23 December 2024, Monday
KSFE Galaxy Chits Banner 2

പൂരപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത: തൃശൂര്‍ പൂരം കാണാം ഇനിമുതല്‍ എല്ലാ ശനിയാഴ്ചകളിലും

Janayugom Webdesk
തൃശൂര്‍
July 26, 2023 8:58 am

തെക്കേ ഗോപുരനടയില്‍ തൃശൂര്‍ പൂരത്തിന്റെ പ്രതിവാര ത്രീഡി ലേസര്‍ ഷോ പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ എല്ലാ ശനിയാഴ്ചകളിലും ഷോ നടത്താനാണ് തീരുമാനം. സില്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 10 എച്ച്ഡി പ്രൊജക്ടറുടെ സഹായത്തോടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉള്‍പ്പെടെകൊടിയേറ്റം മുതല്‍ ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും അതിമനോഹരമായി ലേസര്‍ഷോയിലൂടെ പുനര്‍ജനിക്കും. പൂരത്തിന്റെയും വടക്കുംനാഥന്‍ ക്ഷേത്രത്തിന്റെയും ചരിത്രവും ഷോയില്‍ ഉള്‍പ്പെടുത്തും.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയില്‍ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ലേസര്‍ ഷോ തയ്യാറാക്കുക. മൂന്നര കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിക്ക് ടൂറിസം വകുപ്പാണ് ഫണ്ട് ലഭ്യമാക്കുക. 20 മിനുട്ടിലേറെ നീണ്ടു നില്‍ക്കുന്ന ലേസര്‍ ഷോയില്‍ പൂരത്തിന്റെ ആഘോഷവും താളവും മേളവുമെല്ലാം പുനരാവിഷ്‌കരിക്കപ്പെടും.

പൂരവുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കും ലേസര്‍ ഷോ. ലേസര്‍ഷോയ്ക്കായി ഏതെങ്കിലും രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ സ്ഥിരം സംവിധാനങ്ങളോ ആവശ്യമില്ല. ഷോ നടക്കുന്ന സമയത്ത് സജ്ജീകരിക്കാവുന്ന വിധത്തിലുള്ള സംവധാനങ്ങളാണ് ഇതിനായി തയ്യാറാക്കുക. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദേവസ്വം അധികൃതരും ക്ഷേത്ര ഭാരവാഹികളും യോഗത്തില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. നാലുമാസത്തിനകം ലേസര്‍ ഷോ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം പട്ടികജാതി പട്ടികവര്‍ഗ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദേവസ്വം, ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തയ്യാറാക്കിയ സാമ്പിള്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു.
യോഗത്തില്‍ മേയര്‍ എം കെ വര്‍ഗീസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍, അംഗങ്ങളായ എം ബി മുരളീധരന്‍, പ്രേംരാജ് ചൂണ്ടലാത്ത്, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍, സില്‍ക്ക് എം ഡി ടി ജി ഉല്ലാസ് കുമാര്‍, മറ്റു ദേവസ്വം ഭാരവാഹികള്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, സില്‍ക്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Good news for Pooram lovers: Thris­sur Pooram will be avail­able every Sat­ur­day from now on

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.