24 November 2024, Sunday
KSFE Galaxy Chits Banner 2

ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ മണിപ്പൂര്‍ ഭീതിയില്‍

web desk
July 24, 2023 9:13 pm

സാക്ഷാൽ നരേന്ദ്രമോഡി ഒരിക്കൽ വാ തുറന്നത്, 56 ഇഞ്ചിൽ നിന്ന് നെഞ്ചളവ് ചുരുങ്ങിയതോടെയാണ്. മണിപ്പൂരിലെ ബിജെപി സർക്കാർ പൂഴ്ത്തിവച്ച ക്രൂരകൃത്യങ്ങളുടെ വിവരങ്ങൾ വീഡിയോകളായും വാർത്തകളായായും പുറത്തുവരാൻ തുടങ്ങിയതുമുതൽ മോഡിയുടെ മുട്ടിടിക്കുന്നുണ്ട്. ആതിദ്യനാഥിന്റെ യുപിയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരതകൾ ബോധപൂർവം മറച്ചുവച്ചാണ് മണിപ്പൂർ വീഡിയോയുടെ കാര്യത്തിൽ മോഡി വാ തുറന്നത്. ‘മണിപ്പൂരിൽ നിന്നുള്ള സംഭവം ഏതൊരു സമൂഹത്തിനും നാണക്കേടുണ്ടാക്കുന്നതാണ്. നിയമം അതിന്റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കും. മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകാത്തതാണ്’ എന്ന് പ്രധാനമന്ത്രി സമ്മതിച്ചു. ‘രാജസ്ഥാനോ ചത്തീസ്ഗഡോ മണിപ്പൂരോ ആകട്ടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മുഖ്യമന്ത്രിമാരോടും ഞാൻ അഭ്യർത്ഥിക്കുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം’- ഇതായിരുന്നു മോഡിയുടെ പ്രസ്താവനയുടെ ബാക്കിപത്രം; തീർത്തും രാഷ്ട്രീയം. ഇത്രയും പറഞ്ഞത് പാര്‍ലിമെന്റിന് പുറത്ത്, ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ എന്നതിനെ രണ്ട് തരത്തില്‍ തന്നെ കാണണം.

’56 ഇഞ്ച് തൊലിക്കട്ടിയില്‍ നിന്നുള്ള മുതലക്കണ്ണീരി‘നെ ടെലഗ്രാഫ് പോലെ നട്ടെല്ലുള്ള ദേശീയ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. എന്നാല്‍ ആ 56 ഇഞ്ചളവ് പാര്‍ലമെന്റിനകത്ത് കാണുന്നില്ല. അവിടെ 36 ഇഞ്ചുപോലുമില്ലാതെ നരേന്ദ്രമോഡി എന്ന ഇന്ത്യന്‍ മനുഷ്യന്‍ ഭയന്നുവിറയ്ക്കുകയാണ്. ജനങ്ങളെ പുച്ഛഭാവത്തോടെ സമീപിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് പക്ഷെ, സഭാരേഖയെ ഭയമുണ്ടെന്ന് വിശ്വസിക്കാതിരിക്കാന്‍ തരമില്ല. എന്തുകൊണ്ട്, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടുവന്ന പാര്‍ലമെന്റംഗങ്ങള്‍ സഭയ്ക്കകത്ത് ആവശ്യപ്പെട്ടിട്ടും മണിപ്പൂര്‍ വിഷയത്തില്‍ പ്രസ്താവന നടത്താന്‍ മോഡി ഭയക്കുന്നു? പാര്‍ലമെന്റില്‍ മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം എന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി ഡെറിക് ഒബ്രിയാന്റെ വാക്കുകള്‍ പോലും സഭാ രേഖയില്‍ നിന്ന് പ്രിസൈഡിങ് ഓഫീസറുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തി നീക്കം ചെയ്തു. അത്രത്തോളം ഭീരുവായി ലോകത്തെമ്പാടും തന്റെ ധീരതയെ പാടിനടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി മാറിക്കഴിഞ്ഞു.

പ്രതിപക്ഷ വെല്ലുവിളിയെ ഭയക്കുന്നു

മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കേണ്ടത് പാര്‍ലമെന്റിനകത്ത് തന്നെയാണ് എന്ന മുതിര്‍ന്ന നേതാവും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന പ്രസക്തമാണ്. ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും തന്റേതായ രീതിയില്‍ ശക്തമായി തന്നെ പറഞ്ഞു. അതുപക്ഷെ പാര്‍ലമെന്റില്‍ ആണ് പറയേണ്ടത്. പറ‌ഞ്ഞാല്‍ മാത്രം പോര, അതേക്കുറിച്ച് പ്രതിപക്ഷത്തിന് പറയാനുള്ളത് മുഴുവനും പ്രധാനമന്ത്രി കേള്‍ക്കുകയും വേണം. ഫറൂഖ് അബ്ദുള്ള നയം വ്യക്തമാക്കി. ഫറൂഖിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍, പ്രതിപക്ഷം ലക്ഷ്യമിടുന്നത് മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതിലല്ല. മറിച്ച് ഈ രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ പങ്കുവയ്ക്കലാണ്.

‘ഇന്ത്യ’ ഇതാദ്യമായി

പ്രതിപക്ഷം രൂപപ്പെടുത്തിയ ‘ഇന്ത്യ’ എന്ന സഖ്യശക്തി ഇന്നലെ ഇതാദ്യമായി മോഡിയുടെ നിലപാടിനെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. പാര്‍ലമെന്റിനകത്ത് പ്രതിപക്ഷാംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു പുറത്തെ സമരവും. പ്രതിപക്ഷവുമായി മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ഔദ്യോഗികമായി പ്രതിപക്ഷം അറിഞ്ഞിട്ടില്ല. ചര്‍ച്ചയ്ക്ക് ക്ഷണിച്ചാലും ഇല്ലെങ്കിലും അതിനുമുമ്പ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. അത് ജനാധിപത്യ ചുമതല എന്ന നിലപാടിലൂന്നിയാണ്. അതേസമയം സഭാ നടപടിയെ ‘തടസപ്പെടുത്തലും ശല്യപ്പെടുത്തലും’ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള ആയുധമായി കണക്കാക്കുന്നു എന്നാണ് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ജഗ്ദീപ് ധൻകർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘മോഡി ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നതാണ് ജനാധിപത്യത്തിന് അപകടം’ എന്നായിരുന്നു രാജ്യസഭാധ്യക്ഷനോടുള്ള കപിൽ സിബലിന്റെ മറുപടി. മോഡി പ്രസ്താവന നടത്താതിരിക്കുകയും ചോദ്യത്തിനുള്ള മറുപടി നൽകാതിരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ ക്ഷേത്രത്തിൽ അസ്വസ്ഥതതകൾ ഉണ്ടാകുന്നതെന്ന് കപില്‍ സിബല്‍ തിരിച്ചടിക്കുകയും ചെയ്തു.

പ്രതിഷേധത്തെ നേരിടാന്‍ സസ്പെന്‍ഷന്‍

സഭയില്‍ പ്രതിഷേധവും മുദ്രാവാക്യം മുഴക്കലും സ്വാഭാവികമാണ്. ഇവിടെ പ്രതിഷേധത്തെ ബിജെപിയും പ്രധാനമന്ത്രിയും മാത്രമല്ല, സഭാനാഥന്മാരും രാഷ്ട്രീയമായി ഭയക്കുന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധസ്വരം മുഴക്കിയ ആംആദ്മി എംപിയായ സഞ്ജയ് സിങ്ങിനെ രാജ്യസഭാ ചെയര്‍മാന്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണം എന്നുതന്നെയായിരുന്നു സിങ്ങിന്റെയും ആവശ്യം.

പ്രധാനമന്ത്രി സഭയിൽ വന്ന് മണിപ്പൂരിനെ കുറിച്ച് സംസാരിക്കണമെന്നും ചർച്ചയ്ക്ക് മേൽ നോട്ടം വഹിക്കണമെന്നും പ്രതിപക്ഷ എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ രാജ്യസഭാ ചെയർമാനായ ജഗ്ദീപ് ധൻകർ ചോദ്യോത്തര വേള തുടര്‍ന്നു. ജലമന്ത്രി ഗജേന്ദ്ര ശെഖാവത്ത് തന്റെ വകുപ്പിനെ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മുദ്രാവാക്യം വിളിച്ച് സിങ് നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. പ്രതിപക്ഷ എംപിമാർ ചർച്ച ആവശ്യപ്പെട്ടപ്പോൾ ചോദ്യോത്തര വേള അനുവദിച്ചതിനെതിരെയാണ് സിങ് പ്രതിഷേധിച്ചത്. ധൻകർ ആദ്യം സിങ്ങിനെ താക്കീത് ചെയ്തു. സിങ് ചെയ്യുന്നത് രാജ്യസഭയുടെ അച്ചടക്കത്തിന്റെയും പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്ന് പറഞ്ഞ മന്ത്രി പിയൂഷ് ഗോയൽ, ശക്തമായ നടപടിയെടുക്കണമെന്ന് ധൻകറിനോട് ആവശ്യപ്പെട്ടു. സഞ്ജയ് സിങ്ങിനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയവും അവതരിപ്പിച്ചു. ശബ്ദ വോട്ടിനിട്ട് അംഗീകരിക്കുകയും ചെയ്തു. സിങ്ങിനെ സസ്പെൻഡ് ചെയ്തതായി ചെയർമാൻ അറിയിക്കുകയും ചെയ്തു.

ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെ മണിപ്പൂര്‍ ഭീതിയില്‍

ഉപരാഷ്ട്രപതി മുതല്‍ എംപിമാര്‍ വരെയുള്ള ബിജെപിക്കാര്‍ മണിപ്പൂര്‍ വിഷയത്തിലുള്ള എതിര്‍പ്പുകളെ രാഷ്ട്രീയമായി കാണുന്നു എന്നുവേണം വിലയിരുത്താന്‍. മണിപ്പൂരില്‍ നിന്ന് രാജ്യത്തെയാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ തുടരെത്തുടരെ പുറത്തുവരുമ്പോഴും രാജസ്ഥാനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നാരോപിച്ചുള്ള ബിജെപി എംപിമാരുടെ പ്രതിഷേധം അതിനുദാഹരണമാണ്. മണിപ്പൂരിനെ നേരിടാന്‍ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസ്താവനയ്ക്ക് സമാനമാണ് ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ ബിജെപി സമരവും.

കലാപത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് ബിജെപി എംഎല്‍എയും

എന്നാല്‍ മണിപ്പൂരിന്റെ കാര്യത്തില്‍ മറിച്ചും അഭിപ്രായമുള്ള ബിജെപി നേതാക്കളും ഉണ്ട്. കലാപത്തിൽ സംസ്ഥാനം ഒത്തുകളിച്ചെന്നാണ് ബിജെപി എംഎൽഎ പൗലിയൻലാൽ ഹയോകിപ് വെളിപ്പെടുത്തുന്നത്. വംശീയ‑വർഗീയ കലാപമായി തുടങ്ങിയ ആക്രമണത്തെ പിന്നീട് നാർക്കോ ഭീകരർക്കെതിരായി മുഖ്യമന്ത്രി ചിത്രീകരിച്ചത് ഒത്തുകളിയുടെ തെളിവാണെന്ന് ഇന്ത്യ ടുഡേയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്.

കുക്കികളുള്ള ജില്ലകൾക്ക് പ്രത്യേക ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ബിരേൻ സിങ്ങിന് കത്തയച്ച പത്ത് എംഎൽഎമാരിൽ ഒരാളാണ് പൗലിയൻലാൽ ഹയോകിപ്. കുക്കികൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട മെയ്തി ലിപൂൺ, അരംമ്പയ് തെങ്കോൽ എന്നീ ഗ്രൂപ്പുകളുമായി മുഖ്യമന്ത്രി ബിരേൺ സിങ് ഒത്തുകളിക്കുകയാണ്. പക്ഷപാതപരമായ ഒരു സർക്കാരിന് സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സാധിക്കില്ല. മുഖ്യമന്ത്രി ബിരേൻ സിങ്ങിന് കീഴിൽ അത്തരത്തിൽ പക്ഷപാതപരമായ ഒരു സർക്കാരാണ് ഉള്ളത്, എംഎല്‍എ പറയുന്നു. ആക്രമണം നടത്തുന്നത് മെയ്തി സമുദായക്കാർ ആണെന്നും ബിരേന്‍ സർക്കാർ ഇവരെ പിന്തുണക്കുകയാണെന്നും നേരത്തെ പത്ത് ബിജെപി എംഎൽഎമാർ പറഞ്ഞിരുന്നു. കുക്കികൾക്ക് പ്രത്യേക ഭരണകൂടം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളുകയും ചെയ്തതോടെ എംഎല്‍എമാരുടെ ആരോപണം ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇംഫാൽ താഴ്‌വരയ്ക്കു ചുറ്റുമുള്ള കുക്കികളുടെ വീടുകളെല്ലാം ആക്രമിക്കാൻ മെയ്തി വിഭാഗക്കാരെ സഹായിക്കുന്നതിന് വേണ്ടിയാണ് നർക്കോ ഭീകരർ എന്ന ചിത്രീകരണം കലാപത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത് പൗലിയൻലാൽ ഹയോകിപ് പറയുന്നു.

Eng­lish Sam­mury: Prime Min­is­ter Naren­dra Modi should speak in Parliament

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.