19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 3, 2024
November 1, 2024
November 1, 2024
October 30, 2024
October 27, 2024
October 24, 2024
October 23, 2024
October 17, 2024
October 16, 2024

മിന്നല്‍ പ്രളയം; മേഘവിസ്ഫോടനം, ഉത്തരേന്ത്യയില്‍ വീണ്ടും മഴ കനക്കും


ഡല്‍ഹി വീണ്ടും വെള്ളക്കെട്ടില്‍
Janayugom Webdesk
ന്യൂഡല്‍ഹി
July 23, 2023 10:41 pm

ഉത്തരേന്ത്യയില്‍ മഴ വീണ്ടും കനക്കുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. യമുനാ നദിയിലെ ജലനിരപ്പ് 206.35 മീറ്ററായി ഉയര്‍ന്നതോടെ തലസ്ഥാന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മഴ ശക്തമായതിനെത്തുടര്‍ന്ന് ഹത്‌നികുണ്ഡ് ബാരേജില്‍ നിന്നും ജലം ഒഴുക്കിവിടാൻ ആരംഭിച്ചതോടെ തലസ്ഥാന പ്രദേശങ്ങള്‍ വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങി. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും നിരവധി വീടുകളും കടകളും റോഡുകളും തകര്‍ന്നു.
ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. നേപ്പാളില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. ഖാള്‍ട്ടുനാരയില്‍ റോഡില്‍ വിള്ളലുണ്ടായി. ല‍ഡാക്കിലും മിന്നല്‍പ്രളയത്തില്‍ കനത്ത നാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും റോഡുകളും കൃഷിയിടങ്ങളും നശിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഹിൻഡൻ നദിയിലെ ജലനിരപ്പ് വർധിച്ചതിനെ തുടര്‍ന്ന് 200 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഗൗതം ബുദ്ധ നഗർ ഭരണകൂടം പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ മഴക്കെടുതിയിൽ മൂന്നുപേര്‍ മരിച്ചു. വാഗാഡി ഗ്രാമത്തിൽ വീട് തകർന്ന് ഒരു സ്ത്രീ മരിച്ചു. വിദർഭ മേഖലയില്‍ 10 ദിവസമായി പെയ്യുന്ന മഴയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4500 വീടുകള്‍ക്കും കേടുപാടുണ്ടായി.
ഗുജറാത്തിലും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. ദക്ഷിണ ജില്ലകളിലും സൗരാഷ്ട്രയിലും നദികള്‍ കരകവിഞ്ഞു. ജുനഗഢില്‍ നിരവധി കാറുകളും കന്നുകാലികളും ഒലിച്ചുപോയി. കഴിഞ്ഞ 12 മണിക്കൂറില്‍ 241 മില്ലിമീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. പഞ്ചാബിലെ ഹോഷിയാപൂരില്‍ കാളിബെൻ നദിയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. തെലങ്കാനയില്‍ ഗോദാവരി നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Eng­lish Summary:Lightning Flood; cloudburst
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.