുടെ രക്ഷയ്ക്ക് എത്തിയിരിക്കുന്നത്. അതിൽ മോഡി ഭരണകൂടത്തിന്റെ താല്പര്യവും ഇടപെടലും സംശയിക്കുക സ്വാഭാവികമാണ്. മോഡിയുടെ ഒമ്പത് ഭരണവർഷങ്ങളിൽ അഡാനി ഗ്രൂപ്പ് കൈവരിച്ച വളർച്ച അതിന്റെ പിന്നിലെ അന്തഃപുര കഥകൾ അറിയാത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഈ ഒമ്പത് വർഷങ്ങൾകൊണ്ട് അഡാനിയുടെ വിപണിമൂല്യം 800 ശതമാനത്തിൽ അധികം വളർന്നതായാണ് ആഗോള കോർപറേറ്റ് നിരീക്ഷകർ വിലയിരുത്തുന്നത്. അതിന് നിയമങ്ങൾ മാറ്റിമറിച്ചും രാഷ്ട്രത്തിന് ആഗോളതലത്തിലുള്ള അന്തസ് പരമാവധി ചൂഷണം ചെയ്തും മോഡി ഭരണകൂടം ഒത്താശ ചെയ്തതിന്റെ എത്രയോ തെളിവുകൾ പരസ്യമായി ലഭ്യമാണ്.

പുതുതലമുറ ബിസിനസുകാരനായ അഡാനി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത് ആദ്യം ഗുജറാത്ത് മുഖ്യമന്ത്രിയും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്രമോഡിയുടെ അകമഴിഞ്ഞ പിന്തുണയോടെയാണെന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. 135 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതും ലോകത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖങ്ങളിൽ ഒന്നുമായ മുന്ദ്ര തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും സ്വന്തമാക്കിയതു മുതൽ നാളിതുവരെയുള്ള അഡാനിയുടെ അമ്പരപ്പിക്കുന്ന വളർച്ചയ്ക്കു പിന്നിൽ നരേന്ദ്രമോഡിയുടെ കയ്യൊപ്പുണ്ട്. മുന്ദ്രയിൽ നിർമ്മിക്കുന്ന പിവിസി പദ്ധതിക്കാണ് പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ വായ്പ നൽകുന്നത്. അഡാനി ഗ്രൂപ്പിന് ഓസ്ട്രേലിയയിലെ കാർമിഷൽ കൽക്കരിഖനി സ്വന്തമാക്കാന്‍ ആഗോള ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപത്തിന് വിസമ്മതിച്ചപ്പോൾ എസ്ബിഐയിൽ നിന്നും നൂറുകോടി യുഎസ് ഡോളർ വായ്പ തരപ്പെടുത്താനും മോഡി നേരിട്ട്, പരസ്യമായി ഇടപെടൽ നടത്തുകയായിരുന്നു. മോഡിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ഝാർഖണ്ഡിലെ ഗൊഡ്ഡ താപ വൈദ്യുതിനിലയത്തിൽ ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും കൂടിയവിലയ്ക്ക് വാങ്ങാൻ ബംഗ്ലാദേശ് നിർബന്ധിതമായത്. ഈ പദ്ധതിക്കുവേണ്ടി ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളായ പവർ ഫൈനാൻസ് കമ്പനി, റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ എന്നിവ 10ലക്ഷത്തിലേറെ കോടി രൂപയുടെ വായ്പയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. സമാനമായ രീതിയിൽ ശ്രീലങ്കയിൽ, കൊളംബോ തുറമുഖത്ത് അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ നിർമ്മാണവും മാന്നാർ, പൂണെറേയൻ എന്നിവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതികളും അഡാനി നേടിയെടുത്തു. വൈദ്യുതി പദ്ധതിക്കുവേണ്ടി മോഡി ശ്രീലങ്കയുടെമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ശ്രീലങ്കയുടെ പാർലമെന്റിൽത്തന്നെ ഉയർന്നിരുന്നു.


ഇതുകൂടി വായിക്കൂ: സെബിയുടെ സത്യവാങ്മൂലം സത്യത്തിന്റെ വെളിച്ചം


തിരുവനന്തപുരമടക്കം രാജ്യത്തെ ആറ് മുൻനിര അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈക്കലാക്കാൻ അഡാനിക്ക് കഴിഞ്ഞത് അവയുടെ ലേലത്തിനുള്ള ചട്ടങ്ങൾ മോഡിഭരണം ഭേദഗതി ചെയ്തതുകൊണ്ട് മാത്രമാണ്. നിലനിന്നിരുന്ന ചട്ടങ്ങൾ അനുസരിച്ച് വിമാനത്താവള നടത്തിപ്പിൽ മുൻപരിചയമില്ലാത്ത അഡാനി ഗ്രൂപ്പിന് ലേലത്തിൽ പങ്കെടുക്കാൻ പോലും കഴിയുമായിരുന്നില്ല. രാജ്യത്തെ രണ്ടാമത്തെ ദൈർഘ്യമേറിയ മീററ്റ്-പ്രയാഗ്‌രാജ് എക്സ്പ്രസ്‌വേ നിർമ്മാണ കരാർ അഡാനി സ്വന്തമാക്കിയതും അതിനായുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്താണ്. അതിനാവശ്യമായ 17,000 കോടി രൂപയിൽ ഏതാണ്ട് 11,000 കോടിയും എസ്ബിഐ വായ്പയാണെന്നതും രാജ്യത്ത് അനുദിനം പുഷ്ടിപ്പെട്ടുവരുന്ന ചങ്ങാത്തമുതലാളിത്തത്തെയാണ് തുറന്നുകാട്ടുന്നത്. ഇപ്പോൾ മണിപ്പൂർ കത്തിയെരിയുന്നതിന്റെയും മോഡിയുടെ മൗനത്തിന്റെയും പിന്നിലുള്ളതും ഈ ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടുതന്നെയാണ്. മണിപ്പൂരിൽ ഗോത്രവർഗജനത അധിവസിക്കുന്ന പർവത വനമേഖലയിലെ അനേകായിരം ഹെക്ടർ ഭൂമി എണ്ണപ്പന കൃഷിക്കായി അഡാനി, മോഡിഭരണകൂടത്തിന്റെ ഒത്താശയോടെ നോട്ടമിട്ടിട്ടുണ്ട്. വംശീയകലാപം സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിച്ചു മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവു എന്ന് മോഡി-അഡാനി കൂട്ടുകെട്ട് കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിൽ വേണം ജനങ്ങളുടെ സമ്പത്ത് കവർന്നെടുക്കുന്ന ചങ്ങാത്തമുതലാളിത്ത രാഷ്ട്രീയം വിലയിരുത്തപ്പെടാൻ. രാഷ്ട്രം അകപ്പെട്ടിരിക്കുന്ന ഈ വിപത്തിൽ നിന്നും മോചിതമാകാൻ ജനങ്ങളുടെ വിശാല ഐക്യനിര വളർന്നുവരേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.