22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 25, 2024
February 8, 2024
November 10, 2023
August 2, 2023
July 29, 2023
May 16, 2023
April 12, 2023
April 6, 2023
February 3, 2023
January 7, 2023

ആങ് സാന്‍ സൂചിയെ അഞ്ച് കുറ്റങ്ങളില്‍ നിന്ന് മുക്തയാക്കി

Janayugom Webdesk
ന‍യ‍്പിഡാവ്
August 2, 2023 9:21 am

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പ് നല്‍കി മ്യാന്‍മര്‍ ഭരണകൂടം. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തി­ല്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. ബുദ്ധമത വിശ്വാസത്തില്‍ പ്രധാനപ്പെട്ട നോമ്പ് കാലത്തിന്റെ ഭാഗമായി 7,000 കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നുവെന്നാണ് പട്ടാളഭരണകൂടം അറിയിച്ചിട്ടുള്ളത്. ഇതില്‍ സൂചിയും അവരുടെ കൂട്ടാളിയും മുന്‍ പ്രസിഡന്റുമായ വിന്‍ മിന്റും ഉള്‍പ്പെടും. എന്തുകൊണ്ടാണ് സൂചിക്ക് മാപ്പുനല്‍കാന്‍ ഭരണകൂടം തയ്യാറായത് എന്നത് സംബന്ധിച്ചോ അവര്‍ ഇനി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളിലോ വ്യക്തതയില്ല.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചി സര്‍ക്കാരിനെ 2021ലാണ് പട്ടാളം അട്ടിമറിക്കുന്നത്. പിന്നാലെ സൂചിക്ക് മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി. 78കാരിയായ സൂചിക്ക് മേല്‍ 19 കേസുകളാണ് പട്ടാളഭരണകൂടം ചുമത്തിയിരുന്നത്. അഴിമതിയടക്കം ചുമത്തപ്പെട്ട നിരവധി കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എല്ലാ കേസുകളിലുമായി ആകെ 33 വര്‍ഷം തടവുശിക്ഷയാണ് സൂചി നേരിടുന്നത്. ഇപ്പോള്‍ അഞ്ച് കുറ്റങ്ങളില്‍ നിന്ന് പട്ടാളഭരണകൂടം മുക്തയാക്കിയതോടെ ശിക്ഷാ കാലാവധി കുറയും. ജയിലിലായിരുന്ന സൂചിയെ കഴിഞ്ഞ ദിവസം വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുനല്‍കല്‍. അതേസമയം വോട്ടെടുപ്പ് വൈകുന്നതിന്റെ സൂചന നൽകി മ്യാന്‍മറില്‍ നാലാംതവണയും അടിയന്തരാവസ്ഥ നീട്ടി. ആറ് മാസത്തേക്ക് കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയത്.

Eng­lish Sum­ma­ry; Aung San Suu Kyi was acquit­ted of five charges

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.