5 February 2026, Thursday

Related news

February 4, 2026
February 1, 2026
January 25, 2026
January 23, 2026
January 14, 2026
January 14, 2026
January 6, 2026
January 5, 2026
December 21, 2025
December 20, 2025

സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് , മൂന്ന് ജില്ലകളിൽ ഇന്ന് അവധി

Janayugom Webdesk
തിരുവനന്തപുരം/കോഴിക്കോട്
July 24, 2023 8:10 am

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെ പരക്കെ മഴ ലഭിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെയും ഇതേ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ചക്രവാതച്ചുഴി തെക്കൻ ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുകയാണ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഇന്ന് മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെയാകാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിച്ചു.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളില്‍ പരക്കെ നാശനഷ്ടമുണ്ടായി. വടകര നാരായണ നഗറിലും മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തും മരം വീണ് നാല് വീടുകൾ തകർന്നു. കുറ്റ്യാടി വടയത്ത് കിണർ ഇടിഞ്ഞു താഴ്ന്നു. തയ്യുള്ള പറമ്പിൽ വാസുവിന്റെ വീടിനോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. ഇരുവഞ്ഞി പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞു. കാരശേരി പഞ്ചായത്തിലെ കാരമൂല‑വല്ലത്തായി പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഇവിടെ പുഴയുടെ കരയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നാദാപുരം ചിയ്യൂരിൽ ട്രാൻസ്ഫോർമറിനു മുകളിൽ തെങ്ങുവീണ് വൈദ്യുതി തടസപ്പെട്ടു.

മൂന്ന് ജില്ലകളിൽ ഇന്ന് അവധി

മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അംഗനവാടി, സിബിഎസ്ഇ — ഐസിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്നാണ് ജില്ലാ കളക്ടര്‍മാർ അറിയിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: heavy rain chance today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.