23 December 2024, Monday
KSFE Galaxy Chits Banner 2

മണിപ്പൂരിനൊപ്പം

Janayugom Webdesk
July 30, 2023 5:00 am

സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തി ആഘോഷിക്കുന്ന നെറികേടിന്റെ വീഡിയോ സമൂഹത്തിന്റെ ഉള്ളില്‍ ആഴത്തിലാണ്ട അശുദ്ധിയുടെയും വന്യമായ വംശീയ സ്വഭാവത്തിന്റെയും പ്രതിഫലനമായിരുന്നു. ഇരകളുടെ കരച്ചിൽ കേൾക്കാതെ എത്ര നേരം ഒരാള്‍ക്കൂട്ടത്തിന് കാതടച്ചിരിക്കാനായി എന്നതും പ്രധാനം. തെരുവില്‍ വലിച്ചിഴയ്ക്കപ്പെട്ടവരില്‍ ഒരുവള്‍ക്ക് നാലു വയസുള്ള ഒരു കുഞ്ഞുണ്ട്. തന്റെ മരണം കുഞ്ഞിന്റെയും മരണവഴിയെന്ന് ബോധ്യമുള്ള അവൾ തന്റെ ജീവനായി കേണുകൊണ്ടേയിരുന്നു. മണിപ്പൂരിലെ ദുരവസ്ഥയില്‍ രാജ്യം മാത്രമല്ല, ലോകം മുഴുവൻ മുഖംതാഴ്ത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ സംസ്കാരം, ഭരണഘടന, ജനാധിപത്യം… എല്ലാം ഇടര്‍ച്ചയുടെ വഴികളിലാണ്. ഇത്തരമൊരു ദുരവസ്ഥയ്ക്ക് രാജ്യം മുമ്പൊരിക്കലും സാക്ഷ്യംവഹിച്ചിട്ടില്ല. കേട്ടുകേള്‍വികളില്‍ പോലുമില്ലാത്ത ദുരിതങ്ങളിലേക്കും ആക്രമണങ്ങളിലേക്കും വനിതകളെ ബന്ദികളാക്കി ഉപയോഗിക്കുന്നു. കൂട്ടത്തോടെ വലിച്ചിഴയ്ക്കുന്നു, മാനഭംഗം ചെയ്യുന്നു. ഭയാനകവും ഹീനവുമായ ഇത്തരം സംഘർഷങ്ങളില്‍ നടപടിയെടുക്കാൻ ഭരണകൂടം മടിക്കുന്നത് കുറ്റവാളികള്‍ക്ക് വളമാകുന്നു. പ്രതികൾക്കെതിരെ രണ്ട് മാസങ്ങള്‍ മുമ്പേ എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തിട്ടും ഭരണാധികാരികള്‍ കണ്‍തുറക്കുന്നത് ലോകത്തിന്റെ മുഖം തങ്ങള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ മാത്രമാണ്. വടക്കുകിഴക്കൻ ഇന്ത്യയിൽ പ്രത്യേകിച്ചും മണിപ്പൂരില്‍ മെയ്തി, കുക്കി സമുദായങ്ങൾ തമ്മിലുള്ള കലാപം നിയന്ത്രണമില്ലാതെ തുടരുകയാണ്. അധികാരികൾ ഒന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല.

 


ഇതുകൂടി വായിക്കൂ;വിവസ്ത്രമാക്കപ്പെടുന്ന ജനാധിപത്യം; നഗ്നബലാത്സംഗങ്ങളുടെ ഇന്ത്യ


സാമൂഹികമായ പദവി, ആദിവാസി അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വിവിധ ഗോത്ര വിഭാഗങ്ങൾ നടത്തിയ ഐക്യദാർഢ്യ റാലിയോടെയാണ് അശാന്തിപര്‍വങ്ങളുടെ തുടക്കം. ഇത് വിവിധ വിഭാഗങ്ങള്‍ക്കിടെ പ്രത്യേകിച്ച് മെയ്തികളും കുക്കികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബിജെപി ഭരണകൂടങ്ങള്‍ മണിപ്പൂരിലെ ജനങ്ങളെ ഒന്നാകെ പരാജയപ്പെടുത്തിയിരിക്കുന്നു. കാലാകാലങ്ങളായി ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളോട് ഭരണകൂടം പുലര്‍ത്തിയ ഉദാസീനതയും ഭൂമിയുമായി ബന്ധപ്പെട്ട സങ്കീർണതകളും അശാന്തിയില്‍ എണ്ണ പകര്‍ന്നു. വിവിധ സമുദായങ്ങൾക്കിടെ നിലനില്‍ക്കുന്ന സാമൂഹികവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍, വനഭൂമിയുടെ ദുരുപയോഗം, തൊഴിലില്ലായ്മ എന്നീ അടിസ്ഥാന വിഷയങ്ങള്‍ ഭരണകൂടത്തിന് ഗൗരവമേയല്ല. എല്ലാ വംശീയ വിഭാഗങ്ങൾക്കും തുല്യ വിദ്യാഭ്യാസം, കഞ്ചാവ് കൃഷിയുടെ വ്യാപനം, തീവ്രവാദത്തിന്റെ വളര്‍ച്ച, അവരുടെ നിയന്ത്രണത്തിലമരുന്ന താഴ്‌വരയിലും കുന്നിന്‍മുകളിലുമുള്ള ഭൂപ്രദേശങ്ങള്‍, മ്യാൻമറിൽ നിന്നുള്ള അനിയന്ത്രിതമായ നുഴഞ്ഞുകയറ്റം തുടങ്ങി അടിയന്തരമായി ഭരണകൂടം ഇടപെടേണ്ട വിഷയങ്ങള്‍ ഏറെയാണ്. ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസിന്റെ തന്ത്രങ്ങളും അതിനായുള്ള തുടർച്ചയായതും സംഘടിതവുമായ പ്രചാരണവും കലാപത്തിലേക്കും സംഘർഷത്തിലേക്കും അത് ആളിപ്പടരുന്നതിലേക്കും കാരണമായി. അസം മുഖ്യമന്ത്രിയുടെ പങ്കും കലാപകാരികളെ തുണച്ചു.  മണിപ്പൂരിലെ ബിജെപി സർക്കാരിന്റെ സമ്പൂർണ പരാജയമാണ് ദാരുണമായ അവസ്ഥയ്ക്കു കാരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് വംശീയ കലാപങ്ങളുടെയും ചരിത്രമുണ്ട്. മെയ്തി, കുക്കി വിഭാഗങ്ങൾക്കിടയിൽ മുമ്പ് നിരവധി തവണ അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ;‘സേവ് മണിപ്പൂർ’ ജനകീയ കൂട്ടായ്മ


 

കുക്കികളെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ തന്ത്രങ്ങളൊരുക്കുകയാണെന്നും ആക്ഷേപമുണ്ട്. കുക്കികൾ കൂടുതലായി അധിവസിക്കുന്ന കുന്നുകളിൽ മെയ്തികൾക്കും ഭൂമി വാങ്ങാനുള്ള അവകാശം നൽകിയ മാർച്ചിലെ കോടതി വിധിയാണ് അക്രമത്തിന് വഴിയൊരുക്കിയത്. ഇത് പ്രതിഷേധത്തിന് കാരണമായി. കുക്കി വിദ്യാർത്ഥി ഗ്രൂപ്പുകൾ രംഗത്തിറങ്ങി. അത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് വളരുകയായിരുന്നു. സംസ്ഥാനം അതിവേഗം വംശീയമായി വിഭജിക്കപ്പെട്ടു. താഴ്‌വരയിലെ മെയ്തികളും മലമുകളിലെ കുക്കികളും അവരവരുടെ പ്രദേശം സ്വയം പ്രതിരോധിച്ചു. എതിർ ഗോത്രത്തിന്റെ പ്രദേശത്ത് പ്രവേശിച്ചാല്‍ മരണമായി ഫലം. മുഖ്യമന്ത്രി രാജിവച്ചൊഴിയുകയാണ് വേണ്ടത്. എല്ലാ തീവ്രവാദ ഗ്രൂപ്പുകളെയും വ്യക്തികളെയും നിരായുധരാക്കുകയും നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശംവച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും വേണം. റിസർവ് വനമേഖലകളിലെ കഞ്ചാവ് കൃഷി ഇല്ലാതാക്കണം. ഭൂമിയുടെ സ്വഭാവം മാറ്റിമറിക്കുന്ന, പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുന്ന ഖനനത്തിനും മറ്റ് വാണിജ്യ പ്രവർത്തനങ്ങൾക്കുമായി അഡാനി ഗ്രൂപ്പിന് ഭൂമി നൽകാനുള്ള തീരുമാനം അവസാനിപ്പിക്കണം. കലാപത്തിന് ഇരയായ ആളുകളെ പുനരധിവസിപ്പിക്കുകയും നഷ്ടപരിഹാരം നൽകുകയും വേണം. സഞ്ചാര സ്വാതന്ത്ര്യവും ചരക്കുനീക്കവും ഉറപ്പാക്കി എല്ലാ ദേശീയപാതകളും തുറക്കണം. എൻഎഫ്ഐഡബ്ല്യു നേതാക്കളുടെ മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണം. മണിപ്പൂരിന്റെ അഖണ്ഡതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും വേണ്ടിയുള്ള നിലപാട് സിപിഐ ആവർത്തിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയെ മറികടന്ന് വൈവിധ്യങ്ങളുടെ സംസ്കാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ല. മണിപ്പൂർ ദിനാചരണം പാര്‍ട്ടിക്ക് ഒരു നാളില്‍ അവസാനിക്കുന്ന കേവലം ചടങ്ങല്ല. മണിപ്പൂര്‍ ജനതയുടെ അവകാശ പൂര്‍ണതയ്ക്കായുള്ള പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിലകൊള്ളുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.